Sorry, you need to enable JavaScript to visit this website.

കേരളത്തിൽ നൂറ് കിലോമീറ്റർ സ്പീഡിൽ വന്ദേഭാരത് ട്രെയിൻ

കാത്തിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കേരളത്തിലേക്കും. അടുത്ത മാസം കേരളത്തിലെ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം ആരംഭിക്കും. തിരുവനന്തപുരം-കണ്ണൂർ റൂട്ടിലാണ് പുതിയ സർവീസ്. ഇതിനായി കൊച്ചുവേളിയിൽ പിറ്റ് ലൈൻ സംവിധാനമൊരുക്കി. കോട്ടയം വഴിയാണ് സർവീസ് തുടങ്ങുക. ആലപ്പുഴ റൂട്ടിൽ ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ടില്ലെന്നതാണ് പ്രശ്‌നം. 
ഇരട്ടപ്പാതയുള്ളത് കണക്കിലെടുത്താണ് കോട്ടയം വഴി  വന്ദേഭാരത് ട്രെയിനുകൾ  സർവീസ് നടത്തുക. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗം അനുവദിച്ചിരിക്കുന്നത്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് പെട്ടെന്ന് വേഗം കൈവരിക്കാൻ സാധിക്കും എന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ സവിശേഷത. കേരളത്തിലെ റൂട്ടുകളിൽ ശരാശരി വേഗം 65 കിലോമീറ്ററിന് മുകളിൽ നിലനിർത്താൻ വന്ദേഭാരതിന് കഴിയും. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നത് വേഗം കുറക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും വന്ദേഭാരതിന്റെ സ്റ്റോപ്പ്.  രണ്ടു ലക്ഷം കോടി പാഴാക്കിയുള്ള കെ.റെയിലിന്റെ സ്ഥാനത്ത് കേരളം പണമൊന്നും മുടക്കാതെ അതിവേഗ ട്രെയിൻ ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് സംസ്ഥാനത്തെ യാത്രക്കാർ. തെക്കൻ കേരളത്തിൽ വേഗം നിയന്ത്രിച്ചാണ് വന്ദേഭാരത്. 
മംഗളൂരു-ഷൊർണൂർ പാത നൂറ് കി.മീ വേഗത്തിൽ ഓടാൻ പര്യാപ്തമാണെന്ന് റെയിൽവേ റിപ്പോർട്ട് നൽകിയിരുന്നു. ഗോവയിലെ പനാജി കണക്റ്റ് ചെയ്ത് വന്ദേഭാരത് വരുമ്പോഴായിരിക്കും അത്യുത്തര കേരളത്തിലെ കാസർകോട്ടും മംഗളൂരുവിലും ഈ സൗകര്യം ലഭ്യമാവുകയെന്നാണ് സൂചന. 
ചെന്നൈ - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ മാതൃകയാണ് കേരളത്തിലും കൊണ്ടുവരുന്നത്. 8 കോച്ച് വന്ദേഭാരത് ട്രെയിനാണ് ആദ്യ ഘട്ടത്തിൽ കേരളത്തിലും സർവീസ് നടത്തുക. പിന്നീട് യാത്രക്കാരുടെ എണ്ണം പരിഗണിച്ച് കോച്ചുകളുടെ എണ്ണം വർധിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ആദ്യം സർവീസ് നിശ്ചയിച്ചിരുന്നത്. നിലവിൽ കണ്ണൂർ വരെ സർവീസ് നടത്താനാണ് സാധ്യത. 
തദ്ദേശീയമായി നിർമിക്കുന്ന ട്രെയിനുകളാണ് വന്ദേഭാരത് എക്‌സ്പ്രസ്.  രാജ്യ തലസ്ഥാനത്താണ് ആദ്യമായി വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് നടത്തിയത്. ദക്ഷിണേന്ത്യയിൽ ചെന്നൈ-മൈസൂരു റൂട്ടിലാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഓടിയത്. പരമാവധി 160 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയുമെന്നതാണ് ഇവയുടെ സവിശേഷത. 
ശതാബ്ദി ട്രെയിനുകൾ ഓടുന്ന റൂട്ടുകളിൽ വന്ദേഭാരത് ട്രെയിൻ നൽകുന്നത് മുപ്പത് മിനിറ്റിന്റെ സമയ ലാഭമാണ്. 
മറ്റു ട്രെയിനുകളേക്കാൾ കുറഞ്ഞത് 45 ശതമാനം സമയലാഭം നൽകുമെന്നായിരുന്നു അവകാശവാദം. ഏറ്റവും വേഗത്തിൽ വന്ദേഭാരത് ഓടുന്ന ദൽഹി - -വരാണസി റൂട്ടിൽപോലും 27 ശതമാനം മാത്രമാണ് സമയലാഭം. മുംബൈ- ഗാന്ധിനഗർ വന്ദേഭാരത് എക്‌സ്പ്രസ് ഉപയോക്താവിന് നൽകുന്നത് പന്ത്രണ്ട് ശതമാനം മാത്രം സമയലാഭം. 
ചെന്നൈ - മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈ - മൈസൂരു ശതാബ്ദി എക്‌സ്പ്രസിനേക്കാൾ 30 മിനിറ്റ് മാത്രം മുമ്പ് ലക്ഷ്യത്തിലെത്തുമ്പോൾ ബിലാസ്പുർ - നാഗ്പുർ വന്ദേഭാരത് എക്‌സ്പ്രസ് അതേ റൂട്ടിൽ സർവീസ് നടത്തുന്ന ഹൗറ-പുണെതുരന്തോ എക്‌സ്പ്രസിനേക്കാൾ 10 മിനിറ്റാണ് ലാഭിക്കുന്നത്.

Latest News