Sorry, you need to enable JavaScript to visit this website.

തീർഥാടകർക്ക് വേഗത്തിൽ സേവനങ്ങൾ നൽകാൻ റെഡ് ക്രസന്റ് സൈക്കിൾ സംഘങ്ങളും

റെഡ് ക്രസന്റിനു കീഴിലെ സൈക്കിൾ സംഘങ്ങൾ ഹറമിനടുത്ത പ്രദേശങ്ങളിൽ തീർഥാടകർക്ക് ആരോഗ്യ പരിചരണങ്ങൾ നൽകുന്നു.
പരിക്കേൽക്കുന്നവരെ കൂട്ടത്തോടെ ആശുപത്രികളിലേക്ക് നീക്കം ചെയ്യാൻ റെഡ് ക്രസന്റ് ഒരുക്കിയ ബസ് 

മക്ക - വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിൽ തീർഥാടകർക്ക് വേഗത്തിൽ ആരോഗ്യ പരിചരണങ്ങൾ നൽകാൻ റെഡ് ക്രസന്റ് പ്രവർത്തകർ ഇത്തവണ സൈക്കിളുകളും ഉപയോഗിക്കുന്നു. തിരക്കേറിയ പ്രദേശങ്ങളിലൂടെ വേഗത്തിൽ സഞ്ചരിക്കാനും ലക്ഷ്യസ്ഥാനങ്ങളിൽ എത്താനും സൈക്കിളുകൾ റെഡ് ക്രസന്റ് പ്രവർത്തകരെ സഹായിക്കുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ആവശ്യമായ എല്ലാ വസ്തുക്കളും സൈക്കിളിൽ വഹിച്ചാണ് റെഡ് ക്രസന്റ് പ്രവർത്തകർ ഫീൽഡ് പ്രവർത്തനം നടത്തുന്നത്. 
റമദാനിൽ വിശുദ്ധ ഹറമിലും ഹറമിനടുത്ത പ്രദേശങ്ങളിലും മക്കയുടെ പ്രവേശന കവാടങ്ങളിലെ കാർ പാർക്കിംഗുകളായ അൽനൂരിയ, അൽസായിദി, ലൈത്ത്, അൽകർ, അൽശറായിഅ് എന്നിവിടങ്ങളിലെയും റെഡ് ക്രസന്റ് സെന്ററുകളിൽ സുസജ്ജത ഉയർത്താനുള്ള പദ്ധതികൾ തയാറാക്കി നടപ്പാക്കിയതായി മക്ക പ്രവിശ്യ റെഡ് ക്രസന്റ് മേധാവി ഡോ. മുസ്തഫ ബിൻ ജമീൽ ബൽജോൻ പറഞ്ഞു. ഇത്തവണ ആദ്യമായി സൈക്കിൾ സംഘങ്ങളും ആരംഭിച്ചിട്ടുണ്ട്. ഹറമിനടുത്ത പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് 20 സൈക്കിളുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ ഹറമിനടുത്ത പ്രദേശങ്ങളിൽ അടിയന്തര കേസുകളുടെ സമീപത്ത് വേഗത്തിൽ എത്തിപ്പെടാൻ സാധിക്കുന്നതിന് ബൈക്ക് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ആംബുലൻസുകൾ വരുന്നതു വരെയുള്ള സമയം രോഗികൾക്ക് ആവശ്യമായ പരിചരണങ്ങളാണ് ബൈക്ക്, സൈക്കിൾ സംഘങ്ങൾ നൽകുന്നത്. 
ഇത്തവണ മക്കയിൽ റെഡ് ക്രസന്റ് ബസും ഏർപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങളിലും മറ്റും കൂടുതൽ പേർക്ക് പരിക്കേൽക്കുന്ന സന്ദർഭങ്ങളിൽ ഉപയോഗിക്കാനാണ് ബസ് ഏർപ്പെടുത്തിയിരിക്കുന്നത്. പരിക്കേൽക്കുന്ന പത്തു പേരെ ഒരേസമയം നീക്കം ചെയ്യാൻ ബസിന് ശേഷിയുണ്ട്. സി.പി.ആർ ഉപകരണങ്ങൾ അടക്കമുള്ള മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരണങ്ങളും ബസിലുണ്ട്. ഇടുങ്ങിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സ്‌ട്രെച്ചറുകളിൽ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രത്യേക വാഹനവും റെഡ് ക്രസന്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ വാഹനത്തിൽ 45 ഓക്‌സിജൻ സിലിണ്ടറുകളും പത്തു ഫസ്റ്റ് എയിഡ് ബാഗുകളുമുണ്ട്. 
മെഡികൽ വസ്തുക്കൾ അടങ്ങിയ വാഹനവും മിനി കമാൻഡ് ആന്റ് കൺട്രോൾ സെന്റർ പോലെ പ്രവർത്തിക്കുന്ന വാഹനവും ഇത്തവണത്തെ ഉംറ സീസണിൽ മക്ക റെഡ് ക്രസന്റ് ഉപയോഗിക്കുന്നുണ്ട്. 997 എന്ന നമ്പറിലും 'ഇസ്ഫഅ്‌നീ' ആപ് വഴിയും റെഡ് ക്രസന്റ് സഹായം തേടാൻ സാധിക്കുമെന്ന് ഡോ. മുസ്തഫ ബിൻ ജമീൽ ബൽജോൻ പറഞ്ഞു.

 

Latest News