Sorry, you need to enable JavaScript to visit this website.

ലോകായുക്ത ഭിന്ന വിധിയും സർക്കാരിന്റെ നിലനിൽപും

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും സംബന്ധിച്ചിടത്തോളം ഭിന്ന വിധി കേസ് ജയിച്ചതിന് തുല്യമാണ്. ഗവർണർ തൽക്കാലത്തേക്ക് വാശിപിടിച്ചാലും ലോകായുകത ഭേദഗതി ബിൽ നിയമമായി മാറും. അതിന് മുമ്പ് ദുരിതാശ്വാസ ഫണ്ട് അഴിമതിയിൽ മൂന്നംഗ വിശാല ബെഞ്ചിന്റെ ഉത്തരവ് വരാനിടയില്ല. വർഷങ്ങളോളം അതിന് കാലതാമസം ഉണ്ടാകാം. ലോകായുക്ത ഭേദഗതി പ്രാബല്യത്തിൽ വന്ന ശേഷം പ്രതികൂലമായ വിധി വന്നാൽ പോലും സർക്കാരിന് ഒന്നും പേടിക്കാനില്ല. അതായത് നിയമത്തിന്റെ മറ്റ് തരത്തിലുള്ള ഇടപെടലുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ സർക്കാർ നൂറ് ശതമാനം സേഫ് ആണെന്നർത്ഥം. 

 

ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചെലവഴിച്ചെന്ന കേസിൽ മുഖ്യമന്ത്രിക്കും മുൻ സർക്കാരിലെ മുഴുവൻ മന്ത്രിമാർക്കുമെതിരെയുള്ള കേസ് ലോകായുക്തയിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്ന് മൂന്നംഗ ഫുൾ ബെഞ്ചിന് വിടാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉത്തരവിട്ടിരിക്കുകയാണ്. ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണ് കേസിൽ ഭിന്നാഭിപ്രായം രേഖപ്പടുത്തിയത്. ലോകായുക്തയിലെ ഭിന്ന വിധി മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണുണ്ടാക്കിയത്. വിധി മറിച്ചായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് രാജിവെയ്ക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും ഉണ്ടാകുമായിരുന്നില്ല. അങ്ങനെ സംഭവിച്ചാൽ ഏത് നിമിഷവും നിലച്ചു പോകാവുന്ന സർക്കാരിന്റെ ജീവൻ തിരിച്ചു കിട്ടുകയാണ് ഭിന്ന വിധിയിലൂടെ ഉണ്ടായിട്ടുള്ളത്. 
മൂന്നംഗ ബെഞ്ച് ഇനി പരാതിക്കാരന്റെയും സർക്കാരിന്റെയുമെല്ലാം വാദഗതികൾ വീണ്ടും കേട്ട് കേസിൽ ഉത്തരവ് പുറപ്പെടുവിക്കുമ്പോഴേക്കും ഈ സർക്കാരിന്റെ കാലാവധി കഴിയാനാണ് സാധ്യത. അങ്ങനെയെങ്കിൽ പിന്നെ ലോകായുക്തയുടെ വിധിക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന ചോദ്യം ഉയരും. ആ ചോദ്യം ഇപ്പോൾ തുടങ്ങിയതല്ല. ലോകായുക്തയുടെ ചിറകരിയാൻ പിണറായി വിജയൻ സർക്കാർ നിയമം കൊണ്ടുവന്നപ്പോഴും ഉയർന്നതാണ്. നിയമസഭ പാസാക്കിയ ബിൽ അംഗീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറായിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ നിയമം വിവക്ഷിക്കുന്നതിന്റെ പരിധിയിൽ നിന്ന് പുറത്ത് പോകാൻ ഗവർണർക്ക് കഴിയണമെന്നില്ല. അതുകൊണ്ട് തന്നെയാണ് ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്തയുടെ വിധി വരുന്നതിനെ സംസ്ഥാന സർക്കാർ ശരിക്കും ഭയപ്പെട്ടിരുന്നു. ലോകായുക്തയുടെ പരാമർശത്തെ തുടർന്ന് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന്റെ ഭീതി സർക്കാരിൽ ഇതുവരെയും നിഴലിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷിതമാക്കാൻ സർക്കാർ തീരുമാനിച്ചതും ലോകായുക്ത നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നതും. എന്നാൽ ഇക്കാര്യത്തിൽ ഗവർണർ ഉടക്കുമായി എത്തുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ല. ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതുകൊണ്ട് മാത്രമാണ് ഫണ്ട് വകമാറ്റിയ കേസിൽ ഏതാനും സമയത്തേക്ക് മുഖ്യമന്ത്രിക്ക് മുൾമുനയിൽ നിൽക്കേണ്ടി വന്നത്. 
ഭിന്ന വിധി മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും രക്ഷപ്പെടുത്താൻ വേണ്ടി ആസൂത്രിതമായി കൊണ്ടുവന്നതാണെന്നും ഭീഷണിപ്പെടുത്തി നേടിയ വിധിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഈ ആരോപണത്തിന് പിന്നിൽ ചില വാസ്തവങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം കേസിനെ പിന്തുടരുന്ന ആർക്കും ബോധ്യപ്പെടും.
അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷവും അന്തരിച്ച മുൻ എം.എൽ.എ കെ.കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടര ലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്താണ് ഹരജി. ആർ.എസ്. ശശികുമാർ എന്നയാളാണ് ഹരജി നൽകിയത്. എന്നാൽ ഈ കേസിൽ ലോകായുക്തയിൽ നിന്ന് ഒരു തീരുമാനം ഉണ്ടാക്കുന്നതിന് ഹരജിക്കാരന് ഹൈക്കോടതിയെ വരെ സമീപിക്കേണ്ടി വന്നു. ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ് ഭിന്ന വിധിയാണെങ്കിൽ കൂടി ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയത്. അല്ലെങ്കിൽ വിധി പറയുന്നത് ഇനിയും അനിശ്ചിതമായി നീളുമായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് വിധി വരാനുള്ള സാധ്യതയും കുറവായിരുന്നു.
പൊതു പ്രവർത്തകർക്കെതിരെയുള്ള അഴിമതിക്കേസുകളിൽ എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളുന്നതിനാണ് ലോകായുക്തക്ക് രൂപം നൽകിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ സർക്കാരിലെ മറ്റ് മന്ത്രിമാർക്കുമെതിരെയുള്ള കേസിന്റെ വിചാരണക്കായി നാലു വർഷത്തെ സമയമാണ് ലോകായുക്ത എടുത്തത്. മാത്രമല്ല, വാദങ്ങളെല്ലാം പൂർത്തിയാക്കി വിധി പറയാൻ വേണ്ടിയെടുത്തത് ഒരു വർഷവും 12 ദിവസവുമാണ്. അതും ഹൈക്കോടതി ഇടപെടലുണ്ടായതുകൊണ്ട് മാത്രം. ഈ പ്രക്രിയകൾക്കിടയിലെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദം ഉയർത്തുന്നവരെ കണ്ണടച്ച് കുറ്റം പറയാനാകില്ല. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതിനുള്ള ബില്ലിൽ ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിൽ വിധി പറയാൻ ഇത്രയും കാലം കാത്തിരുന്നതാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം, ഭിന്ന വിധിയിൽ എന്തെല്ലാമോ ദുരൂഹതകൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നതിൽ സംശയമില്ല. തങ്ങളുടെ അധികാര പരിധി സംബന്ധിച്ച വിഷയങ്ങളിൽ ലോകായുക്ത തന്നെ സ്വയം സങ്കീർണതകൾ സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്.
ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തെ ലോകായുക്ത വലിയ തോതിൽ തന്നെ ഭയപ്പെടുന്നുണ്ട്. അല്ലെങ്കിൽ കേസിൽ വിചാരണ പൂർത്തിയായി വിധി പറയാൻ വെച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഒരു വിധിയും ഉണ്ടാകാതിരുന്നതിന്റെ യഥാർത്ഥ കാരണം ലോകായുക്തക്ക് വിശദീകരിക്കേണ്ടി വരും. ഫുൾ ബെഞ്ചിന് കേസ് വിടാനാണെങ്കിൽ എന്തിനാണ് ഇത്രയും കാലം കാത്തിരുന്നതെന്ന ചോദ്യവും ഉത്തരം കിട്ടാതെ ബാക്കിയാകുകയാണ്. സർക്കാരറിനെ രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ള നീക്കമായി മാത്രം ലോകായുക്തയുടെ ഭിന്ന വിധിയെ കാണുന്നവർ ഒട്ടേറേയുണ്ട്. 
മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും സംബന്ധിച്ചിടത്തോളം ഭിന്ന വിധി കേസ് ജയിച്ചതിന് തുല്യമാണ്. ഗവർണർ തൽക്കാലത്തേക്ക് വാശിപിടിച്ചാലും ലോകായുകത ഭേദഗതി ബിൽ നിയമമായി മാറും. അതിന് മുമ്പ് ദുരിതാശ്വാസ ഫണ്ട് അഴിമതിയിൽ മൂന്നംഗ വിശാല ബെഞ്ചിന്റെ ഉത്തരവ് വരാനിടയില്ല. വർഷങ്ങളോളം അതിന് കാലതാമസം ഉണ്ടാകാം. ലോകായുക്ത ഭേദഗതി പ്രാബല്യത്തിൽ വന്ന ശേഷം പ്രതികൂലമായ വിധി വന്നാൽ പോലും സർക്കാരിന് ഒന്നും പേടിക്കാനില്ല. അതായത് നിയമത്തിന്റെ മറ്റ് തരത്തിലുള്ള ഇടപെടലുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ സർക്കാർ നൂറ് ശതമാനം സേഫ് ആണെന്നർത്ഥം. 
അഴിമതി കേസിൽ ലോകായുക്ത വിധി എതിരായാൽ പൊതുപ്രവർത്തകർ പദവി ഒഴിയണം എന്ന് വ്യവസ്ഥ ചെയ്യുന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞിട്ടുള്ളത്. അതനുസരിച്ച് ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരായാൽ നടപടിയേടുക്കേണ്ടത് ഗവർണറല്ല, മറിച്ച് നിയമസഭയാണ്. അതായത് നിയമസഭയിൽ ഭൂരിപക്ഷമുണ്ടെങ്കിൽ ലോകായുക്ത വിധി എതിരായാൽ പോലും മുഖ്യമന്ത്രിക്ക് ഒന്നും പേടിക്കാനില്ല. മാത്രമല്ല, മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം.എൽ.എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം. ഭരണ മുന്നണിയിൽ പെട്ടവരാണെങ്കിൽ അവർക്ക് ലോകായുക്ത വിധി യാതൊരു പോറലുമേൽപിക്കില്ല എന്നാണ് ഇതിന്റെ ലളിതമായ അർത്ഥം. പിന്നെന്തിനാണ് സാധാരണക്കാരന്റെ നികുതിപ്പണം എടുത്ത് ശമ്പളം നൽകി ലോകായുകതയെ തീറ്റിപ്പോറ്റുന്നതെന്ന് ചോദ്യത്തിന് ഉത്തരമുണ്ടാകില്ല.

 

Latest News