Sorry, you need to enable JavaScript to visit this website.

മോഹൻലാലിന് കാപട്യം; മരിക്കുന്നതിന് മുമ്പേ എല്ലാം തുറന്നെഴുതുമെന്ന് ശ്രീനിവാസൻ

കൊച്ചി-മലയാള സിനിമയിൽ എക്കാലത്തും ആഘോഷിക്കപ്പെട്ട രണ്ടു താര ജോഡികളാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരും ചേർന്നുള്ള സിനിമകളും വൻ ഹിറ്റായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയിൽ തയ്യാറായ ചിത്രങ്ങളിൽ അഭിനയിച്ച മോഹൻലാലിന് സൂപ്പർ താരപദവിയിലേക്കുള്ള സഞ്ചാരം എളുപ്പമാകുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിൽ ഈയിടെയായി നല്ല ബന്ധമല്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനെ ഉറപ്പിക്കുന്ന തരത്തിൽ പുതിയ വെളിപ്പെടുത്തൽ നടത്തുകയാണ് നടൻ ശ്രീനിവസാൻ. മോഹൻ ലാൽ ഒരു കംപ്ലീറ്റ് ആക്ടറാണെന്നും എന്നാൽ അദ്ദേഹവുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. മോഹൻലാലിന്റെ കാപട്യത്തെ പറ്റി പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞു. ഡോ. സരോജ് കുമാർ എന്ന സിനിമ ഒരു തരത്തിൽ മോഹൻലാലിന്റെ സ്പൂഫ് ആയിരുന്നില്ലേ എന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. 
അഭിമുഖത്തിൽ തന്റെ രാഷ്ട്രീയത്തെ പറ്റിയും ശ്രീനിവാസൻ തുറന്നുപറയുന്നുണ്ട്. കോളേജിലെ ആദ്യ വർഷം താൻ കെ.എസ്.യുവും അടുത്ത വർഷം എ.ബി.വി.പിയുമായിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത്. അന്ന് തനിക്കൊരു ബോധവുമില്ലെന്നും എന്ത് വേണമെങ്കിലും ആവുമെന്നും അദ്ദേഹം പറഞ്ഞു. അച്ഛന് കമ്മ്യൂണിസത്തിന്റെ പശ്ചാത്തലമായിരുന്നു. അച്ഛൻ കമ്മ്യൂണിസ്റ്റായതുകൊണ്ട് ആ പാരമ്പര്യമാണെന്ന് വിചാരിച്ചു. അമ്മയുടെ വീട്ടിൽ ചെന്നപ്പോഴാണ് മഹാത്മാ ഗാന്ധിയെ പറ്റി കേൾക്കുന്നത്. അവിടെ അമ്മയുടെ അച്ഛനും ആങ്ങളമാരും എല്ലാവരും കോൺഗ്രസുകാരാണ്.
കോളേജിൽ ചേർന്നതിന്റെ ആദ്യവർഷം കെ.എസ്.യുക്കാരനായിരുന്നു. പിന്നീട് എ.ബി.വി.പിക്കാരൻ ബ്രെയിൻ വാഷ് ചെയ്തപ്പോൾ എ.ബി.വി.പിയായി. എ.ബി.വി.പിയുടെ രക്ഷാബന്ധൻ കെട്ടി നാട്ടിൽ എത്തിയ ആദ്യത്തെ ആൾ ഞാനാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലേക്ക് ചരടും കെട്ടിയിറങ്ങിയത് വലിയ പ്രശ്നമായി മാറിയിരുന്നു. എന്താടാ വട്ടായോ എന്നൊക്കെ ആൾക്കാർ ചോദിച്ചു. പിന്നെ എന്റെയൊരു സുഹൃത്ത് എന്ത് മണ്ണാങ്കട്ടയാടാ കെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് ചരട് പൊട്ടിക്കാൻ നോക്കി. നീ ഇത് പൊട്ടിക്കുന്നതും നിന്നെ ഞാൻ കൊല്ലുന്നതും ഒരേ നിമിഷമായിരിക്കുമെന്ന് ഞാൻ പറഞ്ഞു. അവൻ പെട്ടെന്ന് കൈ വലിച്ചു. 
മോഹൻലാലിനെ നായകനാക്കി പ്രേം നസീർ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മോഹൻലാൽ കാരണമാണ് സിനിമ നടക്കാതെ പോയത്. വയസാൻ കാലത്ത് ഇങ്ങേർക്ക് വേറെ പണിയില്ലേ എന്നാണ് മോഹൻലാൽ തന്നോട് പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുമ്പായിരുന്നു നസീർ സാറിന്റെ മരണം. അടുത്ത ദിവസത്തെ പത്രം നോക്കുമ്പോൾ നസീറിനെ പുകഴ്ത്തിയുള്ള ലാലിന്റെ കുറിപ്പ്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ മോഹമായിരുന്നു എന്നാണ് അതിൽ എഴുതിയിരുന്നത്. എന്നാൽ എനിക്ക് അത് സഹിക്കാൻ പറ്റിയില്ല. മോഹൻലാലിനെ വിളിച്ചു പൊട്ടിത്തെറിച്ചു. ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞു.
 

Latest News