മാഹി എത്ര മനോഹരം, ലയിപ്പിക്കരുതേ

കേരളത്തിലെ തലശ്ശേരി വടകര പട്ടണങ്ങൾക്കിടയിൽ സിന്ദൂര തിലകം പോലെ മാഹി. നികുതി ശേഖരണത്തിന്റെ നീരാളിപ്പിടിത്തത്തിൽ വീർപ്പുമുട്ടുന്ന മലയാളികൾക്ക് വലിയ ആശ്വാസമാണ് മയ്യഴിയുടെ സാമീപ്യം. ഭാഷാപരമായ ഐക്യത്തിന്റെ കാര്യം പറഞ്ഞ് ഈ പ്രദേശം ഒരിക്കലും കേരളത്തിൽ ലയിപ്പിക്കരുത്. ആരെങ്കിലുമൊക്കെ സമാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞോട്ടെ. 

 


അടുത്തിടെ രണ്ടു തവണ മാഹിയിലൂടെ യാത്ര ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. എല്ലാം പൊതുഗതാഗത സംവിധാനത്തിലൂടെ. കണ്ണൂർ ജില്ലയുടെ അതിർത്തിയായ മാഹിപാലത്തിൽ വന്നിറങ്ങി കേരള രജിസ്‌ട്രേഷനുള്ള ഓട്ടോ റിക്ഷയിൽ മയ്യഴി റെയിൽവേ സ്‌റ്റേഷനിലേക്ക് ആദ്യ യാത്ര. ചെറിയ ദൂരമാണെങ്കിലും കേരളത്തിലെ യാത്രാ നിരക്ക് വാങ്ങുന്ന മര്യാദക്കാരനായ ഓട്ടോ ഡ്രൈവർ അമ്പത് രൂപ വാങ്ങി. മംഗളൂരു-നാഗർകോവിൽ
ട്രെയിനിൽ മാഹി സ്‌റ്റേഷനിൽ നിന്ന് തുടർയാത്രയ്ക്ക് അത് സഹായകമാവുകയും ചെയ്തു. കഴിഞ്ഞ മാസാദ്യം വീണ്ടും മാഹിയിലെത്തി. മാഹി റെയിൽവേ സ്‌റ്റേഷനിൽ ഓട്ടോയിൽ കയറാൻ ഭാവിക്കുമ്പോഴേക്കുമതാ പുതുശ്ശേരി സർക്കാരിന്റെ ബസ് സർവീസ് വരുന്നു. മയ്യഴി റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർ ജില്ലയിലെ ചൊക്ലി വഴി പന്തക്കിലേക്കായിരുന്നു ബസ്. കേരളത്തിലിപ്പോൾ ഓർഡിനറി മിനിമം നിരക്ക് പത്ത് രൂപ. കോഴിക്കോട് നഗരത്തിൽ രണ്ടു കിലോ മീറ്ററിൽ താഴെ സഞ്ചരിക്കാൻ പതിമൂന്ന് രൂപ കൊടുക്കേണ്ടി വരും. വളരെ ശാസ്ത്രീയമായി നിർണയിച്ച ഫെയർ സ്റ്റേജ് കാരണമാണിത്. വിമാനങ്ങളിൽ മാത്രം യാത്ര ചെയ്യാറുള്ള വിപ്ലവകാരികൾക്ക് ഇത്ര സില്ലിയായുള്ള കാര്യങ്ങൾ ചിന്തിക്കാനൊക്കെ എവിടെ നേരം?  പുതുശ്ശേരിക്കാരന്റെ ബസ് മയ്യഴി സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂർ വഴിയാണ് മാഹി പാലത്തിലേക്ക് വരുന്നത്. അവരുടെ ഭരണ പ്രദേശത്തെ മുഴുവൻ പ്രജകൾക്കും ഉപകാരപ്പെടട്ടെ എന്നു കരുതിയാവും ഇങ്ങനെ റൂട്ട് നൽകിയത്. അഴിയൂരും ജില്ല അതിർത്തിയായ പൂഴിത്തലയും കടന്ന് ബസ് കേന്ദ്ര ഭരണ പ്രദേശമായ മയ്യഴി പിന്നിട്ട് കേരളത്തിന്റെ മാഹിപ്പാലത്തിലെത്തിച്ചേരുന്നു. അഞ്ചാറ്  കിലോമീറ്ററെങ്കിലും യാത്രയുണ്ട്. ചെന്നൈയിലെ പോലെ വളരെ ചുരുങ്ങിയ യാത്രാ നിരക്കാണ് ഈടാക്കുന്നത്. 
ഇതു പോലെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെല്ലാം സൗകര്യങ്ങൾ അനുഭവിക്കുന്നവരാണ് മയ്യഴി ജനത. മാഹി സർക്കാർ ആശുപത്രിയിലെ സേവനം കേരളത്തിലെ തലയെടുപ്പുള്ള സ്വകാര്യ നഴ്‌സിംഗ് ഹോമിലേതിന് തുല്യമായിരുന്നു അന്നും ഇന്നും. 


