Sorry, you need to enable JavaScript to visit this website.

വൈക്കം സത്യഗ്രഹം: ഇരമ്പുന്ന ജൂബിലി സ്മരണ

വൈക്കം സത്യഗ്രഹം ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിയിൽ വരുത്തിയ മാറ്റം ചെറുതല്ല. ഒരു വിഭാഗം ജനങ്ങൾക്ക് ജാതീയതയുടെ പേരിൽ വഴിനടക്കാൻ പോലും അവകാശം നിഷേധിച്ച സവർണ ജന്മിത്വത്തിനെതിരെ നടത്തിയ ശക്തമായ ചെറുത്തുനിൽപ്പും രാജ്യത്താകമാനമുള്ള നവോത്ഥാന പോരാട്ടങ്ങൾക്ക് ഊർജം പകരുകയും ചെയ്ത ഐതിഹാസികമായ ഒരു സമര ചരിത്രം കൂടിയാണത്.  
1921 സെപ്റ്റംബർ ഇരുപത്തിനാലാം തിയതി ടി.കെ മാധവൻ തിരുനെൽവേലിയിലെത്തി ഗാന്ധിജിയെ കണ്ടു. 1923 കാക്കിനാഡയിൽ മൗലാനാ മുഹമ്മദലിയുടെ അധ്യക്ഷതയിൽ കൂടിയ എ. ഐ. സി. സി സമ്മേളനത്തിൽ സർദാർ കെ.എം പണിക്കർ, കെ.പി കേശവമേനോൻ എന്നിവരോടൊപ്പം പങ്കെടുത്ത ടി. കെ മാധവൻ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചു. അതൊരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായി മാറുകയും തൊട്ടുകൂടായ്മ, ക്ഷേത്ര പ്രവേശനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, സർക്കാർ സർവീസുകൾ, സ്‌കൂളുകൾ തുടങ്ങിയവയിൽ അയിത്ത ജാതിക്കാർക്ക് പ്രവേശനം അനുവദിക്കുക, കീഴ്ജാതിക്കാരായ സ്ത്രീകൾക്ക് മാറുമറച്ചു നടക്കുവാനുള്ള അവകാശം എന്നിവയ്ക്ക് വേണ്ടിയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തതിന് കാക്കിനാഡ സമ്മേളനം അയിത്തോച്ചാടന പ്രമേയം പാസാക്കികൊണ്ട് കോൺഗ്രസ് തുടക്കംകുറിക്കുകയും ഈ സാമൂഹിക അനാചാരങ്ങൾക്കെതിരെ രാജ്യവ്യാപകമായി ബഹുജന  പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കാൻ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
1865 ൽ  തിരുവിതാംകൂറിലെ എല്ലാ പൊതു നിരത്തുകളും എല്ലാ വിഭാഗക്കാർക്കും തുറന്നുകൊടുത്തു. എന്നാൽ അതിനു ആറ്  പതിറ്റാണ്ടിന് ശേഷവും  വൈക്കം ശ്രീമഹാദേവ  ക്ഷേത്രത്തിലേക്കുള്ള നാല് നിരത്തുകളും അവർണർക്ക് വിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ്  ബോർഡുകൾ നിലനിന്നു. 1924 ഫെബ്രുവരി ഇരുപത്തിയൊൻപതിനു കെ.പി .കേശവമേനോൻ , ടി കെ ,മാധവൻ എന്നിവരടങ്ങിയ സംഘം വൈക്കത്തെത്തി ,അയിത്ത ജാതിക്കാർക്കു നിരോധനം ഏർപ്പെടുത്തിയ പലക മറികടന്നുകൊണ്ട് ജാഥ നയിച്ചു. 
എന്നാൽ പിന്നീട് നടന്ന ചർച്ചകൾ ഒന്നും ഫലം കാണാത്ത സാഹചര്യത്തിൽ 1924 മാർച്ച് 30 ന് അവർണർക്ക് പ്രവേശനം നിഷേധിച്ച ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ നിരത്തിൽ  സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ടി .കെ മാധവൻ, കെ.കേളപ്പൻ, കെ.പി കേശവമേനോൻ, കണ്ണംതോടത്ത്  വേലായുധമേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നീ കോൺഗ്രസ്  നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സമരത്തിനു യുവാക്കളും സാമുദായിക നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു.
മന്നത്ത് പത്മനാഭൻ , ചങ്ങനാശേരി പരമേശ്വരൻ പിള്ള , സി .വി .കുഞ്ഞുരാമൻ, എ.കെ ഗോവിന്ദ ദാസ് എന്നീ സാമുദായിക നേതാക്കൾ സമരത്തിൽ സജീവമായി. സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം  മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക്  ആരംഭിച്ച സവർണ ജാഥയും ഡോ. .എം.ഇ നായിഡുവിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ നിന്നും ആരംഭിച്ച ജാഥയും തിരുവനന്തപുരത്തെത്തി റീജന്റ് സേതുലക്ഷ്മിഭായിക്ക് നിവേദനം നൽകി.
