ഭാഗ്യം കടാക്ഷിച്ചു, പക്ഷേ ജീവിക്കാന്‍ യോഗമില്ല ; എണ്‍പത് ലക്ഷത്തിന്റെ ഭാഗ്യവാന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

തിരുവനന്തപുരം - ലോട്ടറിയടിച്ചത് ആഘോഷിക്കാന്‍ മദ്യ സല്‍ക്കാരം നടത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കിട്ടിഭാഗ്യവാനായ  പാങ്ങോട് സജി വിലാസത്തില്‍ സജീവിനെ(35)യാണ് സുഹൃത്തിന്റെ വീട്ടില്‍ നടന്ന മദ്യ സല്‍ക്കാരത്തിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണമടയുകയായിരുന്നു.. കഴിഞ്ഞ മാസം നടന്ന ലോട്ടറി നറുക്കെടുപ്പില്‍ സമ്മനാര്‍ഹനായ സജിയുടെ സമ്മാന തുക കഴിഞ്ഞ ദിവസമാണ് ബാങ്കിലെത്തിയത്. ഇത് ആഘോഷിക്കാനായി ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ ഒത്തു കൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. ഇതിനിടയില്‍ സജീവും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വീട്ടിലെ മണ്‍തിട്ടയില്‍ നിന്ന് സജീവ് ഒരു മീറ്ററോളം താഴ്ചയിലേക്കുള്ള റബ്ബര്‍ തോട്ടത്തിലേക്ക്  വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സുഹൃത്തുക്കള്‍ പോലിസിന് നല്‍കിയ മൊഴി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

 

Latest News