സെക്രട്ടറിയേറ്റിലെ നിയന്ത്രണം കടലാസ് പുലിയായി

ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ആക്‌സസ് കൺട്രോൾ സംവിധാനം ബന്ധിപ്പിക്കാനുള്ള ശ്രമം മരവിപ്പിച്ച സാഹചര്യത്തിൽ പ്രവൃത്തി ദിവസമായ ഇന്ന് മുതൽ ഓഫീസുകൾക്ക് മുന്നിലും കവാടങ്ങളിലും ഇടനാഴികളിലും സ്ഥാപിച്ച ആക്‌സസ് കൺട്രോൾ സിസ്റ്റമെല്ലാം ഇളക്കി മാറ്റും.

 

മുഖ്യ ഭരണകേന്ദ്രമായ സെക്രട്ടറിയേറ്റിൽ അമിത നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമം വീണ്ടും പരാജയപ്പെടുകയാണ്. സെക്രട്ടറിയേറ്റിൽ പഞ്ച് ചെയ്ത് മുങ്ങുന്നവരെ പിടികൂടാനെന്ന പേരിൽ കൊണ്ടുവരാനുദ്ദേശിച്ച പരിഷ്‌കാരങ്ങൾക്കായി 1.98 കോടിയാണ് സർക്കാർ ചെലവാക്കിയത്.ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനുദ്ദേശിച്ച പരിഷ്‌കാരമാണ് വ്യാപകമായ  ഉദ്യോഗസ്ഥ എതിർപ്പിനെ തുടർന്ന് മരവിപ്പിക്കേണ്ടി വന്നത്. സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലേക്ക് പ്രവേശിക്കാനായി ആക്‌സസ് സംവിധാനം ഏർപ്പെടുത്താനായിരുന്നു ഇത്രയും തുക ചെലവഴിച്ചത്. പോക്കും വരവും ശമ്പള വിതരണ സംവിധാനവുമായി ബന്ധിപ്പിച്ചാൽ ഉദ്യോഗസ്ഥരെ കുരുക്കിയിടാം എന്നായിരുന്നു ജീവനക്കാരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുദ്ദേശിച്ചവരുടെ ചിന്ത. അതെല്ലാം ഇപ്പോൾ കടലാസു പുലിയായി.  ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ആക്‌സസ് കൺട്രോൾ സംവിധാനം ബന്ധിപ്പിക്കാനുള്ള ശ്രമം മരവിപ്പിച്ച സാഹചര്യത്തിൽ പ്രവൃത്തി ദിവസമായ ഇന്ന് മുതൽ ഓഫീസുകൾക്ക് മുന്നിലും കവാടങ്ങളിലും ഇടനാഴികളിലും സ്ഥാപിച്ച ആക്‌സസ് കൺട്രോൾ സിസ്റ്റമെല്ലാം ഇളക്കി മാറ്റും.  കെട്ടിടത്തിലെ പ്രധാന കവാടത്തിലേത് മാത്രം നിലനിർത്തുമെന്നാണ് ഇപ്പോൾ പറയുന്നത്. അതെത്ര കാലം എന്ന് കണ്ടറിയണം. 75 ലധികം കൺട്രോൾ സംവിധാനമായിരുന്നു ഉദ്യോഗസ്ഥരെ 'പിടിക്കാൻ ' സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചത്. 34 വകുപ്പുകളിലായി വ്യാപിച്ചു കിടക്കുന്ന ജീവനക്കാരെ അവരവരുടെ സീറ്റിൽ പിടിച്ചിരുത്താൻ ഇതാണ് ഏക വഴിയെന്ന് ഭരണാധികാരികളെ ബോധിപ്പിച്ചത് ഉദ്യോഗസ്ഥ പ്രമുഖർ തന്നെയായിരുന്നു.
രണ്ട് മാസത്തേക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താനെടുത്ത തീരമാനത്തിനെതി്വര  തുടക്കത്തിൽ തന്നെ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏതിർപ്പുയർന്നിരുന്നു. ബയോ മെട്രിക് ഹാജരുമായി ബന്ധിപ്പിക്കുമെന്ന ഭാഗമാണ് ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് അതിവേഗം മരവിപ്പിക്കേണ്ടി വന്നത്.  ഇതിനായി പൊതുഭരണ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്.  2018 മുതൽ തന്നെ സെക്രട്ടറിയേറ്റിൽ പഞ്ചിങ് സംവിധാനമുണ്ട്. ഈ സംവിധാനം  ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 
ജോലി ചെയ്യുന്ന ഓഫീസിൽ നിന്ന് പുറത്തിറങ്ങിയാൽ അര മണിക്കൂറിനകം തിരിച്ചെത്തിയില്ലെങ്കിൽ ശമ്പളം നഷ്ടപ്പെടുന്ന  അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാണച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു നിയന്ത്രണ നടപടികളുടെ തുടക്കം. ഭരണാനുകൂല സംഘടനകൾ സ്വന്തം ഭരണകൂടത്തിന്റെ പരിഷ്‌കാരങ്ങളെ ആവേശത്തോടെ പിന്തുണച്ചു. എതിർശബ്ദം അന്ന് ദുർബലമായത് സ്വാഭാവികം. ജീവനക്കാരെ ബന്ദികളാക്കാൻ പറ്റില്ലെന്നാണ് മാറിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചീഫ് സെക്രട്ടറി തല യോഗത്തിൽ ജീവനക്കാർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത്. 

സർക്കാർ തീരുമാനം ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതും മനുഷ്യാവകാശം ലംഘിക്കുന്നതും ആണെന്നതിനാലാണ് പ്രതിഷേധിച്ചതെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രതിനിധി ഇർഷാദ് വിശദീകരിക്കുന്നു.   ജീവനക്കാർക്ക് ശുചിമുറിയിലേക്ക് പോകുന്നതിനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന തരത്തിലായിരുന്നു മുൻ ഉത്തരവിലെ തീരുമാനം. ഒരു ബ്ലോക്കിൽ നിന്ന് മറ്റു ബ്ലോക്കിലേക്ക് പോകുന്നതിന് പോലും ബുദ്ധിമുട്ടായിരുന്നു. ചില ബ്ലോക്കുകളിൽ ശുചിമുറികൾ പോലുമില്ല. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻ ഉത്തരവിനെ എതിർത്തത്. വിഷയം  മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിതല യോഗം വിളിച്ചത്. അന്നത്തെ യോഗത്തിലും ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ജീവനക്കാരുടെ വികാരം ഉൾക്കൊണ്ട് മുഖ്യമന്ത്രി എടുത്ത തീരുമാനം കാരണമാണ് പരിഷ്‌കാരം മരവിപ്പിക്കാനുള്ള നടപടി എന്നാണ്  ഭരണാനുകൂല സംഘടനായായ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ്   പി. ഹണി പറയുന്നത്. 
 എല്ലാ സർക്കാർ ഓഫീസുകളിലും ബയോ മെട്രിക് പഞ്ചിംഗ്  സ്പാർക്കുമായി ബന്ധിപ്പിക്കണമെന്ന നിർദേശവും പൂർണമായും നടപ്പായിട്ടില്ല. 14 ജില്ല കലക്ടറേറ്റുകളിലും ബയോ മെട്രിക് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.  70 ശതമാനം ഡയറക്ടറേറ്റുകളിലും ഓഫീസുകളിലും മാത്രമേ പഞ്ചിംഗ് സംവിധാനം നടപ്പായിട്ടുള്ളൂവെന്നാണ് ഇതേവരെയുള്ള കണക്ക്. വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിന് ശേഷമേ അന്തിമ കണക്ക് ലഭിക്കൂ.

പുതുതായി  നിർദേശിക്കപ്പെട്ട സെക്രട്ടറിയേറ്റ് നിയന്ത്രണം മാറ്റമില്ലാതെ നടപ്പായിരുന്നുവെങ്കിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും പ്രയാസത്തിലാകുമായിരുന്നു.  3 മുതൽ 5 വരെയുള്ള സമയമാണ് വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് സെക്രട്ടറിയേറ്റിൽ കയറാൻ സാധിച്ചിരുന്നത്. പുതിയ പരിഷ്‌കാരം വന്നാൽ സന്ദർശകർ റിസപ്ഷനിലെത്തി പോകേണ്ട ഓഫീസിലേക്കുള്ള പ്രത്യേക പാസ് വാങ്ങി പോകണമായിരുന്നു.അവിടെ നിന്ന് മറ്റൊരു ഓഫീസിലേക്കാണ് പോകാൻ പറയുന്നതെങ്കിൽ വീണ്ടും റിസപ്ഷനിൽ  എത്തി അവിടേക്ക് പാസെടുക്കുമ്പോഴേക്കും അന്നത്തെ സമയം കഴിയുന്ന അവസ്ഥ വരുമായിരുന്നു. 
പുതിയ കാര്യങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി പ്രതികരിച്ചിട്ടില്ല. സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം ജീവനക്കാരുടെയും സന്ദർശനത്തിനെത്തുന്ന ജനങ്ങളുടെയും എതിർപ്പ് ക്ഷണിച്ചു വരുത്തുന്ന പരിഷ്‌കാരത്തിൽ നിന്നാണ് സർക്കാർ ഇപ്പോൾ പിന്മാറിയിട്ടുള്ളത്.   ജീവനക്കാരെ വിരട്ടി കൂടെ നിർത്താനൊന്നും ഒരു ഭരണാധികാരിക്കും ഇതുവരെ കഴിഞ്ഞ ചരിത്രമില്ല. സി.പി.എം ഭരിക്കുമ്പോൾ ഇങ്ങനെയൊരു നീക്കമുണ്ടായതിൽ അവരുടെ സംഘടനക്കുള്ളിലും പ്രതിഷേധം സ്വാഭാവികമാണ്. അതു തണുപ്പിക്കാനുള്ള ശ്രമമാണ് അവരുടെ സംഘടനയുടെ ഭാഗത്തു നിന്നുണ്ടായത്. തങ്ങളുടെ സംഘടന മുഖ്യമന്ത്രിയെ കണ്ട്  പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്  വിവാദ ഉത്തരവ് മരവിപ്പിച്ചതെന്ന അവരുടെ സംഘടന നേതാവ് പി. ഹണിയുടെ വാക്കുകൾ ഇതിന് തെളിവാണ്.  അർപ്പണ ബോധം ആവശ്യമുള്ള ജോലി ചെയ്യുന്നവരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും മുന്നോട്ട് പോകാനാകില്ലെന്ന് ആധുനിക കാലത്തും മനസ്സിലാക്കുന്നില്ലെന്നത് വിചിത്രമെന്നേ പറയാനാകൂ.
 

Latest News