ഉപവാസ കാലം പുനർവായനയുടെ അസുലഭാവസരം

നോമ്പടക്കമുള്ള കർമങ്ങളിലൂടെ വ്യക്തിവിശുദ്ധിക്ക് പ്രഥമ പരിഗണന നൽകുന്ന റമദാനിലെ ദിനരാത്രങ്ങൾ, നോമ്പുതുറകളും അകമഴിഞ്ഞ ദാനധർമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മുടെ സാമൂഹികമായ ബാധ്യതകൾ കൂടി ഓർമിപ്പിക്കുന്നുണ്ട്. വിശ്വാസികൾ  റമദാനാനന്തരം പെരുന്നാൾ ആഘോഷത്തിലൂടെ പ്രഖ്യാപിക്കുന്നതും ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സമുജ്വല സന്ദേശങ്ങൾ തന്നെയാണ്. വികാരങ്ങളെ ശമിപ്പിച്ച് വിവേകത്തോടെ പുനർവിചിന്തനം നടത്താനും നോമ്പിന്റെ ചൈതന്യത്തെ പൂർണമായും ഉൾക്കൊള്ളാനും ഏവർക്കും സാധിക്കട്ടെ.

പുനർവായനകൾ എന്നും തിരിച്ചറിവുകൾ നേടാനും തെറ്റുകൾ തിരുത്താനുമുള്ള അവസരമാണല്ലോ. ജീവിതത്തിൽ നാം ചെയ്ത കർമങ്ങളെല്ലാം പുനർവായിക്കപ്പെടേണ്ടതും ആത്മവിമർശനത്തിലൂടെ തിരുത്തപ്പെടേണ്ടവയുമാണ്. തിന്മകൾക്കേറെ സാധ്യതയുള്ള സാമൂഹികാന്തരീക്ഷത്തിൽ നന്മയുടെ വറ്റാത്ത ഉറവിടമാണ് റമദാൻ. റമദാനിൽ പ്രവേശിക്കുന്ന ഓരോ വ്യക്തിക്കും അത് അവസരങ്ങളുടെ പെരുമഴക്കാലമാണ്. നന്മകൾ വിതയ്ക്കുന്നവൻ ഇരട്ടിയിരട്ടിയായി അവ കൊയ്യുന്നത് പോലെ തന്നെ തിന്മകളിലേക്ക് അടുക്കുന്നത് പോലും വലിയ നഷ്ടത്തിലേക്ക് എത്തിക്കും എന്ന വിശ്വാസമാണ്, റമദാനെ തന്റെ ജീവിതത്തിന്റെ പുനർവായനക്ക് ഉപയോഗിക്കാൻ അവനെ പ്രേരിപ്പിക്കുന്നത്.

റമദാനിലെ രാപ്പകലുകൾ കണക്കില്ലാത്ത പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടവയാണ്. കുറഞ്ഞ കാലം മാത്രം ആയുസ്സുള്ള നമ്മെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യവും നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതുമാണ്. മരണമാകുന്ന ഫുൾ സ്റ്റോപ്പ് എത്തുന്നതുവരെ, സ്രഷ്ടാവിലേക്കോടിയടുക്കാനും നന്മകളിൽ മുൻകടക്കാനുമാണ് ഖുർആന്റെ പ്രഖ്യാപനം. നീണ്ട പതിനൊന്നു മാസക്കാലത്തെ ജീവിത വിഭവങ്ങളെ കൃത്യമായ പുനർവിചിന്തനം നടത്തി, നന്മകൾ കൊണ്ട് തിന്മകൾ മായ്ക്കപ്പെടാനുള്ള അവസരം. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു മത്സരയിനത്തിൽ തന്റെ ഏറ്റവും മികച്ച കഴിവ് പ്രകടിപ്പിക്കാൻ മാസങ്ങളോളം ഒരുങ്ങി കളത്തിലിറങ്ങുന്ന മത്സരാർത്ഥിയെ പോലെ, സ്രഷ്ടാവ് അനുവദിച്ചു തന്ന ഈ ലിമിറ്റഡ് ഓഫർ സക്രിയമാക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

നോമ്പിന്റെ പകലിൽ ഭക്ഷണവും വെള്ളവും ലൈംഗികതയുമടക്കമുള്ള ആസ്വാദനങ്ങളെ പൂർണമായും വർജിക്കാൻ ഒരു വ്യക്തി തയാറാവുന്നതിലൂടെ അതിരുകളില്ലാതെ വിഹരിക്കാറുള്ള തന്റെ മനസ്സിനും കടിഞ്ഞാണിടാൻ അവന് സാധിക്കുകയാണ്. അത്തരം കൃത്യമായ നിയന്ത്രണങ്ങൾക്ക് ശേഷം നോമ്പ് തുറക്കുന്നതോടു കൂടി, ശരീരത്തിനും മനസ്സിനും കുളിർമ ലഭിക്കുന്ന ആസ്വാദനങ്ങളെ ചിട്ടയോടെയും മിതത്വത്തോടെയും നോക്കിക്കാണുവാൻ അവന് കഴിയുകയും ചെയ്യും. നിത്യവും നാം ശീലിച്ചുവന്ന ദിനചര്യകളിലേക്ക് ചില അരുതുകളും നിയന്ത്രണങ്ങളും വരുന്നത്, നമ്മുടെ കംഫർട്ട് സോണുകളെ ഭേദിക്കാനും ഏത് പ്രതികൂല സാഹചര്യത്തെയും അഭിമുഖീകരിക്കാനും നമ്മെ പര്യാപ്തമാക്കുന്നു. ഇങ്ങനെ സമചിത്തതയും സന്നദ്ധതയും ത്യാഗവും ക്ഷമയുമടക്കമുള്ള മൂല്യങ്ങളാൽ മനുഷ്യ മനസ്സുകളെ സന്തുലിതമാക്കുകയാണ് നോമ്പ് ചെയ്യുന്നത് എന്നതാണ് അതിന്റെ മനഃശാസ്ത്രം.

നോമ്പടക്കമുള്ള കർമങ്ങളിലൂടെ വ്യക്തിവിശുദ്ധിക്ക് പ്രഥമ പരിഗണന നൽകുന്ന റമദാനിലെ ദിനരാത്രങ്ങൾ, നോമ്പുതുറകളും അകമഴിഞ്ഞ ദാനധർമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മുടെ സാമൂഹികമായ ബാധ്യതകൾ കൂടി ഓർമിപ്പിക്കുന്നുണ്ട്. വിശ്വാസികൾ  റമദാനാനന്തരം പെരുന്നാൾ ആഘോഷത്തിലൂടെ പ്രഖ്യാപിക്കുന്നതും ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സമുജ്വല സന്ദേശങ്ങൾ തന്നെയാണ്. വികാരങ്ങളെ ശമിപ്പിച്ച് വിവേകത്തോടെ പുനർവിചിന്തനം നടത്താനും നോമ്പിന്റെ ചൈതന്യത്തെ പൂർണമായും ഉൾക്കൊള്ളാനും ഏവർക്കും സാധിക്കട്ടെ.

(വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകൻ)

Latest News