Sorry, you need to enable JavaScript to visit this website.

വിവാൻ സുന്ദരം: കലയിലെ രാഷ്ട്രീയം

ബുധനാഴ്ച ദൽഹിയിൽ അന്തരിച്ച വിവാൻ സുന്ദരം, തന്റെ കലയെ രാഷ്ട്രീയ പ്രതിബദ്ധതയുടെ വിപുലീകരണമായും തിരിച്ചും കണ്ട ഒരു സാംസ്‌കാരിക വ്യക്തിത്വമായിരുന്നു. 79 കാരനായ സുന്ദരം 1960 കളിൽ ബറോഡയിലെ എം.എസ് യൂണിവേഴ്‌സിറ്റിയിലും ലണ്ടനിലെ സ്ലേഡ് സ്‌കൂൾ ഓഫ് ആർട്ടിലും  പഠിച്ച് 1970 കളിൽ ഇന്ത്യയിൽ തിരിച്ചെത്തി. എഴുപതുകൾ മാറ്റത്തിന്റെ ദശാബ്ദമായിരുന്നു. സ്വാതന്ത്ര്യാനന്തരം സ്വദേശിത്വത്തോടുള്ള അഭിനിവേശത്തിന് അപ്പുറത്തേക്ക് നോക്കാനും പുതിയതും സമകാലികവുമായ വൈരുദ്ധ്യാത്മകതയുമായി ഇടപഴകാനും കലാകാരന്മാരെ അത് നിർബന്ധിതരാക്കി. അടിയന്തരാവസ്ഥയുടെ അടിച്ചമർത്തൽ ഉപകരണം ഉപയോഗിച്ച് മാറ്റത്തിനായുള്ള കുതിച്ചുചാട്ടത്തെ ഭരണകൂടം പ്രതിരോധിച്ചതിനാൽ കല ദൃശ്യപരമായി രാഷ്ട്രീയമാകാൻ നിർബന്ധിതമായി. കലയും രാഷ്ട്രീയവും തമ്മിലുള്ള വിടവ് നികത്തുന്നതിൽ സുന്ദരം പ്രധാന പങ്ക് വഹിച്ചു. കലാകാരൻ സാമൂഹികമായി ഇടപഴകുന്ന ഒരു വ്യക്തിയായി മാറി. കല മാറിയ യാഥാർഥ്യത്തിന്റെ പ്രതിഫലനവുമായി.
സുന്ദരത്തിന്റെ അടിയന്തരാവസ്ഥാ ഡ്രോയിംഗുകൾ 1970കളിലെ അദ്ദേഹത്തിന്റെ കലയെ പ്രതിനിധീകരിക്കുന്നു. 1990 കളിൽ, മുംബൈയിലെ വർഗീയ കലാപങ്ങൾക്ക് മറുപടിയായി അദ്ദേഹം സ്മാരകം സ്ഥാപിച്ചു. സാമൂഹിക പ്രശ്നങ്ങൾ രൂപപ്പെടുത്തുന്നതിനിടയിൽ അദ്ദേഹം തന്റെ കൃതികളിൽ ഒരു പുതിയ സമകാലിക ഭാഷ അവതരിപ്പിച്ചു. രാഷ്ട്രീയ കാരണങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ, സമൂലമായ കലാപ്രസ്ഥാനങ്ങൾക്കുള്ള പിന്തുണ, തലമുറകളിലുടനീളമുള്ള കലാകാരന്മാരുമായുള്ള ഇടപഴകൽ എന്നിവ അദ്ദേഹത്തിന്റെ കലാ പരിശീലനം രൂപപ്പെടുത്തുന്നതിനും മൂർച്ച കൂട്ടുന്നതിനും സഹായിച്ചു. ജേണൽ ഓഫ് ആർട്‌സ് ആന്റ് ഐഡിയാസ്, സഹ്മത് എന്നിവയുമായുള്ള ബന്ധവും കൊച്ചി മുസിരിസ് ബിനാലെക്കുള്ള പിന്തുണയും സാമൂഹിക ധ്രുവീകരണ കാലത്ത് ഒരു മതേതര പൊതുഇടവും പരസ്പര സംഭാഷണവും രൂപപ്പെടുത്താൻ സഹായിച്ചു. ചെറുപ്പക്കാരായ കലാകാരന്മാർക്കായി സുന്ദരം ഉദാരമനസ്‌കനായിരുന്നു. 


