Sorry, you need to enable JavaScript to visit this website.

താമരശ്ശേരി ചുരത്തില്‍  ഗതാഗത നിയന്ത്രണം

കോഴിക്കോട്- താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം എന്നിവ മുന്നില്‍ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌ക്കരമാകുന്നത് തടയാന്‍ ജില്ലാ കലക്ടര്‍ എ.ഗീതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊതു അവധി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് മൂന്നു മണി മുതല്‍ രാത്രി ഒമ്പത് വരെ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രവേശനം അനുവദിക്കില്ല.ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനായി എമര്‍ജന്‍സി സെന്റര്‍ സംവിധാനം പോലീസ് സ്റ്റേഷനില്‍ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി അടിവാരം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ടോയ്ലറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ചുരത്തിലെ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസിനും പഞ്ചായത്തിനും പിഴ ഈടാക്കാം. പുറമ്പോക്ക് കൈയേറി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സര്‍വേ നടത്തി നടപടി സ്വീകരിക്കും. ചുരത്തില്‍ എന്തെങ്കിലും തടസങ്ങളുണ്ടാകുന്ന പക്ഷം അടിവാരത്തില്‍ നിന്നും ലക്കിടിയില്‍ നിന്നും വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.


 

Latest News