കൂട്ടു പ്രതിയായ സ്ത്രീക്കൊപ്പം നിന്നത് ഇഷ്ടപ്പെട്ടില്ല, ഭാര്യ കോടതി മുറിയില്‍ ഭര്‍ത്താവിന്റെ കരണം പുകച്ചു

തിരുവനന്തപുരം - കൂട്ടു പ്രതിയായ സ്ത്രീക്കൊപ്പം ഭര്‍ത്താവ് കോടതി മുറിയില്‍ നിന്നത് ഇഷ്ടപ്പെടാത്ത ഭാര്യ ഭര്‍ത്താവിന്റെ കരണം പുകച്ചു. കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് കേസിന്റെ വിചാരണക്ക് എത്തിയപ്പോഴാണ് സംഭവം. സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയാണ് ഭര്‍ത്താവ്. ഇവരുടെ കൂട്ടുപ്രതി ഒരു സ്ത്രീയാണ്. കേസിന്റെ വിചാരണക്കായി കോടതിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവും കൂട്ടുപ്രതിയായ സ്ത്രീയും കോടതി മുറിയില്‍ അടുത്തടുത്തായി ഒരുമിച്ചാണ് നിന്നത്. ഇയാളുടെ ഭാര്യയും കോടതിയില്‍ എത്തിയിരുന്നു. പ്രതികളായ തന്റെ ഭര്‍ത്താവും കൂട്ടുപ്രതിയായ ഭാര്യയും അടുത്തടുത്ത് നില്‍ക്കുന്നത് കണ്ടതോടെ പ്രകോപിതയായ ഭാര്യ കോടതി മുറിയില്‍ വെച്ച് ഭര്‍ത്താവുമായി കലഹിക്കുകയും ഇയാളുടെ കരണത്തടിക്കുകയുമായിരുന്നു. സംഭവം കണ്ട് മജിസ്‌ട്രേറ്റും അഭിഭാഷകരുമെല്ലാം അമ്പരന്നു. കുറച്ച് നേരത്തേക്ക് കോടതി നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ഭാര്യയെയും ഭര്‍ത്താവിനെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.

 

Latest News