Sorry, you need to enable JavaScript to visit this website.

ഹറമിനു സമീപം ടാക്‌സിക്കാരുടെ ചൂഷണം, തീര്‍ഥാടകരെ സഹായിച്ച പോലീസുകാരന്റെ വീഡിയോ വൈറല്‍

മക്ക - വിശുദ്ധ ഹറമിനു സമീപം സര്‍വീസ് നടത്തുന്ന ടാക്‌സികളുടെ ചൂഷണത്തില്‍ നിന്ന് വിദേശ തീര്‍ഥാടകരെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ നടപടി സാമൂഹികമാധ്യമ ഉപയോക്താക്കളുടെ പ്രശംസ നേടി. വിശുദ്ധ ഹറമില്‍ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് പോകാനാണ് വിദേശ തീര്‍ഥാടകര്‍ ടാക്‌സി ആശ്രയിച്ചത്. തീര്‍ഥാടകര്‍ പറഞ്ഞ ഹോട്ടലിലേക്ക് ടാക്‌സി ഡ്രൈവര്‍ 30 റിയാല്‍ നിരക്ക് ആവശ്യപ്പെട്ടു. ഇത് കേട്ട് തീര്‍ഥാടകര്‍ ടാക്‌സിയില്‍ കയറാന്‍ മടിച്ചു. ഈ സമയത്താണ് സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
തീര്‍ഥാടകര്‍ക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ആരാഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ ഈ ട്രിപ്പിന് എത്രയാണ് നിരക്ക് എന്ന് ടാക്‌സി ഡ്രൈവറോട് ആരാഞ്ഞു. 30 റിയാല്‍ വേണമെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതോടെ 30 റിയാലിനുള്ള ദൂരമില്ലെന്നും മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പത്തു റിയാലിനു മാത്രമുള്ള ദൂരമേ ഉള്ളൂവെന്നും പറഞ്ഞ് ടാക്‌സി ഡ്രൈവറെ ശാസിച്ചു. തീര്‍ഥാടകരില്‍ നിന്ന് പത്തു റിയാല്‍ മാത്രം ഈടാക്കിയാല്‍ മതിയെന്ന് ഡ്രൈവറോട് പറഞ്ഞും ഡ്രൈവര്‍ക്ക് പത്തു റിയാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് തീര്‍ഥാടകരോട് നിര്‍ദേശിച്ചും പോലീസ് ഉദ്യോഗസ്ഥന്‍ തീര്‍ഥാടകരെ ടാക്‌സിയുടെ ഡോര്‍ തുറന്ന് അകത്ത് കയറ്റിവിടുകയായിരുന്നു.
വഴിയറിയാതെ സമീപിച്ച തീര്‍ഥാടകര്‍ക്ക് ഇതേ പോലീസ് ഉദ്യോഗസ്ഥന്‍ വഴികള്‍ പറഞ്ഞുകൊടുക്കുന്നതുമായി ദൃശ്യങ്ങളെല്ലാം അടങ്ങിയ വീഡിയോ യു.എ.ഇ തീര്‍ഥാടകന്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. തീര്‍ഥാടകരെ സേവിക്കാന്‍ മക്കയില്‍ സുരക്ഷാ സൈനികര്‍ നടത്തുന്ന വലിയ ശ്രമങ്ങളെ യു.എ.ഇ തീര്‍ഥാടകന്‍ പ്രശംസിച്ചു.

 

 

Latest News