കേരള പോലീസ് ജനങ്ങളുടെ പേടിസ്വപ്‌നം

പോലീസിനെതിരായ പരാതികൾ വർധിക്കുന്നതായി പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സർക്കാരിനു മുന്നിൽ നിരന്തരമായി ചൂണ്ടിക്കാണിക്കാറുണ്ട്. അപ്പോഴെല്ലാം ലോക്കപ്പ് മർദനവും പീഡനവും സർക്കാരിന്റെയോ പാർട്ടിയുടെയോ പോലീസ് നയമല്ല എന്ന പതിവു പല്ലവിയും കേൾക്കാം. ജനങ്ങളെ തല്ലലാണ് തങ്ങളുടെ പോലീസ് നയമെന്ന് ഏതെങ്കിലും സർക്കാർ പ്രഖ്യാപിക്കുമോ? പോലീസിന്റെ പ്രവൃത്തികളും അതിനോട് സർക്കാരെടുക്കുന്ന നിലപാടുമാണ് നയം വ്യക്തമാക്കുന്നത്.

 

ഒറ്റപ്പെട്ട സംഭവം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന പോലീസ് അതിക്രമങ്ങൾ സംസ്ഥാനത്ത് നിരന്തരമായി ആവർത്തിക്കുകയാണ്. എന്തു കുറ്റകൃത്യം ചെയ്താലും സംരക്ഷണം കിട്ടുമെന്ന ധൈര്യമാണ് അതിനു പിറകിലെന്നത് പകൽ പോലെ വ്യക്തമാണ്. ഒന്നാം പിണറായി സർക്കാരിലെന്ന പോലെ രണ്ടാം പിണറായി സർക്കാരിലും ഏറ്റവും മോശം വകുപ്പായി മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തരം മാറിയിരിക്കുന്നു. വകുപ്പിന് മുഴുവൻസമയ മന്ത്രിയെ നിയമക്കുക എന്ന ആവശ്യം പോലും അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. മുപ്പതോളം വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. പോലീസ് ഭരണകൂടത്തിന്റെ മർദനോപകരണമാണെന്ന മാർക്‌സിസ്റ്റ് നിലപാട് അന്വർത്ഥമാകുകയാണ് സംസ്ഥാനത്ത് എന്നതാണ് യാഥാർത്ഥ്യം. 

ഒരു ജനാധിപത്യ സംവിധാനത്തിൽ നിലനിൽക്കുന്ന സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയുമൊക്കെ വെല്ലുവിളിക്കുകയാണ് കേരളത്തിൽ പോലീസ് ചെയ്യുന്നതെന്നതാണ് വസ്തുത. സിനിമകളിലെ മമ്മൂട്ടി - സുരേഷ് ഗോപിമാരൊക്കെ അഭിനയിക്കുന്ന പോലീസ് വേഷങ്ങളാണ് നമ്മുടെ പല ഉദ്യോഗസ്ഥരും പിന്തുടരുന്നതെന്നു തോന്നുന്നു. ആ ദിശയിലുള്ള സംഭവം തന്നെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്. കാക്കനാട് സ്വദേശി റിനീഷിനാണ് പോലീസിന്റെ ക്രൂരമായ മർദനമേറ്റത്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മർദിച്ചെന്നാണ് പരാതി. അടിയിൽ ലാത്തി പൊട്ടിയെന്നു റിനീഷ് പറയുന്നു. ഇത്രമാത്രം ക്രൂരമായ രീതിയിൽ മർദിക്കാനുള്ള കാരണമോ? നോർത്ത് പാലത്തിനടിയിൽ പകൽ 12.45 ഓടെ കുറച്ചുനേരം ഇരുന്നത്.  റിനീഷ് മാൻപവർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഹോട്ടലുകളിലേക്ക് ജോലിക്കാരെ തപ്പി കുറെനേരം നടന്നിട്ട് ക്ഷീണിച്ചപ്പോൾ അൽപനേരം തണലത്തിരുന്നതാണ് പോലീസിനെ ചൊടിപ്പിച്ചത്. കാക്കനാട്ട് വീടുള്ളവൻ എറണാകുളം നോർത്ത് പാലത്തിന്റെ കീഴിലിരിക്കേണ്ട കാര്യമില്ലത്രേ. തുടർന്ന് മുഖത്തടിക്കുകയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ റിനീഷിന് തലകറക്കമനുഭവപ്പെടുകയും തുടർന്ന് ആശുപ്രത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

തുടക്കത്തിൽ പറഞ്ഞപോലെ ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും ദിവസം മുമ്പാണ്  തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരൻ (53) കുഴഞ്ഞ് വീണ് മരിച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കേയാണ് മനോഹരൻ കുഴഞ്ഞുവീണതും പിന്നീട് മരിച്ചതും. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പോലീസ് കൈ കാണിച്ചിട്ടും നിർത്താതിരുന്നതാണ് മനോഹരന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്. മദ്യപിക്കുകയോ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ചെയ്യാത്ത താൻ ഭയം കൊണ്ടാണ് നിർത്താതെ പോയതെന്ന് പിന്നീട് മനോഹരൻ പോലീസിനോട് പറഞ്ഞു. എന്നാൽ  എസ്.ഐ പതിവുപോലെ മുഖത്തടിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.  മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം. 

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനെയും സഹോദരനെയും കൊല്ലം കിളിക്കൊല്ലൂർ സ്റ്റേഷനിലെ പോലീസുകാർ അതിക്രൂരമായി മർദിച്ച് അധിക ദിവസമായില്ല. ഇവർ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന പോലീസിന്റെ പ്രചാരണം കള്ളമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ലാത്തി ഒടിയുന്നതുവരെ പോലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവർ  വെളിപ്പെടുത്തിയത്. അതിനു ദിവസങ്ങൾക്കു മുമ്പാണ് കോതമംഗലത്ത് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയാനെത്തിയ യുവാവിന് എസ്.ഐയുടെ ക്രൂരമർദനമേറ്റത്. 

ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന പോലീസ് അതിക്രമങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെ മനുഷ്യാവകാശ പ്രവർത്തകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ശ്രീജിത്, വിനായകൻ തുടങ്ങിയവരുടെ മരണങ്ങൾ ഏറെ കോലാഹലമുണ്ടാക്കിയിട്ടും ഒറ്റപ്പെട്ട സംഭവങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.  അര നൂറ്റാണ്ടിനു ശേഷം നിരവധി വ്യാജ ഏറ്റുമുട്ടൽ കൊലകളും സംസ്ഥാനത്തു നടന്നു. വൻതോതിൽ കേന്ദ്ര ഫണ്ട് ലഭിക്കാനായിട്ടായിരുന്നു എട്ടോളം വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടത്തിയതെന്നതും പകൽ പോലെ വ്യക്തം. പല ജനകീയ സമരങ്ങൾക്കെതിരേയും പോലീസ് അതിക്രമങ്ങളുണ്ടായി. ഒരുപക്ഷേ വി.എസ് സർക്കാരിന്റെ കാലത്തും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും താരതമ്യേന വളരെ കുറച്ച് പോലീസ് അതിക്രമങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അക്കാലത്ത് ആഭ്യന്തരത്തിന് മുഴുവൻ സമയ മന്ത്രിമാരുണ്ടായിരുന്നു എന്നതും പ്രസക്തമാണ്. എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇക്കാര്യത്തിൽ വൻ വർധനയാണുണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മറുവശത്ത് മാമ്പഴ മോഷണവും സ്വർണാഭരണ മോഷണവും നടത്തുന്ന പോലീസിനെയും കേരളം കണ്ടു.  അതിനിടയിലാണ് യുവമന്ത്രിയും സൈദ്ധാന്തികനുമായ പി. രാജീവ്, കേരള പോലീസ് ലോകോത്തരമാണെന്ന വാദവുമായി രംഗത്തു വന്നത്. അടിയന്തരാവസ്ഥ കാലത്തേറ്റ ക്രൂരമായ മർദനം രാഷ്ട്രീയ മൂലധനമാക്കിയ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഭരിക്കുമ്പോഴാണ് അതിക്രൂരമായ പോലീസ് മർദന വാർത്തകൾ പുറത്തു വരുന്നത് എന്നതാണ് ഏറ്റവും വൈരുധ്യം. മുഖ്യമന്ത്രിയാകട്ടെ, പോലീസിന്റെ ആത്മവീര്യത്തിന്റെ പേരിൽ പലപ്പോഴും അതിക്രമങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു. 
ഭയം കൊണ്ടാണ് താൻ വാഹനം നിർത്താതിരുന്നതെന്ന തൃപ്പൂണുത്തുറയിൽ കുഴഞ്ഞവീണു മരിച്ച മനോഹരൻ പറഞ്ഞതാണ് ഏറെ പ്രസക്തം. ഒരു കുറ്റവും ചെയ്യാത്ത ഒരാൾ എന്തിനാണ് പോലീസിനെ ഭയക്കുന്നത്? പോലീസിന്റെ പേടിപ്പെടുത്തുന്ന ആ മുഖമാണ് മാറേണ്ടത്. 
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പോലീസിനെ ബഹുജനങ്ങളുടെ സുഹൃത്താക്കുന്നു എന്നവകാശപ്പെട്ട് പല പദ്ധതികളും ആരംഭിച്ചിരുന്നല്ലോ. ജനമൈത്രി പോലീസും സ്റ്റുഡന്റ്സ് പോലീസ് കാഡറ്റുമൊക്കെ ഉദാഹരണങ്ങൾ. പിന്നീട് ചെന്നിത്തലയുടെ കാലത്തും ഈ ധാര മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം നടന്നു. അപ്പോഴെല്ലാം പോലീസ് ജനങ്ങളുടെ സുഹൃത്താകുകയല്ല, ജനങ്ങളെ ഭയപ്പെടുത്തി നിലക്കു നിർത്തുകയാണ് വേണ്ടതെന്നായിരുന്നു സേനയിലെ തന്നെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. അവരാകട്ടെ, പിടിമുറുക്കിക്കൊണ്ടുമിരുന്നു. പോലീസിന്റെ ആത്മവീര്യമാണ് പ്രധാനമെന്നു പ്രഖ്യാപിച്ച് പിണറായി ആഭ്യന്തരമേറ്റെടുത്തതോടെ സേനയിൽ ആധിപത്യം ആ വിഭാഗത്തിനായി എന്നതാണ് വസ്തുത.  പോലീസിനെതിരായ പരാതികൾ വർധിക്കുന്നതായി പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സർക്കാരിനു മുന്നിൽ നിരന്തരമായി ചൂണ്ടിക്കാണിക്കാറുണ്ട്. അപ്പോഴെല്ലാം ലോക്കപ്പ് മർദനവും പീഡനവും സർക്കാരിന്റെയോ പാർട്ടിയുടെയോ പോലീസ് നയമല്ല എന്ന പതിവു പല്ലവിയും കേൾക്കാം. ജനങ്ങളെ തല്ലലാണ് തങ്ങളുടെ പോലീസ് നയമെന്ന് ഏതെങ്കിലും സർക്കാർ പ്രഖ്യാപിക്കുമോ? പോലീസിന്റെ പ്രവൃത്തികളും അതിനോട് സർക്കാരെടുക്കുന്ന നിലപാടുമാണ് നയം വ്യക്തമാക്കുന്നത്.

 

Latest News