വിഖ്യാത എഴുത്തുകാരൻ എം. മുകുന്ദൻ വരച്ചു കാട്ടിയ മയ്യഴിപ്പുഴയുടെ തീരങ്ങൾ  സഹൃദയരുടെ മനസ്സിലുണ്ട്. പരേതാത്മാക്കൾ തുമ്പികളെ പോലെ പാറിപ്പറക്കുന്ന  വെള്ളിയാങ്കല്ലിനെ വർണിച്ച മുകുന്ദന്റെ രചനകൾ  മാഹിയുടെ ചരിത്ര, സാംസ്‌കാരിക പൊതൃകങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നു. ഫ്രഞ്ച് അധീനതയിൽനിന്നുള്ള  മോചനത്തിൽനിന്നാണ്  ആധുനിക മയ്യഴിയുടെ ചരിത്രം തുടങ്ങുന്നത്. 
ഐ.കെ. കുമാരനെ പോലുള്ള ലഹരി വിരുദ്ധ പോരാളിയെ പരാമർശിക്കാതെ മയ്യഴിയുടെ കഥ പൂർണമാകുതെങ്ങനെ? അറബിക്കടലിന്റെ പുരികം പോലെ മനോഹരിയാണ് മയ്യഴി. സായാഹ്നങ്ങളിൽ മയ്യഴിയിലെ പാതാറിൽ  ചെന്നിരുന്ന്  അഴിമുഖത്തേക്ക് കണ്ണും നട്ടിരുന്നാൽ സൂര്യൻ മായുന്നത് അറിയുക പോലുമില്ല. പ്രസിദ്ധമായ സ്മാരകങ്ങളുള്ള പ്രശാന്ത സുന്ദരമായ ഭൂപ്രദേശമാണ് കണ്ണൂർ-കോഴിക്കോട് ജില്ലകളോട് തോളുരുമ്മി നിൽക്കുന്ന മാഹി. 


