Sorry, you need to enable JavaScript to visit this website.

ലോകായുക്ത വിധിയിൽ സംശയങ്ങൾ ബാക്കി

തിരുവനന്തപുരം- ലോകായുക്ത ഫുൾ ബെഞ്ച് വിധിയെ തള്ളി രണ്ടംഗ ബെഞ്ച് പ്രഖ്യാപിച്ച വിചിത്രവിധിയിൽ നിരവധി സംശയങ്ങൾ ബാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും ചീഫ്‌സെക്രട്ടറിയെയും മറ്റ് 16 മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ഹരജിയിലെ ഉത്തരവാണ് അവ്യക്തതയാൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഇതോടെ ലോകായുക്ത സംശയ നിഴലിലായി. ലോകായുക്തക്കെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.  
2019 ജനുവരി 14ന് പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് പയസ്.സി.കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ മൂന്നംഗ ഫുൾ ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കിയതാണ്. വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം മന്ത്രിസഭായോഗ തീരുമാനം സംബന്ധിച്ച പരാതി പരിഗണിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. മൂന്നംഗ ബെഞ്ചിന്റെ വിധിയെ അതേകാരണം ഉയർത്തി രണ്ടംഗ െബഞ്ചിന് വിധിപറയാനാകുമോ എന്നും നിയമവിദഗ്ധർ ചോദിക്കുന്നു.
ഈ കേസ് പരിഗണിക്കാനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തക്ക് സംശയമുണ്ടെങ്കിൽ പിന്നെയെന്തിനാണ് കേസ് വാദത്തിലേക്ക് കടന്നതെന്ന  ചോദ്യവും ഉയരുന്നുണ്ട്. കൂടാതെ വാദം കഴിഞ്ഞ് ഒരുവർഷത്തോളം വിധി പറയാതെ മാറ്റിവച്ചു. 
പരാതി പരിഗണിക്കാനാകുമോ എന്ന കാര്യത്തിൽ സംശയമുള്ള കേസിൽ എന്തിനാണ് ഒരുവർഷം വിധിക്കായി കാത്തിരുന്നതെന്നതും ലോകായുക്തയെ സംശയ നിഴലിലാക്കിയിട്ടുണ്ട്. ഭിന്നാഭിപ്രായ വിധിയിൽ ലോകായുക്തയുടേയും ഉപലോകായുക്തയുടെയും നിലപാടും വ്യക്തമാക്കിയിട്ടില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോകായുക്ത പരാമർശത്തെ തുടർന്ന് കെ.ടി.ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ( ലോകായുക്ത പരാമർശമുണ്ടായാൽ അയോഗ്യതവരുന്നതുമായി ബന്ധപ്പെട്ട്) ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബിൽ നിയമസഭ പാസാക്കിയെങ്കിലും  ഗവർണർ ഒപ്പു വച്ചിട്ടില്ല. 
ഈ ബിൽ പാസാകുമെന്ന് കരുതിയാണ് ഒരുവർഷത്തോളം വിധിപറയാതെ മാറ്റിവച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. കേസ് വാദത്തിനിടെ ദുരിതാശ്വാസ നിധി നൽകിയതിനെ രൂക്ഷമായി വിമർശിച്ച ലോകായുക്ത  ഇപ്പോൾ ഹരജി ഫുൾ ബെഞ്ചിന് വിട്ടത്    മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന ആരോപണം ബലപ്പെടുകയാണ്.

Latest News