ഭാര്യാമാതാവിനെ തലക്കടിച്ച് കൊന്ന പ്രതിക്ക് വേണ്ടി തിരച്ചിൽ

ഇടുക്കി-മദ്യലഹരിയില്‍ യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്നു. പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മുരിക്കാശേരി വാത്തിക്കുടി ആമ്പക്കാട്ട് രാജമ്മ(58) യാണ് മരിച്ചത്. തലക്കടിയേറ്റ് ഭര്‍ത്താവ് ഭാസ്‌കരനെ(64) ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൂത്തമകള്‍ രജിതയുടെ ഭര്‍ത്താവ് പണിക്കന്‍കുടി സ്വദേശി സുധീഷ്(33) ആണ് ക്രൂരകൃത്യം നടത്തിയത്.
വൈകിട്ട് നാലിന് മദ്യപിച്ച് വാത്തിക്കുടിയിലെ ഭാര്യവീട്ടിലെത്തിയ സുധീഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ ഭാസ്‌കരനേയും രാജമ്മയേയും സുധീഷ് ആക്രമിച്ചു. പിന്നാലെ കൈയില്‍ കിട്ടിയ കോടാലി കൊണ്ടടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. മുരിക്കാശേരി പോലീസ് എത്തി രാജമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് സുധീഷിനായി തിരച്ചില്‍ ആരംഭിച്ചു. ഭാസ്‌കരനും രാജമ്മക്കും രണ്ട് പെണ്‍മക്കളാണ്. മുരിക്കാശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ രജിത വര്‍ഷങ്ങളായി വാത്തിക്കുടിയിലെ സ്വന്തം വീട്ടില്‍ നിന്നാണ് ജോലിക്ക് പോകുന്നത്. രജിതയുടെ ഭര്‍ത്താവ് സുധീഷ് ഇടക്ക് ഭാര്യവീട്ടിലെത്തി പുരയിടത്തില്‍ കൃഷിയും മറ്റും നടത്തിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഇളയ മകള്‍ സുനിതയെ അടുത്ത ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കെയാണ് രാജമ്മയുടെ മരണം.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News