കാസര്‍കോട്- കെ എസ് ഇ ബിയുടെ വൈദ്യുതി ലൈനില്‍നിന്ന് കറന്റ് ഉപയോഗിച്ച് മീന്‍ പിടിച്ചുകൊണ്ടിരുന്ന യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുനയംകുന്ന് തൊട്ടോചാലില്‍ ആണ് സംഭവം. കമ്മാടത്തിനും കുന്നുംകൈക്കും ഇടയിലുളള കോടംകല്ല് അനന്തംപള്ളം വീട്ടില്‍ ജെയിംസിന്റെ മകന്‍ മാത്യു (43) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി മീന്‍ പിടിക്കാന്‍ പോയ മാത്യുവിന്റെ മൃതദേഹം ഷോക്കേറ്റ് മരിച്ച നിലയില്‍ തിങ്കളാഴ്ച രാവിലെയാണ് ബന്ധുക്കളും നാട്ടുകാരും കാണുന്നത്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ ഫിലിപ്പ് അന്വേഷിച്ചു ചെന്നപ്പോള്‍ പുഴയോരത്ത് പാറക്കല്ലിന് സമീപം ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. നാട്ടുകാര്‍ മൃതദേഹം കാണുമ്പോഴും കറന്റ് കടത്തിവിട്ടിരുന്ന ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതായി പറയുന്നു. യുവാവിന്റെ കൂടെ മറ്റു ചിലരും മീന്‍ പിടിക്കാന്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.
മാത്യുവിന്റെ വീടിന് ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള കാര്യങ്കോട് പുഴയുടെ കൈവഴിയില്‍ മുനയംകുന്ന് ഭാഗത്തെ പമ്പ് ഹൗസിന് സമീപമാണ് മീന്‍ പിടിച്ചത്. ഇത് വഴി കടന്നുപോകുന്ന എല്‍.ടി ലൈനില്‍ നിന്ന് കമ്പി ഉപയോഗിച്ച് കുളത്തിയെടുത്താണ് ഇന്‍വെര്‍ട്ടര്‍ മുഖേന വെള്ളത്തിലേക്ക് വൈദ്യുതി കടത്തിവിടുന്നത്. ഈ സമയം വെള്ളത്തിലുള്ള മീന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെല്ലാം ചത്തുപൊങ്ങും. ഇങ്ങനെ ചത്തുപൊങ്ങുന്ന മീന്‍ പിടിച്ചു കൊണ്ടുവരാനാണ് മാത്യുവും സംഘവും രാത്രി പുഴക്കരയിലേക്ക് പോയത്. നല്ല അളവില്‍ വൈദ്യുതി പ്രവഹിച്ചപ്പോള്‍ ഷോക്കേറ്റു എന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്






