തിരുവനന്തപുരം- കോഴിക്കോടിന് സമീപം എലത്തൂരിൽ തീവണ്ടിക്ക് തീയിട്ട് രണ്ടാം ഗോധ്രയുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നോ നീക്കമെന്ന് സംശയിക്കുന്നതായി മുൻ മന്ത്രി ഡോ. കെ.ടി ജലീൽ. മൂന്നുപേർ മരിക്കാനിടയായ ദാരുണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ കാലമാണിതെന്നും ജലീൽ പറഞ്ഞു.
ഗോധ്രയിൽ തീവണ്ടി ദുരന്തത്തിന്റെ മറപിടിച്ച് ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യ ഓർക്കാൻ പോലും കഴിയാത്തതാണ്. പലരെയും വിലക്കെടുത്ത് ദുരന്തങ്ങൾ വിതച്ച് നാട്ടിലെ ജനങ്ങൾക്കിടയിൽ വർഗ്ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ എലത്തൂരിലെ തീയിടൽ?
ദൈവം കേരളത്തെ രക്ഷിച്ചു എന്ന് പറയാനാണ് എനിക്കിഷ്ടം. മുസ്ലിം പേരുകാരനെന്ന് സംശയിക്കുന്ന ഒരാൾ നടത്തിയ ക്രൂരതയിൽ പൊലിഞ്ഞത് മറ്റേതെങ്കിലും മതത്തിൽ പെട്ടവരുടെ ജീവനായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?. കേരളം ഇന്ത്യയിലെ സമാധാനത്തിന്റെ തുരുത്താണ്. ആസൂത്രിതമായി ആളുകളെ വിലക്കെടുത്ത് ആ തുരുത്ത് തകർക്കാൻ വല്ല ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണം.
ലക്‌നോവിലെ ലുലു മാളിലെ നമസ്‌കാര വിവാദത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിൽ ഒരു ക്ഷേത്രത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് ഇരുട്ടിൽ മറഞ്ഞവരുടെ നിക്ഷിപ്ത താൽപര്യവും, പല ബോംബ് സ്‌ഫോടനങ്ങളുമായും ബന്ധപ്പെട്ട അസീമാനന്ദയെപ്പോലുള്ളവരുടെ കുറ്റസമ്മതങ്ങളും, ബോംബെയിലെ പ്രഗൽഭനായ പോലീസ് ഓഫീസർ ഹേമന്ത് കർക്കരെയുടെ വധത്തിനു പിന്നിലെ ഗൂഢാലോചനയും, അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സിലുണ്ടാവണം. കുറ്റവാളികൾ ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവന്ന് പരമാവധി ശിക്ഷ കൊടുക്കണം. കേരളത്തിന്റെ സൗഹൃദ ഭൂമികയെ തീയ്യിട്ട് ചാമ്പലാക്കാൻ ശ്രമിച്ച നരാധമനെ വെറുതെ വിടരുത്. അവൻ ഏത് മതക്കാരനായാലും.