Sorry, you need to enable JavaScript to visit this website.

റേഷന്‍ വിഹിതം വിറ്റ് മക്കള്‍ക്ക് ഉടുപ്പുവാങ്ങി; റോഹിംഗ്യ പെരുന്നാള്‍ ഇങ്ങനെ 

കോക്‌സസ് ബസാര്‍- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്്‌ലിംകള്‍ ആഹ്ലാദ നിറവില്‍ പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ബംഗ്ലാദേശ് ക്യാമ്പുകളില്‍ ദുരിതം തിന്നു കഴിയുന്ന റോഹിംഗ്യ അഭയാര്‍ഥികള്‍ മാന്യമായ പുനരിധിവാസത്തിനും നീതിക്കും വേണ്ടി സമാധാന മാര്‍ച്ച് നടത്തി.
മ്യാന്മര്‍ പട്ടാളം ആട്ടിയോടിച്ച മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ ബംഗ്ലാദേശ് ക്യാമ്പുകളിലെ ആദ്യ ഈദുല്‍ഫിതറാണിത്.  കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അയല്‍രാജ്യമായ മ്യാന്മറില്‍ സൈനികരുടെ അതിക്രമങ്ങളെ തുടര്‍ന്ന് പതിനായിരങ്ങള്‍ പലായനം ചെയ്തത്. കൊള്ളയും കൊള്ളിവെയ്പും ബലാത്സംഗവും നടത്തിയാണ് മ്യാന്മര്‍ പട്ടാളക്കര്‍ റോഹിംഗ്യ ന്യൂനപക്ഷത്തെ തുരത്തിയത്.


അല്ലാഹുവിനു സ്തുതി. ഇത്തവണ ഈദിന് ആരും തടയാതെ തങ്ങള്‍ക്ക് പള്ളയില്‍ പോകാനെങ്കിലുമായി- കോക്‌സസ് ബസാര്‍ ജില്ലയിലെ കുതുപലോങ് ക്യമ്പിലിരുന്ന റഹിമുദ്ദീന്‍ എന്ന 35 കാരന്‍ എ.എഫ്.പിയോട് പറഞ്ഞു. 
ബംഗ്ലാദേശില്‍ ഇന്നാണ് പെരുന്നാളാഘോഷിച്ചത്. ക്യാമ്പുകളിലെ പള്ളികളില്‍ നിറഞ്ഞ റോഹിംഗ്യകള്‍ പരസ്പരം ആശ്ലേഷിച്ച് ഈദാശംസകള്‍ നേര്‍ന്നു. കാലവര്‍ഷം ശക്തിപ്പെട്ടിരിക്കെ പ്രളയവും മണ്ണിടിച്ചിലും കൂടുതല്‍ ദുരിതം വിതക്കരുതേ എന്ന പ്രാര്‍ഥനയോടെ ആയിരുന്നു അവരുടെ ഈദാഘോഷം. പുതുവസ്ത്രങ്ങളിഞ്ഞ കുട്ടികള്‍ ലഭ്യമായ അല്‍പവിനോദങ്ങളിലേര്‍പ്പെട്ടപ്പോള്‍ നൂറുകണക്കിന് അഭയാര്‍ഥികള്‍ ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം സംഘടിപ്പിച്ചു. റോഹിംഗ്യ പൗരത്വം അനുവദിക്കുക, മ്യാന്മറില്‍ മാന്യതയോടെ പുനരധിവസിപ്പിക്കുക, യു.എന്‍ സുരക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയുമായിരുന്നു പ്രകടനം. 
പുനരധിവാസ പ്രക്രിയക്കുള്ള കരാറില്‍ റോഹിംഗ്യ പ്രാതിനിധ്യം അനുവദിക്കണമെന്നാണ് യു.എന്നിനോടുള്ള ആവശ്യമെന്ന് റോഹിംഗ്യ നേതാവ് മുഹമ്മദ് മുഹിബുല്ല വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് യു.എന്‍ അധികൃതരുടെ പ്രതികരണം അറിവായിട്ടില്ല. 
യു.എന്നും യു.എസ് അടക്കമുള്ള രാജ്യങ്ങളും വംശീയ ഉന്മൂലനമെന്ന് വിലയിരുത്തിയ മ്യാന്മറിലെ റോഹിംഗ്യ വേട്ടക്കുശേഷം ഏഴ് ലക്ഷം അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെത്തിയത്. ബുദ്ധിസ്റ്റ് മ്യാന്മറില്‍നിന്ന് നേരത്തെ പലായനം ചെയ്ത റോഹിംഗ്യകളും ബംഗ്ലാദേശിലുണ്ട്. 
റേഷന്‍ വിഹിതമായി കിട്ടിയ ധാന്യങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വിറ്റാണ് മക്കള്‍ക്ക് പുതിയ ഉടുപ്പുകള്‍ വാങ്ങിയതെന്ന് അഭയാര്‍ഥികളിലൊരാളായ മാനു മിയ പറഞ്ഞപ്പോള്‍ കണ്ണീരായിരുന്നു അകമ്പടി. കുട്ടികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം പലരും പരമ്പരാഗത വിഭവങ്ങളുണ്ടാക്കിയത്. മകനും നാല് പേരക്കിടാങ്ങള്‍ക്കും വേണ്ടി 80 കാരനായ ഗുല്‍ മെഹര്‍ സേമിയ ഉണ്ടാക്കി. സന്തോഷം തന്നെ, പേരക്കുട്ടികള്‍ക്കുവേണ്ടി ഇത്തിരിയെങ്കിലും സേമിയ ഉണ്ടാക്കനായല്ലോ- അവര്‍ പറഞ്ഞു.

Latest News