കോൺഗ്രസ് ഔപചാരികമായി പ്രക്ഷോഭം ഏറ്റെടുക്കുന്നതിനു മുന്നെ പലരും വൈക്കത്തെ വിലക്കപ്പെട്ട വീഥിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുകയും പോരാടുകയും ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ശ്രമിച്ച് കൊല്ലപ്പെട്ടവരുടെ ജഡങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കേ നടക്കു സമീപത്തുള്ള ഒരു കുളത്തിൽ കുഴിച്ചിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ പരിപൂർണ നിയന്ത്രണത്തിൽ എത്തുന്നതോടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തോടൊപ്പം സാമൂഹ്യ സ്വാതന്ത്ര്യ സമരത്തിലും സജീവമാകാൻ കോൺഗ്രസ് തീരുമാനിക്കുന്നതും അക്കാലത്തായിരുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി മത്സരിച്ചാഘോഷിക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ തന്നെ കൊണ്ടുവന്ന് കോൺഗ്രസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. രാഹുൽ ഗാന്ധിയുടെ സന്ദേശവും സമ്മേളനത്തിൽ വായിച്ചു. സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിന്റെ മുൻകൈയിൽ ഏപ്രിൽ ഒന്നിന് ആഘോഷ പരിപാടികൾ ആരംഭിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനാണ് മുഖ്യാതിഥിയായി എത്തിയത്.
ഏറ്റവും ആസുരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വൈക്കം സത്യഗ്രഹം പോലുള്ള ചരിത്ര സംഭവം ഓർക്കുന്നത് നല്ലതാണ്. എന്നാൽ ആർക്കാണ് അതാഘോഷിക്കാൻ അർഹതയുള്ളത് എന്നതു പരിശോധിക്കേണ്ട വിഷയം തന്നെയാണ്. ആ ചരിത്ര പോരാട്ടം മുന്നോട്ടുവെച്ച സന്ദേശവും രാഷ്ട്രീയവും മുന്നോട്ടു കൊണ്ടുപോകാൻ ഒന്നും ചെയ്യാത്തവർക്ക് ആ ചരിത്ര സ്മരണയുടെ പൈതൃകം അവകാശപ്പെടാനും ആഘോഷങ്ങൾ സംഘടിപ്പിക്കാനും അവകാശമുണ്ടോ എന്ന ചോദ്യം ചോദിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. എ.ഐ.സി.സി സമ്മേളന തീരുമാനപ്രകാരമാണ് സത്യഗ്രഹമാരംഭിക്കുന്നതെന്നും അതിനാൽ തന്നെ അതിന്റെ മുഴുവൻ അവകാശവും തങ്ങൾക്കാണെന്നാണ് കോൺഗ്രസ് വാദം. ഖാർഗെയും അതാവർത്തിച്ചു. പാർട്ടി രൂപീകരിക്കുന്നതിനു മുമ്പെ നടന്ന നവോത്ഥാന പോരാട്ടങ്ങളുടെപോലും പൈതൃകം ഏറ്റടുക്കുന്നവരാണല്ലോ കമ്യൂണിസ്റ്റുകാർ.
എന്നാൽ ആ പോരാട്ടം മുന്നോട്ടുവെച്ച ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഒരു നൂറ്റാണ്ടു കാലം ഒന്നും ചെയ്യാതിരിക്കുകയും മറിച്ച് മാറിമാറി അധികാരത്തിലിരുന്നിട്ടും കേരളീയ സമൂഹത്തെ ഒരുപാട് പിറകോട്ട് നയിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു ഇരുകൂട്ടർക്കും കൈകഴുകാനാവില്ല. അക്കാര്യത്തിൽ ഒരു സ്വയംവിമർശനമെങ്കിലും നടത്തി വേണമായിരുന്നു ഇത്തരത്തിലുള്ള ആഘോഷ പരിപാടികൾക്ക് തുടക്കമിടാൻ.
