ബാലികയെ കൊലപ്പെടുത്തി മൃതദേഹം  കഷ്ണങ്ങളാക്കി കവറില്‍ ഉപേക്ഷിച്ച യുവാവ് പിടിയില്‍

ജയ്പുര്‍- ഒമ്പതുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ 20കാരന്‍ പിടിയില്‍. രാജസ്ഥാനിലാണ് സംഭവം. ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. അയല്‍വാസിയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. മാര്‍ച്ച് 29നാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ കണ്ടെത്താനായത്. കമലേഷ് പ്ലാസ്റ്റിക് കവറുകളുമായി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് മൃതദേഹം വെട്ടിമുറിച്ച ശേഷം പ്ലാസ്റ്റിക് കവറിലാക്കുകയായിരുന്നു എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു. അതേസമയം, കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കം പരിശോധച്ച് വരികയാണെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിച്ച് വരികയാണെന്നും പോലീസ് സൂപ്രണ്ട് വികാസ് ശര്‍മ്മ പറഞ്ഞു.

Latest News