സുഡാനിയുടെ ബാധ്യത വീട്ടാൻ രണ്ടേകാൽ ലക്ഷം നൽകി സൗദികൾ

സുഡാനി അബ്ദുല്ലയും സൗദി യുവാവ് ആമിർ ആലുസലാമ അൽയസീദിയും.

അബഹ - സുഡാനി തൊഴിലാളി അബ്ദുല്ലയുടെ സാമ്പത്തിക ബാധ്യത വീട്ടാൻ ആവശ്യമായ രണ്ടേകാൽ ലക്ഷം റിയാൽ രണ്ടു ദിവസത്തിനകം സമാഹരിച്ചുനൽകി അസീർ പ്രവിശ്യയിലെ തിഹാമ ഖഹ്താൻ നിവാസികൾ. വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ സുഡാനി രണ്ടേകാൽ ലക്ഷം റിയാൽ ദിയാധനം നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു. ദിയാധനം നൽകാത്ത പക്ഷം ജയിലിലാകുമെന്ന കാര്യം കണക്കിലെടുത്താണ് ഈ തുക സമാഹരിക്കാൻ തിഹാമ ഖഹ്താൻ സ്വദേശികളുടെ സഹായം സുഡാനി തേടിയത്. 
സുഡാനി ഓടിച്ച വാഹനം പാക്കിസ്ഥാനികളെ ഇടിക്കുകയും കൂട്ടത്തിൽ ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയുമായിരുന്നു. അപകടമുണ്ടായ അതേദിവസം തന്നെ അബ്ദുല്ലയുടെ ഭാര്യ സ്വദേശത്ത് മരണപ്പെട്ടതായും വിവരം ലഭിച്ചു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ദിയാധനം നൽകണമെന്ന കോടതി വിധി പുറത്തുവന്നതോടെ ഈ തുക സമാഹരിക്കാൻ അബ്ദുല്ല സ്വദേശികളുടെ സഹായം തേടുകയായിരുന്നു. തന്റെ പ്രയാസം പ്രദേശവാസികളിൽ എത്തിക്കാൻ സൗദി യുവാവ് ആമിർ ആലുസലാമ അൽയസീദിയുടെ സഹായം അബ്ദുല്ല തേടി. 
രണ്ടു ദിവസത്തിനകം ദിയാധനം പൂർണമായി സമാഹരിച്ച് കെട്ടിവെക്കാൻ സാധിച്ചു. സുഡാനിയുമായുള്ള സൗദി പൗരന്മാരുടെ അനുകമ്പയുടെയും സഹകരണത്തിന്റെയും ആത്മാർഥതയുടെയും സൂചനയായിരുന്നു ഇതെന്ന് ആമിർ ആലുസലാമ അൽയസീദി പറഞ്ഞു. ദിയാധനം തീർത്ത് തന്റെ പ്രയാസം തീർക്കാൻ സാധിച്ചതിൽ അബ്ദുല്ല അതിയായ സന്തോഷം പ്രകടിപ്പിച്ചു. പ്രതിസന്ധിയിൽ തന്നെ സഹായിച്ച എല്ലാവർക്കും സുഡാനി നന്ദി പറഞ്ഞു.

Latest News