Sorry, you need to enable JavaScript to visit this website.

മുദ്രവെച്ച കവര്‍ തന്ത്രം, കേന്ദ്രത്തിന്റെ കരണത്തടിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി- ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വാദം കേള്‍ക്കുമ്പോള്‍ മുദ്രവെച്ച കവര്‍ പ്രക്രിയ സ്വീകരിക്കുന്നതിന് കോടതികള്‍ക്ക് സുപ്രീം കോടതി സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ആദ്യം സര്‍ക്കാരിന് സാധിക്കണമെന്നും സ്വാഭാവിക നീതിയെന്ന തത്വം മറികടക്കാന്‍ പര്യാപ്തമാണെന്ന് ന്യായീകരിക്കാന്‍ കഴിയണമെന്നും പരമോന്നത നീതി പീഠം വ്യക്തമാക്കി. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് സുപ്രാധാന മാര്‍ഗനിര്‍ദേശങ്ങള്‍.

പല കേസുകളിലും ദേശസുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്ന തന്ത്രങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി. സീൽ വെച്ച കവർ ഒരു രീതിയായി സ്വീകരിക്കുന്നതിനെതിരെ ചീഫ് ജിസ്റ്റിസ് ഇതിനു മുമ്പും കേന്ദ്ര സർക്കാരിനെ താക്കീത് ചെയ്തിരുന്നു. അത് കണക്കിലെടുക്കാതെ പുറത്തു പറയാനാവില്ലെന്ന ന്യായീകരണവുമായാണ് മിക്ക വിഷയങ്ങളിലും മുദ്രവെച്ച കവർ ഉടൻ നൽകുമെന്ന വാദവുമായി സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ എഴുന്നേറ്റു നിൽക്കാറുള്ളത്.

മാധ്യമങ്ങള്‍ സര്‍ക്കാരിനെ പിന്തുണച്ചിരിക്കണമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ആവശ്യമാണെന്നും കോടതിക്ക് മുന്നിലുള്ള കേസില്‍ എതിര്‍ കക്ഷിക്ക് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് പൂര്‍ണതോതിലുള്ള അധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

ദേശ സുരക്ഷ വാദം ഉന്നയിക്കുമ്പോള്‍ തെളിയിക്കുന്ന വസ്തുതകള്‍ കൂടെ നിരത്താനാകണമെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. മീഡിയ വണ്‍ ചാനല്‍ ഓഹരി ഉടമകള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നത് ചാനലിന്റെ അവകാശങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമപരമായ ന്യായമല്ലെന്നും ജമാഅത്തെ ഇസ്‌ലാമി നിരോധിത സംഘടനയല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2022 ജനുവരി 31നാണ് മീഡിയ വണ്‍ സംപ്രേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്. ചാനല്‍ ഉടമകള്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്.  ചാനല്‍ പ്രവര്‍ത്തനം തുടരാന്‍ 2022 മാര്‍ച്ച് 15ന് സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ അനുമതി നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News