ന്യൂദൽഹി- മാനനഷ്ടക്കേസിൽ ജാമ്യം ലഭിച്ച രാഹുൽ ഗാന്ധി വീണ്ടും പ്രതികരണവുമായി രംഗത്ത്. ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുൽ വ്യക്തമാക്കി. ഈ പോരാട്ടത്തിൽ സത്യമാണ് എന്റെ ആയുധം. സത്യമാണ് എനിക്കുള്ള പിന്തുണയുമെന്ന് രാഹുൽ പറഞ്ഞു. ഹിന്ദിയിലുള്ള ട്വീറ്റിലാണ് രാഹുൽ ഇങ്ങിനെ പറഞ്ഞത്.
മോഡി കുടുംബപ്പേര് സംബന്ധിച്ച ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരത്തെ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവ് വിധിച്ചിരുന്നു. ഈ കേസിൽ ഇന്നാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും അത് ഇടക്കാല ജാമ്യമായിരുന്നു.
'മോഡി' എന്ന കുടുംബപ്പേരുള്ളവർ കള്ളൻമാരാണോ എന്ന രാഹുലിന്റെ പരാമർശം മറ്റ് പിന്നാക്ക വിഭാഗങ്ങളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നൽകിയ മാനനഷ്ടക്കേസിലായിരുന്നു ശിക്ഷ വിധിച്ചത്. രണ്ടു വർഷത്തെ ശിക്ഷ വിധിച്ചതോടെ രാഹുലിന്റെ എം.പി സ്ഥാനവും റദ്ദായി.
രാഹുലിന്റെ ശിക്ഷാവിധി തിരുത്തിയില്ലെങ്കിൽ, എം.പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അയോഗ്യത നിലനിൽക്കുകയും എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് വരികയും ചെയ്യുമായിരുന്നു. എം.പി സ്ഥാനത്തുനിന്ന് അയോഗ്യത വന്നതോടെ സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നും രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. വീട് ഒഴിയാമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയ രാഹുൽ വീട്ടിൽനിന്ന് പുറത്തിറങ്ങാനുള്ള ഒരുക്കവും തുടങ്ങി.
കോൺഗ്രസ് നേതാക്കളുടെ ഒരു വലിയ സംഘത്തോടൊപ്പമാണ് രാഹുൽ ഗാന്ധി ഇന്ന് സൂറത്തിൽ എത്തിയത്. കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സുഖ്‌വീന്ദർ സിംഗ് സുഖു എന്നിവർ കൂടെയുണ്ടായിരുന്നു. സഹോദരി പ്രിയങ്കയും രാഹുലിനൊപ്പം ചേർന്നു.
അതേസമയം, ജുഡീഷ്യറിയെ സമ്മർദത്തിലാക്കാനുള്ള ബാലിശമായ ശ്രമം എന്നാണ് രാഹുലിന്റെ സൂറത്ത് സന്ദർശനത്തെ ബിജെപി വിശേഷിപ്പിച്ചത്.
രാഹുൽ ഗാന്ധി ഒരു അപ്പീൽ ഫയൽ ചെയ്യാൻ സൂറത്തിലേക്ക് പോകുന്നുണ്ടാകാം. ഒരു കുറ്റവാളി അപ്പീൽ ഫയൽ ചെയ്യാൻ വ്യക്തിപരമായി പോകേണ്ടതില്ല. പൊതുവെ, ഒരു കുറ്റവാളിയും വ്യക്തിപരമായി പോകില്ല. അദ്ദേഹത്തോടൊപ്പമുള്ള ഒരു കൂട്ടം നേതാക്കളുടെയും സഹായികളുടെയും കൂടെയാണ് അദ്ദേഹം വ്യക്തിപരമായി പോകുന്നത്. ഇത് നാടകമാണെന്ന് നിയമമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധി ചെയ്യുന്നത് അപ്പീൽ കോടതിയിൽ സമ്മർദ്ദം ചെലുത്താനുള്ള ബാലിശമായ ശ്രമമാണ്. രാജ്യത്തെ എല്ലാ കോടതികളും അത്തരം തന്ത്രങ്ങളിൽ നിന്ന് മുക്തമാണെന്നും കിരൺ റിജിജു പറഞ്ഞു.