ജിദ്ദ- ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി, ഏറനാട് മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് റംല സുബൈറിനും ഭർത്താവ് സുബൈറിനും സ്വീകരണവും മെമ്പർമാർക്കായി നോമ്പ് തുറയും സംഘടിപ്പിച്ചു. ജിദ്ദ സീസൺ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ പഞ്ചയാത്ത് പ്രസിഡന്റ് ഫിറോസ് ബാബു എടവണ്ണ അധ്യക്ഷത വഹിച്ചു.
ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി സൈദലവി കുഴിമണ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് വൈസ് പ്രസിഡന്റ് റംല സുബൈറിനും വനിതാ ലീഗ് നേതാക്കൾക്കും പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്ന് സൈദ് ആശംസിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി സുൽഫീക്കർ ഒതായി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ ഓരോ അംഗവും മലപ്പുറം ജില്ലാ കെ.എം.സി.സി ജിദ്ദ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജിദ്ദ, കെ.എം.സി.സി നാഷണൽ കമ്മിറ്റി നടത്തുന്ന കുടുംബ സുരക്ഷാ സ്‌കീമിൽ അതാത് കാമ്പയിന്റെ സമയത്ത് ഭാഗമാകാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇപ്പോൾ ജില്ലാ സുരക്ഷയുടെ കാമ്പയിൻ നടക്കുകയാണ്. ഏതാനും ദിവസംകൊണ്ട് അവസാനിക്കുമെന്നും അതിനു മുമ്പ് സുരക്ഷാ സ്‌കീം അംഗങ്ങളാകാൻ മറക്കരുതെന്നും സുൽഫീക്കർ ഓർമിപ്പിച്ചു.
ചെയർമാൻ സുനീർ കെ.പി റംല സുബൈറിനെ ഷാൾ അണിയിച്ച് സ്വീകരണം നൽകി. ജനറൽ സെക്രട്ടറി അബൂബക്കർ കെ.സി പള്ളിമുക്ക് സ്വാഗതം പറഞ്ഞു. സുബൈർ പി.കെ സ്വീകരണത്തിന് നന്ദി പറഞ്ഞു. ട്രഷറർ ഹബീബ് കാഞ്ഞിരാല നന്ദി പ്രകാശിപ്പിച്ചു. ജുനൈസ് കാഞ്ഞിരാല, ആരിഫ് വി.ടി, ഷബീബ്.ടി, ഹമീദ് മൂർക്കൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






