എലത്തൂർ ട്രെയിൻ തീവെപ്പ്; തെറ്റിദ്ധാരണ പരത്തിയാൽ ശക്തമായ നടപടി-കേരള പോലീസ്

തിരുവനന്തപുരം- ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. സാമൂഹ്യമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച തെറ്റിദ്ധാരണ പരത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും കേരള പോലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. 

 


അതേസമയം, പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് നിർണായക വിവരങ്ങൾ ശേഖരിച്ചു. ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ആലപ്പുഴയിൽനിന്ന് കണ്ണൂർ ലക്ഷ്യമാക്കി പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഞായറാഴ്ച രാത്രി ഒൻപതരയോടെ കോഴിക്കോടിന് സമീപം എലത്തൂരിൽ എത്തിയപ്പോഴാണ് ആക്രമം അരങ്ങേറിയത്. യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് പ്രതി തീകൊളുത്തുകയായിരുന്നു. ബോഗിയിലാകമാനം തീ പടർന്നതോടെ ആളുകൾ പരക്കം പായാൻ തുടങ്ങി. ഈ വെപ്രാളത്തിനിടയിലാണ് രണ്ടു വയസുകാരി അടക്കം മൂന്നു പേർ പുറത്തേക്ക് ചാടിയത്. മൂവരും മരിക്കുകയും ചെയ്തു.  മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌രിയ മൻസിലിൽ റഹ്മത്ത് (45) സഹോദരി ജസിലയുടെ മകൾ രണ്ടുവയസുകാരി സഹറാ ബത്തൂൽ, മട്ടന്നൂർ പുതിയ പുര കൊട്ടാരത്തിൽ വരുവാക്കുണ്ട് സ്വദേശി നൗഫീഖ് (35) എന്നിവരാണ് മരിച്ചത്. സംഭവം കഴിഞ്ഞ് മൂന്നുമണിക്കൂറിന് ശേഷം നടന്ന തെരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കോച്ചിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ദൃക്‌സാക്ഷിയും അയൽവാസിയുമായ റാസിഖ് നൽകിയ വിവരത്തെത്തുടർന്നായിരുന്നു തെരച്ചിൽ. പൊള്ളലേറ്റ റാസിഖ് കൊയിലാണ്ടി സ്‌റ്റേഷനിലിറങ്ങി പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണിക്കൂറുകൾക്ക്‌ശേഷം തെരച്ചിൽ നടന്നത്. കോരപ്പുഴപലത്തിന് സമീപത്തായി ഇരുട്രാക്കുകൾക്കുമിടയിലായിരുന്നു മൃതദേഹങ്ങൾ. സംഭവത്തിൽ പ്രതിയുടേതെന്ന് കരുതുന്ന ബാഗും ഇവരുടെ മൃതദേഹത്തിന് അരികിൽ നിന്നായി കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. പൊള്ളലേറ്റ എട്ടുപേർ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. 
ചാലിയത്തെ ഭർത്താവിന്റെ വീട്ടിൽനിന്നും സഹാദരിയുടെ മകളെക്കൂട്ടി ഫറോക്ക് സ്‌റ്റേഷനിൽ നിന്നാണ് റഹ്മത്ത് ട്രെയിനിൽ കയറിയത്. ഒമ്പതുമണിക്ക് കോഴിക്കോട് നിന്നാണ് നൗഫീഖ് കയറുന്നത്. മൂവരും ട്രയിനിന്റെ മധ്യഭാഗത്തുള്ള ഡി.വൺ കോച്ചിലായിരുന്നു. 9.12ന് ട്രെയിൻ കോഴിക്കോട് നിന്ന് പുറപ്പെട്ടു. ഒമ്പതരയോടെ എലത്തൂരിലെത്തിയപ്പോൾ ഒരാൾ പെട്ടെന്ന് യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയും പിന്നാലെ തീയിടുകയുമായിരുന്നു. തീ പടർന്നതോടെ യാത്രക്കാർ തലങ്ങും വിലങ്ങും ഓടി. അതിനിടെ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. തീക്കൊളുത്തിയ പ്രതി രക്ഷപ്പെടാൻവേണ്ടി ട്രെയിൻ നിർത്തുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. ഇതിനിടെ പ്രാണരക്ഷാർഥം പുറത്തേക്ക് ചാടിയപ്പോഴാണ് മൂവരും മരിച്ചെതെന്നാണ് കരുതുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന റാസിഖ് കൊയിലാണ്ടിയിലിറങ്ങി ആശുപത്രിയിലെത്തുകയും തുടർന്ന് പോലീസെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.


