Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാൻ പ്രസിഡന്റ് സൗദിയിലേക്ക്; ചരിത്ര സന്ദർശനം

റിയാദ് - സൗദി അറേബ്യ സന്ദർശിക്കാനുള്ള ക്ഷണം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സ്വീകരിച്ചതായി ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ അറിയിച്ചു. മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം മയപ്പെടുത്താനും മെച്ചപ്പെടുത്താനുമാണ് ഇറാൻ ആഗ്രഹിക്കുന്നത്. സൗദി അറേബ്യയുമായുള്ള അനുരഞ്ജനത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നത് കേവലം യാദൃശ്ചികമല്ല. മറിച്ച്, അത് ആസൂത്രണം ചെയ്തതാണ്. അത് ശരിയായ സമയത്ത് സംഭവിക്കേണ്ടതായിരുന്നു. ഇതാണിപ്പോൾ സംഭവിക്കുന്നത് - ഇറാൻ വൈസ് പ്രസിഡന്റ് പറഞ്ഞു. മേഖലാ രാജ്യങ്ങളുമായി മികച്ച ബന്ധങ്ങൾ സ്ഥാപിക്കൽ ഇറാന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നും മുഹമ്മദ് മുഖ്ബർ പറഞ്ഞു.
ഇറാൻ പ്രസിഡന്റിന്റെ സൗദി സന്ദർശനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഏഴു വർഷത്തെ ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും ധാരണയിലെത്തിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മുൻകൈയെടുത്ത് നടത്തിയ ശ്രമങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കിയത്. കഴിഞ്ഞ ദിവസം ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്‌യാൻ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഫോണിൽ ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ മാർച്ച് 10 ന് ബൈജിംഗിൽ വെച്ച് ഒപ്പുവെച്ച കരാറിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള കരാർ ഒപ്പുവെച്ച ശേഷം ഇത് മൂന്നാം തവണയാണ് സൗദി, ഇറാൻ വിദേശ മന്ത്രിമാർ ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നത്.
 

Latest News