Sorry, you need to enable JavaScript to visit this website.

തീയിട്ട അതേ ട്രെയിനില്‍ തന്നെ ഷാരൂഖ്  കണ്ണൂരിലെത്തി, അടുത്ത ലക്ഷ്യം അജ്മീര്‍ 

രത്‌നഗിരി, മഹാരാഷ്ട്ര- തീവച്ച അതേ ട്രെയിനില്‍തന്നെയാണ് ഞായറാഴ്ച രാത്രി  ഷാരൂഖ് കണ്ണൂര്‍ വരെ യാത്ര ചെയ്തെന്ന വിവരം പുറത്ത്.  ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസില്‍ തീയിട്ട പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്നലെ അര്‍ദ്ധരാത്രിയാണ് മഹാരാഷ്ട്ര എ ടി എസ് സംഘം രത്നഗിരിയില്‍ നിന്ന് പിടികൂടിയത്. 
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് തീവയ്പ്പ് നടന്നത്. ഇതിനെത്തുടര്‍ന്ന് കണ്ണൂരിലെത്തിയ പ്രതി അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയില്‍ എത്തുകയായിരുന്നെന്നാണ് സൂചന. ദല്‍ഹി ഷഹീന്‍ബാഗില്‍ നിന്ന് മാര്‍ച്ച് 31ന് കാണാതായ യുവാവ് തന്നെയാണ് തീവെപ്പ്  കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്.
മഹാരാഷ്ട്രയില്‍ നിന്ന് പ്രതിയെ മഹാരാഷ്ട്ര എ ടി എസ് ആണ് പിടികൂടിയത്. കേന്ദ്ര ഇന്റലിജന്‍സ് പ്രതിയെക്കുറിച്ച് എ ടി എസിന് വിവരം നല്‍കുകയായിരുന്നു. രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ ഇവിടെയെത്തിയത്. ഇയാള്‍ രത്നഗിരിയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രതിയുടെ മുഖത്തും മറ്റും പൊള്ളലേറ്റ പാടുകളും മുറിവുമുണ്ട്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ എ ടി എസ് സംഘം പിടികൂടുകയായിരുന്നു. അജ്മീറിലേയ്ക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് മൊഴി നല്‍കിയതായാണ് വിവരം.


 

Latest News