Sorry, you need to enable JavaScript to visit this website.

മീഡിയ വൺ നിരോധനം റദ്ദാക്കിയത് ജനാധിപത്യ വിജയം -പ്രവാസി വെൽഫെയർ

ജിദ്ദ - മീഡിയ വൺ നിരോധനം റദ്ദ് ചെയ്ത സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സുപ്രധാന വിധിയാണിത്.
മുദ്രവെച്ച കവർ ഉയർത്തിക്കാണിച്ചും രാജ്യസുരക്ഷ എന്ന ഭീഷണി മുഴക്കിയും പൗരന്റെ അറിയാനുള്ള അവകാശത്തെ കൂച്ചു വിലങ്ങിടാനും, മാധ്യമ സ്വാതന്ത്ര്യം കശാപ്പു ചെയ്യാനുമുള്ള ഭരണകൂടത്തിന്റെ ശ്രമത്തെയാണ് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ ഇല്ലാതാക്കിയതെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേസിന്റെ തുടക്കം മുതൽ കേന്ദ്ര സർക്കാർ തുടർന്ന് വന്ന സീൽഡ് കവർ രാജിനെ സുപ്രീം കോടതി നിശിതമായാണ് വിമർശിച്ചത്. 
സി.എ.എക്കും എൻ.ആർ.സിക്കും എതിരായ ചാനലിന്റെ റിപ്പോർട്ടുകൾ, സർക്കാരിനെതിരായ വിമർശനങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി മീഡിയ വണിനെ വിലക്കാൻ ന്യായവാദങ്ങൾ ചമഞ്ഞ കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്നെതിരെയുള്ള കോടതി വിധിയിലെ പരാമർശവും, ദേശസുരക്ഷയുടെ പേരിൽ എന്തിനെയും നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കങ്ങൾക്കെതിരെയുള്ള പരാമർശങ്ങളും ജനാധിപത്യ വിശ്വാസികൾക്കു സന്തോഷവും പോരാട്ട വീര്യവും പകരുന്നതാണ്. ജനാധിപത്യത്തെ ഇല്ലാതാക്കി രാജ്യത്തെ ചൊൽപ്പടിക്ക് നിർത്താനുള്ള സംഘ്പരിവാർ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് കോടതിവിധി എന്നും പ്രവാസി വെൽഫെയർ അഭിപ്രായപ്പെട്ടു.
നയങ്ങളിലും നിലപാടുകളിലും വെള്ളം ചേർക്കാതെ ധീരമായി നിയമ പോരാട്ടം നടത്തിയ മീഡിയ വൺ മാനേജ്മെന്റിനും മാധ്യമ പ്രവർത്തകർക്കും പത്ര പ്രവർത്തക യൂനിയനും, പിന്തുണയുമായി പിന്നിൽ നിന്ന എല്ലാ ജനാധിപത്യ വിശ്വാസികൾക്കും പ്രവാസി വെൽഫെയർ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

Latest News