Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടി സഹകരിച്ചില്ല, പിന്നിൽനിന്ന് കുത്തി- വി.എം സുധീരൻ

കൊച്ചി- കെ.പി.സി.സി പ്രസിഡന്റായി നിയമിതനായത് മുതൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വൈരാഗ്യത്തോടെയാണ് പെരുമാറിയതെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഉമ്മൻ ചാണ്ടിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ആദ്യം കാണേണ്ടത് അദ്ദേഹത്തെ ആയിരുന്നു. എന്നാൽ അതിനോട് അനുകൂലമായല്ല ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. രമേശ് ചെന്നിത്തല തികച്ചും അനുകൂലമായാണ് ഇതിനോട് പ്രതികരിച്ചത്. അനർഹമായ രീതിയിലല്ല താൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. മറ്റെല്ലാവരെയും പോലെ ആ സ്ഥാനത്തേക്ക് എത്താൻ അർഹനായ ആളു തന്നെയാണ് ഞാൻ. തന്റെ ഒരു പ്രവർത്തനവുമായും ഉമ്മൻ ചാണ്ടി സഹകരിച്ചില്ല. സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ പോലും എത്തിയില്ല. കുഞ്ഞാലിക്കുട്ടി വന്ന ശേഷമാണ് ഉമ്മൻ ചാണ്ടി എത്തിയത്. കെ.പി.സി.സി പ്രസിഡന്റായി ചുതമലയേറ്റ ശേഷം നടത്തിയ ജനപക്ഷ യാത്രയെ തകർക്കാൻ ശ്രമിച്ചു. ജനപക്ഷ യാത്രയും ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ രണ്ടിടത്തും തന്റെ പേര് പോലും അദ്ദേഹം പരാമർശിച്ചില്ല. ബി.ജെ.പിക്കും സി.പി.എമ്മിനും എതിരെ നടത്തിയ ഈ യാത്രയെ തകർക്കാനായിരുന്നു ഉമ്മൻ ചാണ്ടി ശ്രമിച്ചത്. ശംഖുമുഖത്ത് സമാപനസമ്മേളനം നടത്താൻ തീരുമാനിച്ചത് സാഹസമായിരുന്നു. ഒരു ലക്ഷം ആളുകളെങ്കിലും വേണമായിരുന്നു ആ മൈതാനം നിറയാൻ. ആദർശം കൊണ്ടു ആളുവരില്ലെന്നും പണം വേണമെന്നും പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ശംഖുമുഖം കടപ്പുറത്തെ സമാപന സമ്മേളനം. 

പാർട്ടിയെ താഴെ തലത്തിൽ സംഘടിപ്പിക്കാനുള്ള നീക്കം ഫലപ്രദമായി മുന്നോട്ടുപോയിരുന്നു. ഒരേദിവസം തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു. പിന്നീട് വാർഡ് കമ്മിറ്റികൾ രൂപീകരിക്കുകയും വാർഡ് കമ്മിറ്റികൾ നിർദ്ദേശിച്ച സ്ഥാനാർഥികളെ ഗ്രൂപ്പ് മാനേജർമാർ വെട്ടിനിരത്തുകയും ചെയ്തു. ഇതോടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത്. പ്രവർത്തകരെ വിശ്വസിച്ച് മുന്നോട്ട് പോകേണ്ട സഹചര്യം ഇല്ലാതാക്കിയത് ഗ്രൂപ്പ് മാനേജർമാരാണ്. അന്ന് വന്ന അഭിപ്രായ വ്യത്യാസമാണ് പിന്നീട് വന്ന നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും അത് തന്നെയാണ് സംഭവിച്ചത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ കണ്ണുതുറപ്പിക്കണം. ആ യാഥാർത്ഥ്യത്തിന് നേരെ കണ്ണടിച്ചിട്ട് കാര്യമില്ല. ഈ അനുഭവമുണ്ടായിട്ടും പ്രവർത്തകരുടെ വികാരം മനസിലാക്കാതെ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകി. സോളാർ കേസിൽ മുഖ്യമന്ത്രിയെ ശക്തമായ പ്രതിരോധിച്ചു. അത് ഇഷ്ടമുണ്ടായിട്ടാണോ അല്ലയോ എന്നതല്ല കാര്യം. ആ വിവാദം വന്ന ശേഷമാണ് ഉമ്മൻ ചാണ്ടി എന്നെ പ്രകീർത്തിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സർക്കാറിന്റെ അവസാനകാലത്തെ വിവാദപരമായ തീരുമാനങ്ങളും നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ചില തീരുമാനങ്ങൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാൻ പരസ്യപ്രസ്താവന നടത്തിയതല്ല പരാജയത്തിന് കാരണമെന്നും സുധീരൻ പറഞ്ഞു. കരുണ എസ്റ്റേറ്റിന് കരമടക്കാൻ അനുമതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കരുണക്ക് അനുമതി നൽകിയാൽ മറ്റ് കയ്യേറ്റക്കാർക്കും അത് സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അതിനെ തടയിടാൻ ശ്രമിച്ചതെന്നും സുധീരൻ പറഞ്ഞു.
 

Latest News