വൈക്കം സത്യഗ്രഹം ഇന്ത്യ മുഴുവൻ ശ്രദ്ധ നേടുന്ന വലിയ ജനകീയ പ്രക്ഷോഭമായി മാറി. സി. രാജഗോപാലാചാരി, ആചാര്യ വിനോബഭാവെ, എസ് .ശ്രീനിവാസ അയ്യങ്കാർ, സ്വാമി ശ്രദ്ധാനന്ദൻ, ഇ.വി രാമസ്വാമി നായ്ക്കർ തുടങ്ങിയവർ വൈക്കത്തെത്തി സമരത്തിൽ പങ്കാളികളായി. 
പോലീസ് മർദ്ദനങ്ങളിലൂടെ സമരത്തെ അടിച്ചമർത്താൻ വലിയ ശ്രമങ്ങൾ നടന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് സമരം തുടരുകയും ചെയ്തു. 1924 സെപ്റ്റംബർ 27 ന്  ശ്രീനാരായണഗുരു സമരവേദിയിലെത്തി. ഗുരുദേവന്റെ  സാന്നിദ്ധ്യം സമരഭടന്മാർക്കു ആവേശം പകർന്നു. 
എന്ത് ത്യാഗവും സഹിച്ചുകൊണ്ട് സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനമായി ആ സന്ദർശനം മാറി.  1925 മാർച്ചിൽ ഗാന്ധിജി വൈക്കത്തെത്തി. അദ്ദേഹം റീജന്റുമായും ദിവാനുമായി നടത്തിയ ചർച്ചയുടെ ഫലമായി പോലീസ് അതിക്രമങ്ങൾ അവസാനിച്ചു. 
വൈക്കം ക്ഷേത്രത്തിന്റെ അവകാശികളും നാട്ടുപ്രമാണിമാരുമായിരുന്ന ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുമായി ചർച്ച നടത്തുന്നതിനായി മനയിലെത്തിയ ഗാന്ധിജിയെ പുറത്ത് പന്തൽകെട്ടി അതിലിരുത്തിയാണ് ചർച്ചകൾ നടത്തിയത്. കാലത്തിനെതിരെ മുഖം തിരിച്ചു നിന്ന ഇണ്ടംതുരുത്തിമനയും രണ്ടേക്കറോളം സ്ഥലവും ഇന്ന്  ചെത്തുതൊളിലാളി യൂനിയൻ ഓഫീസാണ് എന്നത് കാലത്തിന്റെ മറ്റൊരു കാവ്യനീതിയാണ്.
വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള റോഡുകൾ ജാതിഭേദമെന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കാൻ 1925 നവംബർ 23 നു സർക്കാർ തീരുമാനിച്ചു. അങ്ങനെ അറുനൂറ്റി നാലുദിവസം നീണ്ടുനിന്ന സമരത്തിന് പരിസമാപ്തിയായി. 1928 ൽ  എല്ലാ നിരത്തുകളും പൊതുജനങ്ങൾക്കായി തുറന്നുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഉണ്ടായി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന  വൈക്കം സത്യഗ്രഹം പകർന്നു നൽകിയ ഊർജം കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സമരങ്ങളിലും ഗുരുവായൂർ സമരമുൾപ്പെടെയുള്ള എല്ലാ നവോത്ഥാന മുന്നേറ്റങ്ങളിലും ചെലുത്തിയ സ്വാധീനം വളരെ വലുതാണ് .ശ്രീനാരായണ ഗുരുദേവൻ , ഗാന്ധിജി, ടി. കെ മാധവൻ, കെ. കേളപ്പൻ തുടങ്ങിയ ഒട്ടനവധി സാമൂഹിക പരിഷ്‌കർത്താക്കളുടെയും ദേശീയ നേതാക്കളുടെയും സാന്നിധ്യമുണ്ടായ വൈക്കത്തിന്റെ മണ്ണിലേക്ക് സത്യഗ്രഹത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗേ എത്തുമ്പോൾ സമര നേതാക്കളുടെ സ്മാരകങ്ങളിൽ നിന്നും അവരുടെ ഓർമകൾ നിലനിർത്തികൊണ്ട് ആരംഭിച്ച പദയാത്രകളുടെയും സംഗമവേദിയായി വൈക്കം മാറും. വൈക്കം സത്യഗ്രഹത്തിൽ രക്ത സാക്ഷിത്വം വരിച്ച ചിറ്റേടത്ത് ശങ്കുപിള്ളയും സമര നായകനായ ടി.കെ മാധവനും കേളപ്പനുമൊക്കെ മലയാളികളുടെ മനസ്സിൽ  പാകിയ ആത്മാഭിമാനത്തിന്റെ വിത്തുകൾ പുത്തൻ തലമുറയുടെ ജീവിതത്തിലേക്ക് പകർന്നുനൽകാൻ കോൺഗ്രസ് നേതൃത്വം നടത്തുന്ന ചരിത്രപരമായ പരിശ്രമങ്ങൾക്കു പിന്തുണ അറിയിക്കുന്നു. കാക്കിനാഡയിൽ നിന്നും കോൺഗ്രസ് തുടക്കം കുറിച്ച പരിശ്രമങ്ങൾ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ജീവിതത്തെ  പുനഃക്രമീകരിക്കുന്നതിൽ എത്രത്തോളം പങ്കുവഹിച്ചു എന്നത് നൂറു വർഷങ്ങൾക്കിപ്പുറം അഭിമാനം ഉണർത്തുന്ന ധീരോദാത്തമായ ഓർമകളാണ്.

(ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റാണ് ലേഖകൻ ) 
 

Latest News