വഴിനടക്കാനും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും മാറുമറക്കാനും മറ്റുമുള്ള അവകാശങ്ങൾക്കായി അയ്യൻകാളിയുടെയും മറ്റും നേതൃത്വത്തിൽ ഐതിഹാസിക പോരാട്ടങ്ങൾ നടക്കുകയും നാരായണ ഗുരുവടക്കമുള്ളവരുടെ സന്ദേശങ്ങൾ കേരളമാകെ പ്രതിധ്വനിക്കുകയും ചെയ്തതിന്റെ തുടർച്ചയായിരുന്നു വൈക്കം സത്യഗ്രഹം. സത്യത്തിൽ 1865 ൽ എല്ലാ പൊതുനിരത്തുകളും വർണനിരപേക്ഷമായി ആർക്കും ഉപയോഗിക്കാം എന്ന അറിയിപ്പ് തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ചിരുന്നു. 1884 ജൂലൈ മാസത്തിലെ മറ്റൊരുത്തരവിൽ മുൻ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിനെ അതീവ ഗൗരവത്തോടെ കാണുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകി. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതിയുടെ മുമ്പാകെ പരിഗണനക്കു വന്നപ്പോൾ കോടതി, വഴികളെ രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ചിട്ട്, സർക്കാരിന്റെ നേരത്തേയുള്ള ഉത്തരവ് രാജവീഥികളെ മാത്രം ബാധിക്കുന്നതാണെന്ന് വിധിക്കുകയായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികൾ ഗ്രാമവീഥികളാണെന്നും കോടതി തീരുമാനിച്ചു. അതുകൊണ്ടാണ്, യാത്രാനുമതി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി 65 വർഷത്തിനു ശേഷവും ആ വഴികൾ അവർണർക്ക് അപ്രാപ്യമായി തുടർന്നത്. മാത്രമല്ല, ആ വീഥികളിൽ ഒരു കൂട്ടം പോലീസുകാരെ കാവലിന് ഏർപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
കോൺഗ്രസ് ഔപചാരികമായി പ്രക്ഷോഭം ഏറ്റെടുക്കുന്നതിനു മുന്നെ പലരും വൈക്കത്തെ വിലക്കപ്പെട്ട വീഥിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുകയും പോരാടുകയും ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ശ്രമിച്ച് കൊല്ലപ്പെട്ടവരുടെ ജഡങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കേ നടക്കു സമീപത്തുള്ള ഒരു കുളത്തിൽ കുഴിച്ചിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ പരിപൂർണ നിയന്ത്രണത്തിൽ എത്തുന്നതോടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തോടൊപ്പം സാമൂഹ്യ സ്വാതന്ത്ര്യ സമരത്തിലും സജീവമാകാൻ കോൺഗ്രസ് തീരുമാനിക്കുന്നതും അക്കാലത്തായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചതിൽ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് കോൺഗ്രസിനോട് വിയോജിപ്പുണ്ടായിരുന്നു. അതിനെ മറികടക്കാൻ കൂടിയായരുന്നു വിദേശ വസ്ത്ര ബഹിഷ്‌കരണം, ഖാദി പ്രചാരണം, മദ്യവിരുദ്ധ സമരം, അയിത്തത്തിനും അനാചാരങ്ങൾക്കും എതിരായ പോരാട്ടം, ഹിന്ദിബോധനം തുടങ്ങിയ വിഷയങ്ങൾ കോൺഗ്രസിന്റെ മുഖ്യപ്രമേയമാകുന്നത് എന്നു വിലയിരുത്തുന്നവരുണ്ട്. ഇക്കാലത്താണ് ആന്ധ്രയിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ ടി.കെ. മാധവൻ കോൺഗ്രസിന്റെ മുഖ്യ അജണ്ട എന്ന നിലയിൽ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്. സമ്മേളനം അതംഗീകരിക്കുകയും ആ ദിശയിലുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ സംഘടിപ്പിക്കാൻ ടി.കെ. മാധവനും കെ.പി. കേശവമേനോനും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും ഉൾപ്പെട്ട സമിതിയെ നിയോഗിക്കുകയും ചെയ്തു.
മാസങ്ങളോളമാണ് വൈക്കം സത്യഗ്രഹം നീണ്ടുപോയത്. ഗാന്ധിജിയുടെ ഇടപെടലോടെ പോരാട്ടം അഖിലേന്ത്യ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ അഹിന്ദുക്കളായവർ പങ്കെടുക്കേണ്ടതില്ല എന്ന ഗാന്ധിജിയുടെ നിലപാടും ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരിയുമായി അയാളുടെ വീടിന്റെ വരാന്തയിലിരുന്ന് ചർച്ച ചെയ്തതുമൊക്കെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ തെറ്റുകളായി തന്നെ വിലയിരുത്തപ്പെടും. താനൊരു സനാതന ഹിന്ദുവാണെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്ന അദ്ദേഹം ഒരുപക്ഷേ അതിലൊന്നും തെറ്റു കണ്ടിരിക്കില്ല. എന്നാൽ റോഡിൽ എല്ലാവർക്കും സഞ്ചരിക്കാനുള്ള അവകാശമായിരുന്നു നമ്പൂതിരിയുടെ വരാന്തയിയിലിരുന്ന് ഗാന്ധിജി ആവശ്യപ്പെട്ടതെന്നു മറക്കരുത്. സത്യത്തിൽ യുക്തിവാദിയായിരുന്ന പെരിയോറിന്റെ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ പോരാട്ടം അനന്തമായി നീണ്ടുപോകുമായിരുന്നു എന്നതാണ് വാസ്തവം. അതിനാൽ തന്നെ ശതാബ്ദി ആഘോഷങ്ങൾ തമിഴ്‌നാട്ടിൽ ഒരു വർഷം ആഘോഷിക്കുമെന്ന സ്റ്റാലിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്.