ഇംഗ്ലീഷും ഫ്രഞ്ചും സമൃദ്ധമായി സംസാരിക്കുന്നവരാണ് ഇവിടത്തെ പഴയ തലമുറ. ഫ്രഞ്ച് പൗരത്വമുള്ളവർ വരെ മാഹിയിലുണ്ട്. ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ വിലയേറിയ വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ളവർ. വിശുദ്ധ തെരേസാ പുണ്യവതിയുടെ ചർച്ചാണ് മാഹിപ്പള്ളിയെന്നറിയപ്പെടുന്നത്. എല്ലാ വർഷവും ഒക്‌ടോബറിലാണ് മയ്യഴി പള്ളിയിലെ പെരുന്നാൾ. സമീപ പ്രദേശങ്ങളിലെ ഹിന്ദുക്കളും മുസ്‌ലിംകളും ചേർന്നാണ് ഇതൊരു മഹാസംഭവമാക്കുന്നത്. മാഹിയിൽ ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണ്. വടക്കേ മലബാറിൽ മതസൗഹാർദത്തിന്റെ ഏറ്റവും വലിയ സംഗമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ദേവാലയമാണിത്. 
തൊട്ടടുത്ത കേരളത്തിലെ പട്ടണങ്ങളായ തലശ്ശേരിക്കും വടകരക്കും മുനിസിപ്പൽ ഓഫീസുള്ളപ്പോൾ മാഹി പണ്ടൊരു കോർപറേഷനായിരുന്നു. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയുടെ ഭരണത്തലവൻ അഡ്മിസ്‌ട്രേറ്ററാണ്. മുംബൈക്ക് പോകുന്ന  ദേശീയ പാതയിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിന്റെ അതിർത്തിയായ പൂഴിത്തല മുതലാണ് പോണ്ടിച്ചേരിയുടെ മാഹി തുടങ്ങുന്നത്. മയ്യഴിപ്പുഴക്കപ്പുറം കണ്ണൂർ ജില്ലയിൽ കേരളത്തിന്റേതായ ന്യൂമാഹി പഞ്ചായത്ത് വേറെയുണ്ട്. കണ്ണൂർ ജില്ലയുടെ തെക്കെ അതിരായ മാഹി പാലം വരെയാണ് മാഹിയുടെ പരിധി. പോണ്ടിച്ചേരി മാഹിയുടെ ഭാഗമായ പള്ളൂർ, പന്തക്കൽ പ്രദേശങ്ങൾക്ക് കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളുമായും കിഴക്ക് ഭാഗത്ത് അതിരുണ്ട്. 


ഒമ്പത് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി. അര ലക്ഷത്തിൽ താഴെയാണ് ഇവിടെ ജനസംഖ്യ. മാഹിയിൽ ജനിച്ചവരോട് അസൂയയുള്ളവരാണ് പണ്ടേ കേരളത്തിൽ  ജീവിക്കുന്നവർ. ഇ.എം.എസ് മന്ത്രിസഭകളുടെ കാലത്ത് കേരളത്തിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമായിരുന്നു. ജനങ്ങൾ പ്രധാനമായും റേഷൻ കടകളെ ആശ്രയിച്ചാണ് അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവ സമാഹരിച്ചിരുന്നത്. ഒരു കുടുംബത്തിന് പ്രതിവാരം ആറ് ഔൺസ് അരി ലഭിക്കും. 
മാഹിയിലെ കുട്ടികൾക്ക് കോളേജ് അഡ്മിഷന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. മഹാത്മാഗാന്ധി കോളേജായി മാറിയ പഴയ ലബുർദനാസ് കോളേജിൽ മാഹിക്കാർക്ക് പ്രവേശനം നൽകിയ ശേഷമേ കേരളത്തിൽനിുള്ള കുട്ടികൾക്ക് അഡ്മിഷൻ നൽകിയിരുന്നുള്ളൂ. പോണ്ടിച്ചേരി സർക്കാരിൽ ജോലി ലഭിക്കാനും മാഹിക്കാർക്ക് സംവരണമുണ്ട്. കേന്ദ്ര സ്‌കെയിലിലെ ശമ്പളമെന്നതാണ് ജോലിയുടെ പ്രധാന ആകർഷണം. തലസ്ഥാനം അങ്ങ് മദിരാശിക്കടുത്ത് പോണ്ടിച്ചേരിയാകയാൽ വലിയ സാറന്മാരുടെ ശല്യമൊന്നും കൂടാതെ മാഹിയിൽ സുഖമായി കഴിയാം. 
ഇപ്പോൾ മാഹി വീണ്ടും വാർത്താ പ്രാധാന്യം നേടിയത് കേരളത്തിൽ പെട്രോളിനും ഡീസലിനും കണ്ടമാനം വില കൂടിയതോടെയാണ്. 


