Sorry, you need to enable JavaScript to visit this website.

ഡെസ്റ്റിനേഷൻ കാലിക്കറ്റ് ബീച്ച്

മലബാറിൽ ഏറ്റവുമേറെ സഞ്ചാരികളെത്തുന്ന സ്‌പോട്ടായി കാലിക്കറ്റ് ബീച്ച് മാറി. കഴിഞ്ഞ ഇരുപത് വർഷത്തിനിടെയാണ് കോഴിക്കോട് കടപ്പുറം ഇത്രയേറെ ആകർഷകമായി മാറിയത്. ഡോ: എം.കെ മുനീർ, എ. സുജനപാൽ, തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ് കുമാർ, പി.എം.എ. സലാം എന്നീ എം.എൽ.എമാരും ഇ്‌പ്പോഴത്തെ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും മുഹമ്മദ് റിയാസുമെല്ലാം ബീച്ചിനെ പ്രധാന ഡെസ്റ്റിനേഷനായി മാറ്റിയെടുക്കുന്ന കാര്യത്തിൽ വിലപ്പെട്ട സംഭാവനകളർപ്പിച്ചിട്ടുണ്ട്. പുതിയ നൂറ്റാണ്ട് പിറക്കുന്നത് വരെ കടപ്പുറത്ത് വളരെ അപൂർവമായാണ് ആളുകൾ എത്തിയിരുന്നത്. പേരിന് രണ്ടോ മൂന്നോ ഹോട്ടലുകളും. ഇപ്പോൾ കോഴിക്കോട് നഗരത്തിന്റെ ഫുഡ് സ്ട്രീറ്റ് ബീച്ചിലാണെന്ന് പറയാം. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നെല്ലാം സന്ദർശകരെത്തുന്നു. 
നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളിൽ കോഴിക്കോടിന്റെ കലാസാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികൾക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുൽത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്.  വെളുപ്പും കറുപ്പും നിറങ്ങളിൽ സിനിമകളിലും പുസ്തകങ്ങളിലും അറിഞ്ഞ കോഴിക്കോടിനെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലാണ് ചിത്രകാരന്മാർ വരച്ചുവെച്ചിരിക്കുന്നത്.
കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റെക്കാട്, എം.എസ്. ബാബുരാജ്, എം.ടി. വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. മിശ്കാൽ പള്ളിയും കുറ്റിച്ചിറയും തകർന്ന കടൽപാലവും ഉരു നിർമാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരിൽ കാണുന്ന പോലെ കാഴ്ചക്കാർക്ക് ചിത്രങ്ങളിലൂടെ കാണാൻ സാധിക്കും.
മരത്തടിയിലുള്ള ചവറ്റുകുട്ടകൾ ബീച്ചിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാമ്പുകൾ, വഴിവിളക്കുകൾ, ലാൻഡ്‌സ്‌കേപിങ്, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങൾ. 
ബീച്ചിലെത്തുന്നവർക്ക് രുചിയൂറും വിഭവങ്ങൾ നൽകുന്ന ഉന്തുവണ്ടികൾ ഇനി അഴകുള്ള കാഴ്ചയാകും. കോഴിക്കോട് ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉയർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് കോർപറേഷൻ ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണിത്. 
92 അംഗീകൃത ഉന്തുവണ്ടി കച്ചവടക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഉന്തുവണ്ടി രൂപകൽപന നിർവഹിച്ചത്. ഡി.എർത്ത് എന്ന സ്ഥാപനം നൽകിയ രൂപരേഖയ്ക്കാണ് അംഗീകാരമായത്. ബീച്ചിൽ നടപ്പാതയ്ക്ക് അരികിലായാണ് വിവിധ ക്ലസ്റ്ററുകളിലായി ഉന്തുവണ്ടികൾക്ക് സൗകര്യം ഒരുക്കുക. ക്ലസ്റ്റർ അടിസ്ഥാനത്തിൽ വൈദ്യുതിയും വെള്ളവും എത്തിക്കും. ബീച്ചിലേയ്ക്കുള്ള വഴികൾ തടസ്സപ്പെടുത്താതെയാണ് സൗകര്യം ഒരുക്കുക. പെരുന്നാൾ ദിനങ്ങളിലെത്തുന്ന സന്ദർശകരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് കോഴിക്കോട് ബീച്ച്. 

Latest News