റിയാദ്- റിയാദിലും ജിദ്ദയിലും മോഷ്ടാക്കളുടെ എണ്ണം പെരുകുന്നതായി സൂചന. ഇടക്കാലത്ത് മോഷണവും പിടിച്ചുപറിയും കുറഞ്ഞിരുന്നുവെങ്കിലും ഇവ വീണ്ടും ക്രമാതീതമായി വർധിക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിയാദിലെ ബത്ഹയിൽ മലയാളിക്ക് നേരിടേണ്ടി വന്നത് ആറംഗസംഘത്തിന്റെ മൃഗീയ പീഡനം. തിരുവനന്തപുരം പട്ടം സ്വദേശി ബിനു (53) ആണ് അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് രാത്രി എട്ടുമണിക്ക് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബിനുവിനെ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. പിടിവലിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിനുവിനെ സംഘം പിന്തുടർന്ന് പിടികൂടുകയും ഇരുമ്പുവടി ഉപയോഗിച്ച് ഇരുകാലുകളും അടിച്ച് ഒടിക്കുകയുമായിരുന്നു. ശേഷം പേഴ്‌സും മൊബൈൽ ഫോണും കവർന്ന സംഘം ഓടി രക്ഷപ്പെട്ടു. ബത്ഹയിലെ അൽ മാസ് റെസ്റ്റാറന്റിന് പിന്നിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇരുകാലുകൾക്കും ഗുരുതരമായ പരിക്ക് പറ്റിയ ബിനു നിലവിൽ ഏറെ പ്രതിസന്ധിയിലാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തു വരുന്ന ബിനു ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ ദിവസം ജിദ്ദയിലും സമാന സംഭവം അരങ്ങേറിയിരുന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ജീവനക്കാരൻ റഫീഖിനെ നാലു പേർ തടഞ്ഞുനിർത്തി പഴ്‌സ് തട്ടിപ്പറിക്കുകയായിരുന്നു. ഇഖാമയും മൊബൈലും രണ്ട് എ.ടി.എം കാർഡുകളും നഷ്ടപ്പെട്ടു. സിത്തീൻ റോഡിനും മക്രോണക്കുമിടയിൽ ഗർണാത്ത സ്ട്രീറ്റിൽ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. നാല് അറബ് വംശജരാണ് തടഞ്ഞുനിർത്തി റഫീഖിനെ മർദ്ദിച്ചത്.






