ബംഗളുരു- ആവശ്യത്തിന് ട്രെയിനുകളില്ല, കേരളത്തിലേക്ക് സ്വകാര്യ ബസുകള്‍ക്ക് കഴുത്തറുപ്പന്‍ നിരക്ക്.
ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ എന്നീ മൂന്ന് ആഘോഷങ്ങളാണ് ഈ മാസം. മറുനാടന്‍ മലയാളികള്‍ നാട്ടിലേക്കെത്താന്‍ കൊതിക്കുന്ന നാളുകള്‍. ബംഗളുരു, ചെന്നൈ നഗരങ്ങളില്‍ നിന്ന് കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലെ നഗരങ്ങളിലേക്ക് കനത്ത നിരക്കാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ഈടാക്കുന്നത്. ഇത്തവണ മംഗലാപുരം ഭാഗത്തേക്ക് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനൊന്നും അനുവദിച്ചില്ലെന്നത് പകല്‍ കൊള്ളക്ക് വഴിയൊരുക്കി.
ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് ചാര്‍ജ്ജ് 3,700 രൂപ മുതല്‍ 4,000 രൂപ വരെയാണ്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എ.സി സ്ലീപ്പര്‍ ബസിന് 1,100 രൂപയായിരുന്നു ശരാശരി ടിക്കറ്റ് നിരക്ക്. എ.സി സീറ്റര്‍-സ്ലീപ്പര്‍ ബസില്‍ ശരാശരി നിരക്ക് 700 രൂപ. ബസിലെ സൗകര്യം കൂടുന്നതിനനുസരിച്ച് നിരക്ക് വ്യത്യാസം ബാധകമാണ്.
മാര്‍ച്ച് 31 ന് ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് സീറ്റര്‍ ബസിന് 1,400 രൂപയോളമായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ വിഷുവിന്റെ തലേന്ന് ഏപ്രില്‍ 14ന് ഇവിടേക്കുള്ള നിരക്ക് 1800 രൂപയാണ്. മാര്‍ച്ച് 31 ന് ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എ.സി സ്ലീപ്പര്‍ ബസിന് 1,700 രൂപയാണ്. ഏപ്രില്‍ 14ന് ഇവിടേക്കുള്ള നിരക്ക് 3,300 രൂപ വരെയാണ്. എല്ലാ ജില്ലകളിലേക്കുമുള്ള ചാര്‍ജ്ജ് നിരക്കിന്റെ സ്ഥിതിയും ഇതുതന്നെയാണ്. ഗണ്യമായ രീതിയില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നു. വിഷു ഏപ്രില്‍ 15ന് ആയതിനാല്‍ ഏപ്രില്‍ 14ന് നാട്ടിലേക്ക് തിരിക്കാന്‍ കാത്തിരിക്കുന്നത് നിരവധി പേരാണ്. എന്നാല്‍ ഏപ്രില്‍ 14ന് ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടവര്‍ ശ്രദ്ധിക്കുക. ഈ യാത്രയ്ക്കുള്ള എ.സി സ്ലീപ്പര്‍ ബസില്‍ 1,400 മുതല്‍ 1,699 രൂപ വരെ ഈടാക്കാന്‍ പലരും കാത്തിരിക്കുകയാണ്. ശരാശരി 1,899 രൂപയിലുള്ള ബിസിനസ് ക്ലാസ് എ.സി സ്ലീപ്പര്‍ ബസുമുണ്ട്. ചിലപ്പോള്‍ ഒരു കുടുംബത്തിലെ നാലോ അഞ്ചോ പേര്‍ക്കോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പേര്‍ക്കോ നാട്ടിലേക്ക് വരാനുണ്ടാകും.
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ 3,500 മുതല്‍ 4000 രൂപ വരെ നല്‍കണം. ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എ.സി സ്ലീപ്പറിന് 3,000 മുതല്‍ 5,000 രൂപ വരെയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെ നിലവിലുള്ള സര്‍വീസുകള്‍ കൂടാതെ, കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 35 അധിക സര്‍വീസുകളാണ് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അനുവദിച്ചിട്ടുള്ളത്. ഇതിലെ 30 സര്‍വീസുകള്‍ ബംഗളൂരുവിലേക്കും അഞ്ച് സര്‍വീസുകള്‍ ചെന്നൈയിലേക്കുമാണ്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി സ്ലീപ്പര്‍ ബസുകള്‍ക്ക് 1,950 രൂപയാണ് ഈടാക്കുക.
. എല്ലാ ഏപ്രിലിലും ഈസ്റ്ററിനും വിഷുവിനും ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. നിരക്ക് എത്ര ഉയര്‍ത്തിയാലും യാത്രക്കാരുണ്ടാകുമെന്ന അമിത ആത്മവിശ്വാസമാണ് ഇങ്ങനെ തോന്നുന്ന രീതിയില്‍ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്.