Sorry, you need to enable JavaScript to visit this website.

റിസോര്‍ട്ട് വിഷയത്തില്‍ ഇ പി ജയരാജനെതിരെയുള്ള പാര്‍ട്ടി അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം - റിസോര്‍ട്ട് വിഷയവുമായി ബന്ധപ്പെട്ട് സി പി എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനെതിരെയുള്ള അന്വേഷണം സി പി എം നേതൃത്വം അവസാനിപ്പിച്ചതായി സൂചന. ഇ പി ജയരാജന്റെ വിശദീകരണത്തിന്റെയും ആരോപണം ഉന്നയിച്ച പി.ജയരാജന്‍ പരാതി എഴുതി നല്‍കാന്‍ തയ്യാറാകാത്തതിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണം ഒഴിവാക്കുന്നത്. യാതൊരു ആക്ഷേപവും അന്വേഷണവും ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക് ശേഷം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു.  കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജന്‍ നേരത്തെ സംസ്ഥാന കമ്മറ്റിയില്‍ ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. പരാതി എഴുതി നല്‍കാന്‍ പി.ജയരാജനോട് ആവശ്യപ്പെടുകയും ചെയ്തു. തനിക്കെതിരെ പരാതി ഉയര്‍ന്ന കാര്യം ഇ.പി ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇ.പി ജയരാജന്‍ പാര്‍ട്ടിക്ക് മറുപടി നല്‍കി. പരാതി എഴുതി നല്‍കാന്‍ പി. ജയരാജന്‍ തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ് ഇ.പി ജയരാജനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കുന്നത്.

 

Latest News