നവ്‌ജ്യോത് സിംഗ് സിദ്ദു നാളെ ജയിൽ മോചിതനാകും

ന്യൂദൽഹി- പഞ്ചാബിലെ കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ശനിയാഴ്ച ജയിൽ മോചിതനാകും. 34 വർഷം മുൻപത്തെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ദുവിനെ കഴിഞ്ഞവർഷം സുപ്രീം കോടതി ശിക്ഷയ്ക്ക് വിധിച്ചത്. പട്യാല ജയിലിൽ കഴിയുന്ന സിദ്ദു മോചിതനാകുന്നുവെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചു. 1988 ഡിസംബർ 27ന് സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിങ്ങിനെ വധിച്ചു എന്നാണ് കേസ്. പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഗുർനാമിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഗുർനാം ആശുപത്രിയിൽ മരിച്ചു. 2018ൽ കേസ് പരിഗണിച്ച സുപ്രീം കോടതി 1000 രൂപ പിഴ ഒടുക്കാനാണ് നിർദേശിച്ചത്. എന്നാൽ പിന്നീട് സുപ്രീം കോടതിതന്നെ വിധി പുനപ്പരിശോധിക്കുകയും സിദ്ദുവിന് തടവുശിക്ഷ വിധിക്കുകയുമായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തെ തുടർന്നാണ് സിദ്ദു സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞത്.
 

Latest News