ചാറ്റ് ജിപിടി മാത്രമല്ല ഇനി ഇറ്റലിയില്‍ ഇംഗ്ലീഷും തടയും

റോം- ഡാറ്റ സ്വകാര്യത ലംഘിക്കുമെന്ന ആശങ്കയ്ക്കിടയില്‍ ചാറ്റ് ജിപിടി നിരോധിച്ച ഇറ്റലി ഇംഗ്ലീഷ് ഉപയോഗം തടയാനും നീക്കം തുടങ്ങി. പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ ഔദ്യോഗിക ആശയവിനിമയങ്ങളില്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ വിദേശ ഭാഷകളിലെ പദങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം നിര്‍ദ്ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടിയായ ബ്രദേഴ്സ് ഒഫ് ഇറ്റലി.

ഇറ്റാലിയന്‍ ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇംഗ്ലിഷിനെതിരെ നിയമം കൊണ്ടുവരുന്നതെന്ന് വിശദീകരിക്കുന്നതിനൊപ്പം നിയമം ലംഘിക്കുന്നെന്ന് കണ്ടെത്തിയാല്‍ 100,000 യൂറോ പിഴ ഈടാക്കാനും തീവ്ര ദേശീയവാദി പാര്‍ട്ടിയായ ബ്രദേഴ്സ് ഒഫ് ഇറ്റലിയുടെ നിയമനിര്‍മ്മാതാക്കള്‍ തയ്യാറാക്കിയ കരട് ബില്ലില്‍ പറയുന്നു.

അതേസമയം ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ മാത്രമേ നിയമമാവുകയുള്ളു. ബില്ല് എപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. പേരുകളും ചുരുക്കെഴുത്തുകളും ഉള്‍പ്പെടെ ജോലിയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇറ്റാലിയന്‍ ഭാഷയില്‍ എഴുതണമെന്നും വിവര്‍ത്തനം അസാധ്യമാണെങ്കില്‍ മാത്രം വിദേശ പദങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാമെന്നും കരട് ബില്ലില്‍ സൂചിപ്പിക്കുന്നു.

പ്രാദേശിക സംസ്‌കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജോര്‍ജിയ മെലോനി സര്‍ക്കാര്‍ നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ ബില്ലിനെ അവതരിപ്പിച്ചിരിക്കുന്നത്. ലബോറട്ടറിയില്‍ നിര്‍മ്മിക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ഇറ്റലി അടുത്തിടെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം ഭക്ഷണം നിരോധിച്ചതെന്നാണ് വിശദീകരണം.

Latest News