ന്യൂദല്‍ഹി - ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമുണ്ടാക്കുന്ന ചൈനക്ക് മറുപടിയുമായി ഇന്ത്യ. അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതാണ് വിവാദമായത്. ചൈന ഇത്തരമൊരു പ്രകോപനം നടത്തുന്നത് ഇതാദ്യമായിട്ടല്ലെന്ന് ഇന്ത്യ പ്രതികരിച്ചു. അവര്‍ ഇങ്ങനെ സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കിയാല്‍ ഇവിടുത്തെ സ്ഥിതിഗതികള്‍ മാറില്ല. അരുണാചല്‍ പ്രദേശ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു.
ഇത് മൂന്നാം തവണയാണ് അതിര്‍ത്തിപ്രദേശങ്ങളില്‍ ചിലത് തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന രംഗത്തെത്തുന്നത്. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശ് ടിബറ്റിന്റെ തെക്കന്‍ ഭാഗമെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണാചലിലെ വിവിധ പ്രദേശങ്ങള്‍ക്ക് പുതിയ പേര് നല്‍കിയത്.
ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ അക്ഷരങ്ങളിലാണ് ഞായറാഴ്ച പുതിയ പേരുകള്‍ പുറത്തുവിട്ടതെന്ന് ചൈനീസ് സ്‌റ്റേറ്റ് മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ടിബറ്റിലെ ചില പ്രദേശങ്ങളുടെ പേര് മാറ്റിയെന്ന് ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലും പറഞ്ഞിട്ടുണ്ട്. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് പാര്‍പ്പിട മേഖലകള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവയുടെ പേരുകളാണ് മാറ്റിയത്.