ഒരു ലക്ഷം നിരോധിത പേപ്പര്‍ കപ്പുകള്‍ പിടികൂടി

കണ്ണൂര്‍-കൂത്തുപറമ്പ് നഗരസഭയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ റെയ്ഡിനെത്തിയ ജില്ലാ എന്‍ഫോഴ്സ്മെന്റ് ടീം പിടികൂടിയത് ഒരു ലക്ഷത്തില്‍പരം നിരോധിത പേപ്പര്‍ കപ്പുകള്‍. ഒപ്പം പേപ്പര്‍ വാഴയില, ഗാര്‍ബേജ് ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയ മറ്റ് വസ്തുക്കളും ടീം പിടികൂടി. കഴിഞ്ഞ ദിവസം നിരോധിത വസ്തുക്കള്‍ വില്‍പന നടത്തിയതിന് പതിനായിരം  രൂപ പിഴ ചുമത്തിയ റോയല്‍ സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ നിന്നാണ് ഇത്രയും നിരോധിത വസ്തുക്കള്‍ കണ്ടെടുത്തത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെട്രോ ഹോം ഗാലറി, കൊച്ചിന്‍ സ്റ്റേഷനറി എന്ന സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി.മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മെട്രോ ഫസ്റ്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കാനും തൊക്കിലങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടത് അന്വേഷിച്ച് കുറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കാനും നഗരസഭയ്ക്ക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി.
ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ പരിശോധന നടത്തിയ രണ്ടാമത്തെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പുതിയതെരുവിലെ ബേക്കറി, ജ്യൂസ് ,വെജിറ്റബിള്‍സ് കടകള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നും നിരോധിച്ച ഡിസ്പോസിബിള്‍ കപ്പ്, ഡിസ്പോസിബിള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവ പിടികൂടി. നടപടി സ്വീകരിക്കുന്നതിന് അതാത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ ഓഡിറ്റോറിയങ്ങളിലെ ഹരിത പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനുള്ള പരിശോധനയാണ് ലക്ഷ്യമിടുന്നത്.

Latest News