ന്യൂദല്‍ഹി - കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് അഡീഷനല്‍ സെഷന്‍സ് കോടതിജാമ്യം നല്‍കിയെങ്കിലും അപകീര്‍ത്തിക്കുറ്റമാകുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ഉപാധി വച്ചു. അനുവദിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കാന്‍ പാടില്ലെന്നും രാഹുലിന്റെ ജാമ്യാപേക്ഷ അനുവദിച്ച ജഡ്ജി റോബിന്‍ പി.മൊഗേര നിര്‍ദ്ദേശിച്ചു. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ നല്‍കിയ അപ്പീല്‍ ഉടനെ പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്നതുകൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും ജഡ്ജി വ്യക്തമാക്കി.
കര്‍ണാടകയിലെ കോലാറില്‍ 2019 ല്‍ നടത്തിയ പ്രസംഗത്തിലെ 'മോഡി' പരാമര്‍ശം അപകീര്‍ത്തികരമെന്നു വിലയിരുത്തി സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് രാഹുലിനെ രണ്ട് വര്‍ഷം വെറും തടവിനു ശിക്ഷിച്ചത്. അപ്പീല്‍ നല്‍കാന്‍ രാഹുലിന് 30 ദിവസം ജാമ്യം അനുവദിച്ചിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്യാത്തതിനാല്‍ രാഹുല്‍ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടു.
കഴിഞ്ഞ ദിവസം രാഹുലിന്റെ അപ്പീല്‍ പരിഗണിച്ച അഡീഷനല്‍ സെഷന്‍സ് കോടതി, അപ്പീല്‍ കാലയളവിലേക്ക് രാഹുലിന്റെ ജാമ്യം നീട്ടി. 15,000 രൂപയാണ് ജാമ്യത്തുക. അപ്പീല്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ ഹാജരാകണമെന്നും കോടതി ഉപാധി വച്ചിട്ടുണ്ട്.






