Sorry, you need to enable JavaScript to visit this website.

മലബാറില്‍ ദുരിതപ്പെയ്ത്ത്; ഉരുള്‍പ്പൊട്ടലില്‍ രണ്ടു മരണം, 13 പേരെ കാണാതായി (video)

കോഴിക്കോട്/മലപ്പുറം- കേരളത്തില്‍ നര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ പലയിടത്തും നാശനഷ്ടം. മലബാര്‍ മേഖലയില്‍ മഴ വ്യാപക ദുരിതം വിതച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. കോഴിക്കോട്, കണ്ണൂര്‍ മലപ്പുറം ജില്ലകളിലെ മലയോര മേഖലയില്‍ വ്യാപക ഉരുള്‍പ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. മലപ്പുറത്തും കോഴിക്കോട്ടും രണ്ടു പേര്‍ മരിച്ചു. ഈ രണ്ടു ജില്ലകളിലായി 13 പേരേ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

കോഴിക്കോട് കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍പ്പെട്ട ഒമ്പതു വയസ്സുകാരിയാണ് മരിച്ചത്. മലമുകളിലെ തടയണ തകര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്്. തുടര്‍ന്ന് വീടിനുള്ളില്‍ കുടുങ്ങിയ ബാലികയാണ് മരിച്ചത്. കുത്തിയൊലിച്ചെത്തിയ മണ്ണില്‍ കുടുങ്ങിയ കുടുംബത്തെ ആശുപത്രിയിലേക്കു മാറ്റി. കണ്ണൂരില്‍ മാക്കൂട്ടത്ത് ചെങ്കല്‍ തൊഴിലാളിയായ വിളമന സ്വദേശി ശരത്താണ് മരിച്ചത്. മാക്കൂട്ടത്തെ തോട്ടില്‍ നിന്നാണ് ഇന്നലെ വൈകീട്ട് മൃതദേഹം ലഭിച്ചത്. 

കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം.
 

മലപ്പുറം ജില്ലയില്‍ നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിറഞ്ഞൊഴുകിയ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരാളെ കാണാതായി. തിരൂരിനടുത്ത പടിഞ്ഞാറെക്കരയില്‍ തോണി മറിഞ്ഞ് മറ്റൊരാളേയും കാണാതായി. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ വന്‍ഗതാഗതക്കുരുക്കാണ്. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെ മറ്റുള്ള സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധിയാണ്. മലപ്പുറം ജില്ലയില്‍ നിമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെ മറ്റുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചു. പിഎസ്‌സി, സര്‍വകലാശാല പരീക്ഷകളില്‍ മാറ്റമില്ല.
 

Latest News