വാഷിംഗ്ടണ്‍- ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ പ്രശ്‌നത്തിന് വലിയൊരളവോളം പരിഹാരമായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി നടത്തിയ ഉച്ചകോടിക്കു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഉത്തര കൊറിയയുടെ ആണവായുധ പരിപാടിയാണ് അമേരിക്ക നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമെന്ന് സ്ഥാനമേറ്റെടുക്കുന്നതിനു മുമ്പ് ബരാക് ഒബാമ സൂചിപ്പിച്ചിരുന്നതായി വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ ട്രംപ് പറഞ്ഞു.
ആ പ്രശ്‌നം ഞാന്‍ പരിഹരിച്ചു. വളരെ മികച്ച ഒരു രേഖയിലാണ് ഞങ്ങള്‍ ഒപ്പുവെച്ചത്. കരാറിനേക്കാള്‍ കിം ജോംഗ് ഉന്നുമായി തനിക്കുള്ള ബന്ധമാണ് പ്രധാനം. എനിക്ക് ഇപ്പോള്‍ അദ്ദേഹത്തെ വിളിക്കാന്‍ കഴിയും. എന്നെ നേരിട്ട് ലഭിക്കുന്ന ടെലിഫോണ്‍ നമ്പറാണ് കിം ജോംഗിനു നല്‍കിയിരിക്കുന്നത്്. എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്നെ നേരിട്ട് വിളിക്കാം. ഞങ്ങള്‍ തമ്മില്‍ ആശയവിനിമയമുണ്ട് -അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഞെട്ടിയിരുന്നു. എല്ലായിടത്തും ബോംബിടാനാണ് ട്രംപിന്റെ പരിപാടിയെന്നാണ് അവര്‍ ചിന്തിച്ചത്. എന്നാല്‍ ഇതിനു നേര്‍വിപരീതമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് -ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉത്തര കൊറിയ ഇനിയൊരു ആണവ ഭീഷണിയല്ലെന്ന് ഉത്തര കൊറിയന്‍ നേതാവുമായുള്ള സിങ്കപ്പൂര്‍ ഉച്ചകോടി കഴിഞ്ഞ് അമേരിക്കയില്‍ തിരിച്ചെത്തിയ യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു.
ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു വരുംദിവസങ്ങളില്‍ കിം ജോംഗ് ഉന്‍ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് പറഞ്ഞു. ഒരു പരീക്ഷണ കേന്ദ്രം തകര്‍ത്തതായി കിം സിങ്കപ്പൂരില്‍ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ ആണവായുധ മുക്തമാക്കുന്ന നടപടി കിം ഉടന്‍ തുടങ്ങുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആയുധങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഉത്തര കൊറിയക്കു സുരക്ഷ ഉറപ്പു നല്‍കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല -അദ്ദേഹം പറഞ്ഞു.
ദക്ഷിണ കൊറിയയുമൊത്തുള്ള സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവെക്കുമെന്നു ട്രംപ് സിങ്കപ്പൂരില്‍ പറഞ്ഞുവെങ്കിലും അതു സംബന്ധിച്ചു കൊറിയയിലെ യു.എസ് സൈനിക കമാന്‍ഡര്‍മാര്‍ക്കു വിവരമൊന്നും ലഭിച്ചിട്ടില്ല. ഇത്തരമൊരു പ്രഖ്യാപനത്തെക്കുറിച്ചു സൂചനകളില്ലാതിരുന്നതിനാല്‍ യു.എസ് കമാന്‍ഡ് ആശ്ചര്യത്തിലാണ്. യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം തങ്ങളുടെ രാജ്യം ആക്രമിക്കുന്നതിനുള്ള പരിശീലനമാണെന്നാണ് ഉത്തര കൊറിയ വിലയിരുത്തിയിരുന്നത്. ഇതു നിര്‍ത്തണമെന്നത് നിരന്തര ആവശ്യവുമായിരുന്നു. ട്രംപ് ഇതിനു സമ്മതം മൂളിയതു വലിയ നേട്ടമായാണ് ഉത്തര കൊറിയ കാണുന്നത്.