കേരള സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്കിൽ ശ്വാസം കഴിക്കാനാവാതെ മാഹി വീർപ്പുമുട്ടുകയാണിപ്പോൾ. 
 പെട്രോളിന് 15 രൂപയുടെയും ഡീസലിന് 13 രൂപയുടെയും വിലക്കുറവ് മാഹിയിലുണ്ട്. മാഹിയിൽ പെട്രോളിന് 93.80 രൂപയും ഡീസലിന് 83.72 രൂപയുമാണ് വില. കേരളത്തിൽ യഥാക്രമം 108, 97 രൂപയും. കേരളത്തിൽ സെസ് കൂടി വരുന്നതോടെ മാഹിയിൽ രണ്ടു രൂപയിലധികം കൂടി ലാഭമുണ്ടാകും.
 കേവലം 9 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള മാഹിയിൽ 16 പെട്രോൾ പമ്പുകളുണ്ട്. അര ഡസനോളം പുതിയ പമ്പുകൾക്ക് വേണ്ടി നീക്കങ്ങളാരംഭിച്ചിട്ടുമുണ്ട്.
മാഹിയോട് ചേർന്നുകിടക്കുന്ന തലശ്ശേരിയിലെ പെട്രോൾ പമ്പുകൾ മിക്കപ്പോഴും ആളനക്കമില്ലാത്ത അവസ്ഥയിലായിരുന്നു നേരത്തെ തന്നെ. വില വ്യത്യാസം വർധിച്ചതോടെ മാഹിയിലെത്തി പെട്രോളടിച്ച് മടങ്ങിയാലും ലാഭമെന്ന അവസ്ഥയിലാണ് വാഹനയുടമകൾ. മാഹിയിലെ പമ്പുകളിൽ നിന്നും വാഹനങ്ങളുടെ നീണ്ടനിര ഇടുങ്ങിയ ദേശീയ പാതയിലേക്ക് നീളുകയാണ്. ട്രാഫിക് പോലീസിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. വിദൂരങ്ങളിൽ നിന്നുമുള്ള ബസുകൾ രാത്രികാലങ്ങളിലെത്തി ഫുൾ ടാങ്ക് എണ്ണയടിക്കും. പോരാത്തതിന് 1400 ലിറ്റർ വരെ പിൻഭാഗത്ത് കാനുകളിൽ ശേഖരിച്ചു വെക്കുകയും ചെയ്യും. 
നിലനിൽപിനായി മുടന്തുന്ന കേരളത്തിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്കും മാഹിയിൽ ചെന്ന് ഇന്ധനം ശേഖരിച്ച് നേട്ടമുണ്ടാക്കാവുന്നതേയുള്ളൂ. 


കേരളത്തിലെ തലശ്ശേരി വടകര പട്ടണങ്ങൾക്കിടയിൽ സിന്ദൂര തിലകം പോലെ മാഹി. നികുതി ശേഖരണത്തിന്റെ നീരാളിപ്പിടിത്തത്തിൽ വീർപ്പുമുട്ടുന്ന മലയാളികൾക്ക് വലിയ ആശ്വാസമാണ് മയ്യഴിയുടെ സാമീപ്യം. ഭാഷാപരമായ ഐക്യത്തിന്റെ കാര്യം പറഞ്ഞ് ഈ പ്രദേശം ഒരിക്കലും കേരളത്തിൽ ലയിപ്പിക്കരുത്. ആരെങ്കിലുമൊക്കെ സമാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞോട്ടെ. ഖജനാവിന്റെ കാര്യമോർത്ത് ആശങ്കപ്പെട്ട് കേരളത്തിലെ വിദ്യാർഥികൾക്ക് കാലാകാലങ്ങളിൽ നൽകി വന്നിരുന്ന കെ.എസ്.ആർ.ടി.സിയിലെ യാത്രാ കൺസെഷൻ വരെ അവസാനിപ്പിക്കാൻ നോക്കിയവരാണ് നമ്മുടെ ഭരണാധികാരികൾ. എന്നിട്ട് അയൽ സംസ്ഥാനത്ത് എങ്ങനെയാണ് കാര്യങ്ങളെന്ന് കണ്ടു പഠിക്കാൻ ചെന്നൈയിലേക്ക് സംഘത്തെ അയക്കുകയും ചെയ്തു. അവിടെ വനിതകൾക്കും വിദ്യാർഥികൾക്കും യാത്ര സമ്പൂർണ സൗജന്യമാണ്. ഇതിനായി മുടക്കുന്ന കോടികളുടെ വലിപ്പം കണ്ട് മോഹാലസ്യപ്പെടാനാണ് പ്രബുദ്ധ കേരളത്തിന്റെ യോഗം.  

Latest News