പ്രതിക്കായി പരിശോധന ശക്തം

പ്രതിയെക്കുറിച്ചുള്ള സൂചനകൾക്കായി അന്വേഷണ സംഘം കണ്ണൂർ ജില്ലാ ആശുപത്രിയിലും പരിശോധന നടത്തി. ടൗൺ സി.ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റെയിൽവെ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ അർദ്ധരാത്രി കാലിന് പൊള്ളലേറ്റ് ചികിത്സ തേടിയ യുവാവിന് പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളതാണ് പരിശോധനക്ക് കാരണം. കാലിന് പരിക്കേറ്റ് കഴിഞ്ഞ രാത്രി ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ യുവാവിന്റെ ഫോട്ടോയും വിവരങ്ങളും പോലീസ് ശേഖരിച്ചു. രാത്രി പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ യുവാവിന്റെ പെരുമാറ്റത്തിൽ സംശയമുള്ളതിനാലാണ് ആശുപത്രി അധികൃതർ ഇയാളുടെ ഫോട്ടോ എടുത്തുവെച്ചത്. രേഖാചിത്രത്തിൽ ഉള്ള യുവാവുമായി രൂപ സാദൃശ്യം ഉള്ളയാളാണ് രാത്രി 12.4ന് കണ്ണൂർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഷറഫുദ്ദീൻ എന്ന പേരാണ് ഇയാൾ ആശുപത്രിയിൽ നൽകിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നേഴ്‌സ്മാരുടെയും മൊഴിയെടുത്തു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും വിശദ പരിശോധനക്ക് വിധേയമാക്കി. പ്രാഥമിക ചികിത്സ നേടിയ ശേഷം പരിക്കേറ്റയാൾ ഉടൻ പോയതായും ആശുപത്രി അധികൃതർ പറഞ്ഞു.
ആക്രമണം അന്വേഷിക്കാൻ 18 അംഗ പ്രത്യേക അന്വേഷണസംഘത്തെ ഡി.ജി.പി നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമൻ ആണ് സംഘത്തലവൻ. ഭീകരവിരുദ്ധ സേന ഡിവൈ.എസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജ്, താനൂർ ഡിവൈ.എസ്.പി വി.വി.ബെന്നി എന്നിവർ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് പോലീസ് മേധാവിയുടെ നിർദ്ദേശം.

അക്രമി തീയിട്ട രണ്ട് ബോഗികൾ ഫോറൻസിക് സംഘം  പരിശോധന നടത്തി. കണ്ണൂർ റെയിൽവെ സ്‌റ്റേഷനിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രാത്രി കണ്ണൂരിലെത്തിയ ട്രെയിനിലെ ഡി-1, ഡി-2 കോച്ചുകൾ സീൽ ചെയ്തിരുന്നു. കോഴിക്കോട്‌നിന്നും കണ്ണൂരിൽ നിന്നുമുള്ള ഫോറൻസിക് സംഘമാണ് പരിശോധന നടത്തിയത്. ഡി1, ഡി2 ബോഗികളിലായിരുന്നു പരിശോധന. റെയിൽവേ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അന്വേഷണ സംഘവും ഒപ്പമുണ്ടായിരുന്നു. ഡി-1 ബോഗിയിലാണ് കൂടുതലും പെട്രോളൊഴിച്ച് കത്തിച്ചതിന്റെ പാടുകളുണ്ടായിരുന്നത്. ഈ കോച്ചിലെ ഒന്ന് മുതൽ ആറ് വരെയുള്ള സീറ്റിലാണ് തീ പടർന്നത്. ഡി-2 കോച്ചിൽ രക്തക്കറയും കണ്ടെത്തി. അതേസമയം, ഒരാൾ പോലീസ് കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്. നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയാണ് കണ്ണൂരിൽ പോലീസ് കസ്റ്റഡിയിലുള്ളത്. രഹസ്യ കേന്ദ്രത്തിൽ പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നാണ് സൂചന. എന്നാൽ പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
 

Latest News