Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ല, ചൂട് കൂടി പ്ലാസ്റ്റിക് കത്തിയതാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി- ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ അഗ്നിബാധയില്‍ അട്ടിമറിയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ചൂട് കൂടിയപ്പോള്‍ പ്ലാസ്റ്റിക് കത്തിയാതാകാനാണ് സാധ്യതയെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കൊച്ചി പോലീസിന് കൈമാറി.
ബ്രഹ്മപുരം തീപിടുത്തത്തിലെ അട്ടിമറി സാധ്യതയെ തള്ളി കളയുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്നതിന്റെ താഴ്ന്ന ഭാഗത്ത് നിന്നാണ് ആദ്യം തീപടര്‍ന്നത്. ചൂട് കൂടിയപ്പോള്‍ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രഹ്മപുരത്ത് നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ സ്വാഭാവിക തീപിടുത്തമാണ് ഇത്തവണയും ഉണ്ടായത്. മാലിന്യകൂമ്പാരത്തിന് അടിത്തട്ടില്‍ മീഥേന്‍ ഗ്യാസ് രൂപപ്പെടുകയും തുടര്‍ന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം. ശക്തമായ കാറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും തീ വേഗത്തില്‍ പടരുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബ്രഹ്മപുരത്തെ മാലിന്യത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തീ കത്തിച്ചതിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തീ പിടിക്കുന്ന സമയത്ത് പ്ലാന്റിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരേയും നേരത്തേ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ നിന്നും തീ കത്തിച്ചതായുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തീയണക്കല്‍ പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞ് പ്ലാന്റില്‍ വീണ്ടും തീപ്പിടുത്തമുണ്ടായി. അത് അന്നുതന്നെ അണയ്ക്കുകയും ചെയ്തു. ഇതും സ്വാഭാവികമായുണ്ടായ തീപിടുത്തത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്.

 

Latest News