പാരീസ്- കുപ്രസിദ്ധമായ പ്ലേബോയ് മാസികയുടെ മുഖചിത്രമായി ഫ്രഞ്ച് മന്ത്രി മാര്‍ലിന്‍ ഷ്യാപ്പ. ഡിസൈനര്‍ വസ്ത്രമണിഞ്ഞ് മുഖചിത്രമായതിനുപുറമേ സ്ത്രീകളുടെയും സ്വവര്‍ഗാനുരാഗികളുടെയും അവകാശത്തെക്കുറിച്ച് 12 പേജ് അഭിമുഖവും സാമൂഹികസമ്പദ്ഘടനാ മന്ത്രിയായ ഷ്യാപ്പ നല്‍കിയിട്ടുണ്ട്. ഫെമിനിസ്റ്റ് എഴുത്തുകാരികൂടിയായ ഷ്യാപ്പയുടെ പ്രവൃത്തിയെ സഹമന്ത്രിമാരും നാട്ടുകാരും വിമര്‍ശിച്ചു.
ആഗ്രഹിക്കുന്ന കാര്യം സ്വശരീരം കൊണ്ടു ചെയ്യാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണ് പ്ലേബോയിയുടെ മുഖചിത്രമായതെന്നാണ് 40 വയസ്സുള്ള ഷ്യാപ്പയുടെ വാദം. എന്നാല്‍, രാജ്യത്ത് സമരങ്ങളും പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതില്‍ അക്രമാസക്തമായ പ്രക്ഷോഭങ്ങളും നടക്കുന്ന അവസരത്തിലുള്ള ഷ്യാപ്പയുടെ ചെയ്തിയെ പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമയം ഇതല്ലെന്ന് അവര്‍ ഷ്യാപ്പയോടു പറഞ്ഞു. വനിതാവകാശപ്രവര്‍ത്തകയായ എം.പി. സന്ദ്രൈന്‍ റൂസോയും അനവസരത്തിലുള്ള വിപ്ലവത്തെ വിമര്‍ശിച്ചു.
ഏപ്രില്‍-ജൂണ്‍ ലക്കത്തിലെ ഫ്രഞ്ച് പതിപ്പിലാണ് ഷ്യാപ്പയുടെ ചിത്രങ്ങളും അഭിമുഖവുമുള്ളത്. അശ്ലീല മാസികയല്ല പ്ലേബോയ് എന്നും ഏതാനും താളിലെ നഗ്നചിത്രങ്ങള്‍ ഒഴിച്ചാല്‍, മൂന്നുമാസത്തിലൊരിക്കല്‍ ഇറക്കുന്ന 300 പേജുള്ള പതിപ്പ് ബൗദ്ധികകാര്യങ്ങളും പുത്തന്‍പ്രവണതകളുമാണ് കൈകാര്യംചെയ്യുന്നതെന്നും പത്രാധിപര്‍ ഴാങ് ക്രിസ്റ്റഫ് ഫ്ലൊറന്റീന്‍ പറഞ്ഞു.






