Sorry, you need to enable JavaScript to visit this website.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതിപിടിയില്‍

കൊച്ചി-വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ പിടിയില്‍. യു.സികോളേജിനടുത്ത് കനാല്‍ റോഡില്‍ ചക്കാലകക്കൂട്ട് വീട്ടില്‍ മുഹമ്മദ് സനീര്‍ (33) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളില്‍ പാക്കിംഗ്, സെക്യൂരിറ്റി ജോലികള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിയത്. വിവിധ ജില്ലകളില്‍ നിന്ന് പണനഷ്ടമായ മുപ്പതോളം പേരാണ് ആലുവ സ്റ്റേഷനില്‍ പരാതിനല്‍കിയത്. ബൈപ്പാസ് ഭാഗത്ത് സൊലൂഷന്‍ ലക്‌സ്ട്രാവല്‍ ആന്റ് ടൂറിസം എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ നവംബറില്‍ ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നു. പണം നഷ്ടമായവരുടെ പരാതിയെ  തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെനേതൃതത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റിനുള്ള യാതൊരു ലൈസന്‍സും ഇയാളുടെ സ്ഥാപനത്തിനില്ലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ മുംബൈയിലായിരുന്നു. അവിടെ നിന്നും എറണാകുളം നോര്‍ത്തിലെലോഡ്ജില്‍ ഒളിവില്‍ കഴിയവെയാണ് ആലുവ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഡി വൈ എസ് പി പി.കെ ശിവന്‍ കുട്ടി, ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ സി.ആര്‍ ഹരിദാസ്, എ.കെ. സന്തോഷ് കുമാര്‍ സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം മനോജ്, എ.എംഷാനിഫ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.

Latest News