കൊച്ചി- ഹൈക്കോടതി ജാമ്യം അനുവദിച്ച പോക്‌സോ കേസ് പ്രതി വിധി വരുന്ന ദിവസം കോടതിയില്‍ ഹാജരാവാതെ മുങ്ങി. 14 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റൂഹുല്‍ അമീന്‍ (32) ആണ് വിധി വരുന്ന ദിവസം എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാവാതെ മുങ്ങിയത്.
കേസില്‍ അന്തിമവാദം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കേരള ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. 2021 ജൂണില്‍ അറസ്റ്റിലായ പ്രതി രണ്ടുദിവസം മുന്‍പ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. കേസിലെ വിധി പറയാനുള്ള തിയ്യതിയുടെ രണ്ടു ദിവസം മുന്‍പ് ജാമ്യക്കാര്‍
കീഴ്‌ക്കോടതിയില്‍ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും തുടര്‍ന്ന് പ്രതിയെ ജയിലില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പോലീസും പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തെങ്കിലും വിചാരണ നടന്നുകൊണ്ടിരിക്കുന്നു എന്ന കാരണത്താലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. വിചാരണയുടെ തല്‍സ്ഥിതി കീഴ്‌കോടതിയില്‍ നിന്ന് ഹൈക്കോടതി തേടിയിരുന്നില്ല.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രതി 14 വയസ്സുള്ള കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തിന് കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ വിചാരണ ആറുമാസമായി വേഗത്തിലാണ് നടക്കുന്നത്.
വിധി പറയുന്ന ദിവസം പ്രതി കോടതിയില്‍ ഹാജരാവാത്തതിനാല്‍ ഇയാള്‍ക്കെതിരെ എറണാകുളം പോക്‌സോ കോടതിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കി ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കുവാനും കോടതി ഉത്തരവായി.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും ഏഴോളം ഗുരുതരമായ വകുപ്പിലാണ് പ്രതി വിചാരണ നേരിട്ടുകൊണ്ടിരുന്നത്. പ്രതി സ്വദേശമായ വെസ്റ്റ് ബംഗാളിലേക്കോ ബംഗ്ലാദേശിലേക്കോ കടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം.