Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

എല്ലാ സ്‌കൂളുകളിലും മെൻസ്ട്രൽ കപ്പ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം- സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മെൻസ്ട്രൽ കപ്പ് പദ്ധതി(എം-കപ്പ്) നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തു കോടി രൂപ ഇതിനായി മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.സ്‌കൂൾ വിദ്യാർഥിനികൾക്കിടയിൽ മെൻസ്ട്രൽ കപ്പ് (എം-കപ്പ്) പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സാണ് 'സുരക്ഷിത്' പദ്ധതിയ്ക്ക് രൂപം നൽകിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ചടയമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യ ശുചിത്വ ബോധവൽകരണ പരിപാടിയുടെ ഉദ്ഘാടനവും കടയ്ക്കൽ ജി.എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 
കേരള ഫീഡ്‌സിന്റെ 2021-22 കാലത്തെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് (സിഎസ്ആർ)പദ്ധതി വഴിയാണ് ഇതിനായുള്ള തുക വകയിരുത്തിയത്. തുടക്കത്തിൽ പത്ത് അസംബ്ലി നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. ഇത്തരം സാമൂഹ്യനന്മയ്ക്ക് വേണ്ടിയുള്ള കേരള ഫീഡ്‌സിന്റെ പ്രവർത്തനത്തെ പ്രശംസിച്ച മന്ത്രി, സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ സാധിക്കുമെന്നും പറഞ്ഞു. വിവിധ സ്‌കൂളുകൾക്കുള്ള എം കപ്പുകൾ മന്ത്രി വിതരണം ചെയ്തു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതിക വിദ്യാധരൻ ചടങ്ങിൽ അധ്യക്ഷയായിരുന്നു. പ്രകൃതി സൗഹൃദമായ ഈ ഉദ്യമം സ്ത്രീകളുടെ ശാരീരിക അസ്വാസ്ഥ്യം കുറയ്ക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് ചുക്കാൻ പിടിച്ച കേരള ഫീഡ്‌സിനെ അവർ പ്രത്യേകം അഭിനന്ദിച്ചു. മെഡിക്കൽ നിലവാരത്തിലുള്ള സിലിക്കൺ ഉപയോഗിച്ചാണ് മെൻസ്ട്രൽ കപ്പ് തയ്യാറാക്കുന്നത്. 

Latest News