Sorry, you need to enable JavaScript to visit this website.

ഒത്തുപിടിച്ചാല്‍ അതിവേഗത്തില്‍ കേരളത്തെ മാറ്റാമെന്ന്  മന്ത്രി പി. രാജീവ്

കൊച്ചി- നമ്മളെല്ലാവരും കൂടി വിചാരിച്ചാല്‍ കേരളം അതിവേഗത്തില്‍ മാറുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള വ്യവസായ വകുപ്പുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ന്യൂഡല്‍ഹിയുടെ എം. എസ്. എം. ഇ. ആന്റ് സ്റ്റാര്‍ട്ടപ് കമ്മിറ്റിയും ഐ. സി. എ. ഐയുടെ കേരളത്തിലെ ഒന്‍പത് ശാഖകളും ചേര്‍ന്ന് എറണാകുളം ശാഖയുടെ ആതിഥേയത്വത്തില്‍ കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച എം. എസ്. എം. ഇ. ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 139815 സംരംഭങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്. എണ്ണായിരം കോടി രൂപയിലേറെയാണ് ഈ മേഖലയില്‍ നിക്ഷേപിച്ചത്. മൂന്നു ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി തൊഴില്‍ ലഭിച്ചത്. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാരുള്ള സംസ്ഥാനമാണ് കേരളം. സര്‍ക്കാറിന്റെ പുതിയ വ്യവസായ നയത്തിലൂടെ സംരംഭകത്വ രംഗത്തേക്ക് വനിതകളെ എത്തിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എം. എസ്. എം. ഇ. രംഗത്തേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് ഒരു വര്‍ഷം സൗജന്യമായി സേവനം നല്‍കാമെന്ന ഐ. സി. എ. ഐ. തീരുമാനത്തെ മന്ത്രി അഭിനന്ദിച്ചു.

കേരള സര്‍ക്കാര്‍ ഇന്‍ഡസ്ട്രീസ് ആന്റ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഡസ്ട്രീസ് ആന്റ് ജനറല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ. പി. എം, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എം. എസ്. എം. ഇ. ആന്റ് സ്റ്റാര്‍ട്ടപ്പ് കമ്മിറ്റി ചെയര്‍മാന്‍ ധീരജ് കുമാര്‍ ഖണ്ഡേല്‍വാല്‍, വൈസ് ചെയര്‍മാന്‍ രാജ് ചൗള, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പന്നാരാജ് എസ് എന്നിവര്‍ സംസാരിച്ചു.
ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്സ് ജോയിന്റ് ഡയറക്ടര്‍ രാജീവ് ജി, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ എം. ഡി. ഹരികിഷോര്‍ എസ്, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനറും കാനറ ബാങ്ക് കേരള ഹെഡുമായ പ്രേംകുമാര്‍ എസ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ വീരമണി, ദീപക് ഗുപ്ത എന്നിവര്‍ ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേന്ദ കമ്മിറ്റി മുന്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍ സ്വാഗതവും എറണാകുളം ശാഖാ ചെയര്‍ പേഴ്‌സണ്‍ ദീപ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

Latest News