ഗുജറാത്ത് കലാപത്തിനിടെ കൂട്ടക്കൊലയും കൂട്ടബലാല്‍സംഗവും നടത്തിയ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ഗോധ്ര (ഗുജറാത്ത്) - ഗുജറാത്ത് കലാപത്തിന്  അനുബന്ധമായുള്ള  കൊലപാതകം, കൂട്ടബലാത്സംഗം എന്നിവ അടക്കമുള്ള വിവിധ കുറ്റക്യത്യങ്ങളില്‍ പ്രതികളായ 26 പേരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി ഉത്തരവ്.  2002ല്‍ നടന്ന സംഭവത്തില്‍ 20 വര്‍ഷത്തിന് ശേഷമാണ് ഗോധ്ര സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കേസുകളില്‍ ആകെ  39 പ്രതികളാണുണ്ടായിരുന്നത്. ഇവരില്‍  13 പേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കലോല്‍ പ്രദേശത്ത് മുസ്‌ലീം സമുദായത്തിലെ  12 ലധികം പേരെ കൊലപ്പെടുത്തുകയും കൂട്ട ബലാത്സംഗം നടത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. സെഷന്‍സ് ജഡ്ജ് ലീലാഭായ് ചുദസമയാണ് മതിയായ തെളിവുകളില്ലെന്ന കാരണം പറഞ്ഞ് പ്രതികളെ വിട്ടയച്ചത്. 
2002 ല്‍ ഫെബ്രുവരി 27 ഗോധ്രയില്‍ സബര്‍മതി എക്‌സപ്രസ് ട്രെയിനില്‍ 59 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തത്തെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിനാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ മുസ്‌ലീം സമുദായത്തിലുള്ളവര്‍ക്കെതിരെ വ്യാപക അക്രമം നടന്നു. പുരുഷന്‍മാര്‍ മൃഗീയമായി കൊല്ലപ്പെട്ടു. മുസ്‌ലീം സ്ത്രീകള്‍ കൂട്ട ബലാല്‍സംഗത്തിരയാകുകയും ചെയ്തു. കുട്ടികളെപ്പോലും  നരാധമന്‍മാര്‍ വെറുതെ വിട്ടില്ല. കലാപ അനുബന്ധ കേസുകളില്‍ 190 സാക്ഷികളെ വിസ്തരിച്ചെങ്കിലും വാദിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടത്. 

 

 

 

 

 

 

 

 

Latest News