ജിദ്ദ-സൗദിയുടെ വടക്കൻ പ്രവിശ്യയിലെ റഫഹിനു തെക്ക് ഭാഗത്തു ലീനയിലാണ് സുലൈമാൻ നബിയിലേക്കു ചേർക്കപ്പെടുന്ന കിണറുകൾ സ്ഥിതി ചെയ്യുന്നത്. ചരിത്രത്തിന്റെ ആഴത്തിലേക്കു കുഴിച്ചിരിക്കുന്ന മൂന്നൂറോളം കിണറുകളാണ് ലീന ഹിസ്റ്റോറിക്കൽ മേഖലയിലുള്ളത്. കരിമ്പാറയിൽ തുളച്ചിരിക്കുന്ന കിണറുകൾക്ക് പതിനായിരത്തിലേറെ വർഷങ്ങൾ പഴക്കമുണ്ടെന്നതിനപ്പുറം അവയെ കുറിച്ചു വ്യക്തമായൊരു നിഗമനത്തിലെത്താൻ പുരാവസ്തു ഗവേഷകർക്ക് സാധിച്ചിട്ടില്ല. പെട്രയുടേതിനു സമാനമായ മറ്റേതോ നാഗരികത അറേബ്യയിൽ നിലനിന്നിരുന്നതിന്റെ അടയാളങ്ങളാണിതെന്നു ചില ഗവേഷകർ വാദിക്കുന്നു.
മനുഷ്യ കരങ്ങൾക്ക് അപ്രാപ്യമായതിനാൽ സുലൈമാൻ നബിയുടെ കാലത്ത് പിശാചുക്കളെകൊണ്ട് പണികഴിപ്പിച്ചതെന്നാണ് പല ഇസ് ലാമിക ചരിത്രകാരൻമാരും ഇതിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്. യെമനിലെ ഷേബ രാഞ്ജിയുടെ അടുത്തേക്കു പടനീക്കം നടത്തിയ വേളയിൽ സൈന്യത്തിനു വെള്ളമെടുക്കാൻ പിശാചുക്കളെയും ഭൂതങ്ങളെയും കീഴ്‌പ്പെടുത്തി ജോലി ചെയ്യിപ്പിച്ചിരുന്ന പ്രവാചകനായിരുന്ന സുലൈമാൻ(സോളമൻ) ന്റെ നിർദേശ പ്രകാരം ജിന്നുകളും പിശാചുക്കളും കുഴിച്ചതാണിതെന്നാണ് വിശദീകരണത്തിന്റെ രത്‌നചുരുക്കം. എന്നാൽ ഇത് തീർത്തും സാങ്കൽപികം മാത്രമാണെന്നാണ് സൗദി ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ തുർക്കി അൽ ഖിഹൈദാൻ അഭിപ്രായപ്പെടുന്നത്.
കിണറുകളിലേക്കിറങ്ങാൻ പാറകളിൽ കാൽ പാദങ്ങൾ വെക്കാൻ പാകത്തിൽ വെട്ടുകളുള്ളതും കിണറുകൾ കുഴിക്കാനുപയോഗിച്ചതെന്ന് കരുതപ്പെടുന്ന മഴുവിനോട് സാദൃശ്യമുള്ള അതി ബലിഷ്ഠങ്ങളായ പാറക്കഷ്ണങ്ങളും കിണറുകളിൽ കണ്ടെത്തിയതാണ് തന്റെ കാഴ്ചപ്പാടിനു തെളിവായി ഖിഹൈദാൻ നിരത്തുന്നത് സുലൈമാൻ ബൽഖീസിനെ കാണാൻ യെമനിലേക്കു പോയിട്ടില്ലെന്നും പോയിരുന്നാൽ തന്നെയും അതു ബൈത്തുൽ മുഖദ്ദസ് യെമൻ പാതയിൽ നിന്ന് ആയിരം കിലോമീറ്റർ മാറി ലീന ഹായിൽ വഴിയായിരിക്കില്ലെന്നും ഖിഹൈദാൻ വാദിക്കുന്നു. ജിയോളജിക്കൽ മേഖലയിൽ പരിജ്ഞാനമുള്ള ചിലരുടെ നിഗമനത്തിൽ സഹസ്രാബ്ധങ്ങൾക്കു മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തിൻെയോ പ്രകൃതി പ്രതിഭസങ്ങളുടെയോ ബാക്കി പത്രങ്ങളായിരിക്കാം ഈ കിണറുകളെന്നാണ്. ഒരു മീറ്റർ മുതൽ ഇരുപതു മീറ്റർ വരെ ആഴമുള്ള കിണറുകളിൽ മിക്കവഴും നാമവശേഷമായിട്ടുണ്ട്.