ന്യൂദല്‍ഹി- ഇറാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ നേഷന്‍സ് കപ്പ് ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെങ്കില്‍ തലമറക്കണമെന്ന നിബന്ധനയുള്ളതിനാല്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായി ഇന്ത്യന്‍ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ പ്രഖ്യാപിച്ചു. സ്‌പോര്‍ട്‌സില്‍ മതപരമായ നിര്‍ബന്ധിത വസ്ത്രധാരണ ചട്ടമില്ലെന്നും തന്റെ അവകാശം സംരക്ഷിക്കുന്നതിനുള്ള ഒരേ ഒരു വഴി മത്സരത്തിനായി ഇറാനിലേക്ക് പോകാതിരിക്കുകയാണെന്നും ശക്തമായ ഭാഷയില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ സൗമ്യ പറയുന്നു. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാലു വരെയാണ് മത്സരങ്ങള്‍.
'തട്ടമോ ബുര്‍ഖയോ ധരിക്കാന്‍ പറ്റില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ നേഷന്‍സ് കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ നിന്നും മാറി നില്‍ക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇറാനിലെ നിര്‍ബന്ധിത തലമറക്കല്‍ നിയമം എന്റെ മനുഷ്യാവകാശത്തിന്റെ പ്രത്യക്ഷ ലംഘനമായാണ് ഞാന്‍ കാണുന്നത്. എന്റെ അഭിപ്രായ, മത സ്വാതന്ത്രത്തെയും ഹനിക്കുന്നതാണിത്. നിലവിലെ സാഹചര്യത്തില്‍ എന്റെ അവകാശ സംരക്ഷണത്തിനുള്ള ഒരേ ഒരു വഴി ഇറാനിലേക്കു പോകാതിരിക്കുക എന്നതാണ്'- ഫേസ്ബുക്ക് കുറിപ്പില്‍ സൗമ്യ പറയുന്നു.
ഔദ്യോഗിക ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കാരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും പ്രാധാന്യം കല്‍പ്പിക്കാത്തതില്‍ നിരാശയുണ്ടെന്നും താരം പറഞ്ഞു. ഔദ്യോഗിക ചാമ്പ്യന്‍ഷിപ്പുകളില്‍ ദേശീയ ടീമിന്റെ വസ്ത്രധാരണ ചട്ടം പാലിക്കണമെന്നത് ഉള്‍ക്കൊള്ളാനാകും. എന്നാല്‍ മതപരമായ വസ്ത്രധാരണ ചട്ടം അടിച്ചേല്‍പ്പിക്കുന്നത്് സ്‌പോര്‍ട്‌സില്‍ ഇല്ലാത്തതാണ്-സൗമ്യ പറഞ്ഞു.