സത്യത്തിൽ നാലിൽ മൂന്നു വഴി മാത്രമാണ് പോരാട്ടത്തെ തുടർന്ന് തുറന്നു നൽകിയത്. പ്രധാന വഴി തുറന്നില്ല. അതിനേക്കാൾ പ്രധാനം വഴി നടക്കാനുള്ള അവകാശം ലഭിച്ചിട്ടും എത്രയോ കാലം കഴിഞ്ഞാണ് അവർണർ അതിലൂടെ സഞ്ചരിക്കാൻ ആരംഭിച്ചത് എന്നതാണ്. ജാതിവ്യവസ്ഥയും അയിത്തവുമെല്ലാം സ്വാഭാവികമാണെന്ന ബോധമായിരുന്നു സാമൂഹ്യ - വ്യക്തി ജീവിതത്തിൽ അലിഞ്ഞുകിടന്നിരുന്നത്.
എന്തുകൊണ്ട് ഇരുകൂട്ടർക്കും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷിക്കാനവകാശമില്ല എന്നതിലേക്ക് തിരിച്ചുവരാം. ഒരു സമൂഹത്തിന്റെ മുന്നോട്ടു പോക്കിന്റെ രണ്ടു കാലുകളാണ് രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവും. ഒരു കാലിൽ നിൽക്കാൻ ആർക്കുമാവില്ലല്ലോ. മുകളിൽ സൂചിപ്പിച്ച ചില പരിമിതികളൊക്കെ ഉണ്ടായിരുന്നു എങ്കിലും രണ്ടു കാലിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു വൈക്കം സത്യഗ്രഹം. എന്നാൽ ബ്രിട്ടീഷുകാരിൽ നിന്നു ഔപചാരിക സ്വാതന്ത്ര്യം നേടിയതോടെ സാമൂഹ്യ ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങൾ ഈ രണ്ടു വിഭാഗങ്ങളും ഉപേക്ഷിച്ച ചരിത്രമാണ് നമുക്കു മുന്നിലുള്ളത്.
അല്ലായിരുന്നെങ്കിൽ ക്ഷേത്രങ്ങളിലെ ശാന്തിക്കാർ എന്ന സർക്കാർ വേതനം നൽകുന്ന ജോലിയിൽ അവർണരെയും സ്ത്രീകളെയും കാണുമല്ലോ.
സ്ത്രീകൾക്കും അവർണ വിഭാഗങ്ങൾക്കും അധികാര മേഖലയിലും അതിനെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളിലും കാര്യമായ പങ്കാളിത്തം ലഭിച്ചോ? സ്ത്രീധന കൊലപാതകങ്ങൾ പോലും ആവർത്തിക്കുകയല്ലേ? കല്ലുമാല പൊട്ടിച്ചവർ ഇന്നു സ്വർണമാലയിൽ കുടുങ്ങിക്കിടക്കുകയല്ലേ? വഴി നടക്കാനുള്ള അവകാശം എല്ലാവർക്കുമായി എന്നു പറയുമ്പോൾ സ്ത്രീകൾക്ക് ഇപ്പോഴും അതുണ്ടോ? മാറുമറക്കാനവകാശം നേടിയവർക്ക് സ്വന്തം താൽപര്യമനുസരിച്ചുള്ള വസ്ത്രധാരണം സാധ്യമാണോ? സാമൂഹ്യ ജനാധിപത്യം എന്ന ആശയത്തെ കൊലക്കു കൊടുത്തല്ലേ സവർണ സംവരണം നടപ്പായത്? ലൈംഗികതയുമായി ബന്ധപ്പെട്ട കപട സദാചാര മൂല്യങ്ങളും സദാചാര പോലീസിംഗും വർധിക്കുകയല്ലേ? ഇന്നും ആൺ, പെൺ പള്ളിക്കൂടങ്ങൾ നിലനിൽക്കുന്ന പ്രദേശമല്ലേ കേരളം? ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അയിത്തത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടോ? അന്വേഷിക്കേണ്ടതാണ് ഈ കാര്യങ്ങളൊക്കെ.