ഗാലറിയും തെരുവും, സിദ്ധാന്തവും പ്രയോഗവും, ചിന്തയും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ തേടിയ കലാകാരനായിരുന്നു അദ്ദേഹം. ചിത്രങ്ങൾ, ശിൽപങ്ങൾ, പ്രിന്റുകൾ, ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വിഡിയോ ആർട് എന്നിങ്ങനെ വിവിധ മുഖങ്ങളുണ്ട് വിവാന്റെ കലാലോകത്തിന്. സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെന്റർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണു വിവാൻ.
മുൻ നിയമ കമീഷൻ ചെയർമാൻ കല്യാൺ സുന്ദരത്തിന്റെയും ഇന്ദിരയുടെയും മകനായി 1943ൽ ഷിംലയിലാണ് വിവാൻ ജനിച്ചത്. ലണ്ടനിലെ ഡൂൺ സ്‌കൂളിലെ പഠനത്തിനു ശേഷം 1968ൽ ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയിൽ നിന്നു പെയിന്റിങ്ങിൽ ബിരുദം നേടിയ വിവാൻ, ലണ്ടനിലെ സ്ലേഡ് സ്‌കൂൾ ഓഫ് ആർട്‌സിൽനിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. 1971ൽ ഇന്ത്യയിൽ മടങ്ങിയെത്തി. ശിൽപവും ഫോട്ടോഗ്രാഫും ഉൾപ്പെടുന്ന ഇൻസ്റ്റലേഷനുകളിലൂടെയാണു വിവാൻ ശ്രദ്ധ നേടുന്നത്. രാജ്യത്തെ മുൻനിര ചിത്രകാരന്മാരിൽ ഒരാളായി അതിവേഗം വളർന്നു. ഫോട്ടോഗ്രാഫറായിരുന്ന ഉംറാവു ഷേർഗിലാണ് മുത്തച്ഛൻ. അമ്മയുടെ സഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷെർഗിലിന്റെ സൃഷ്ടികളും വിവാന്റെ കലാലോകത്തെ സ്വാധീനിച്ചു.  ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ ഘട്ടത്തിൽ വിദ്യാർഥി പ്രതിഷേധങ്ങളുടെയും കലാകാരന്മാരുടെ പ്രതിരോധക്കൂട്ടായ്മകളുടെയും സംഘാടകനായി.
1966 ൽ ലണ്ടനിൽ ആദ്യ പ്രദർശനം നടത്തി. 'ഹൈറ്റ്‌സ് ഓഫ് മാച്ചു പീച്ചു, ദ ഡിസ്‌ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി ആൻഡ് ദ ഇന്ത്യൻ എമർജൻസി എന്നീ പരമ്പരകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയാഭിമുഖ്യം കൊണ്ട് പ്രശസ്തമാണ്.
മുംബൈ വർഗീയകലാപവുമായി ബന്ധപ്പെട്ട മെമ്മോറിയൽ, കൊൽക്കത്ത വിക്ടോറിയ മെമ്മോറിയലുമായി ബന്ധപ്പെട്ട ഹിസ്റ്ററി പ്രൊജക്റ്റ്, ഉംറാവു സിംഗ് ഷെർഗിലിന്റെ ഫോട്ടോഗ്രാഫുകൾ അടിസ്ഥാനമാക്കിയുള്ള 'അമൃത', 'ദ് ഷേർഗിൽ ആർക്കൈവ്' തുടങ്ങിയ സൃഷ്ടികൾ ഏറെ ശ്രദ്ധ നേടി.
അമൃത ഷേർഗിൽ: എ സെൽഫ് പോട്രയറ്റ് ഇൻ ലെറ്റേഴ്സ് ആൻഡ് റൈറ്റിങ്സ് എന്ന പുസ്തകം 2010ൽ പുറത്തിറക്കി. സഹോദരി നവീന സുന്ദരവുമായി ചേർന്ന് ഷേർഗിൽ സുന്ദരം ആർട്‌സ് ഫൗണ്ടേഷന് 2016ൽ തുടക്കം കുറിച്ചു.
2023 ഫെബ്രുവരിയിൽ ആരംഭിച്ച ഷാർജ ബിനാലെയുടെ 30ാം എഡിഷനിലേക്കു പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട 30 കലാകാരൻമാരിലൊരാളാണ്. ഷാർജ ബിനാലെയിലേക്ക് കമ്മിഷൻ ചെയ്ത ലോകത്തെ 30 കലാകാരന്മാരിൽ ഒരാളാണ്. ആദ്യ കൊച്ചി മുസിരിസ് ബിനാലെയിൽ 'ബ്ലാക്ക് ഗോൾഡ്' ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചു. മുസിരിസിൽനിന്നു ഖനനം ചെയ്‌തെടുത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഇൻസ്റ്റലേഷന് ഉപയോഗിച്ചത്. ആ ചെറു കഷ്ണങ്ങൾ പലവിധത്തിൽ കൂട്ടിച്ചേർത്തും നിരത്തിവെച്ചും കെട്ടിയുയർത്തിയും ഒരു നഗരരൂപത്തിന്റെ പുനഃസൃഷ്ടിയാണ് വിവാൻ സുന്ദരം നടത്തിയത്. മുസിരിസിന്റെ ശക്തമായ വാണിജ്യബന്ധങ്ങൾ സൂചിപ്പിക്കാൻ കുരുമുളകും ഉപയോഗിച്ചിരുന്നു. ഈ സൃഷ്ടിയുടെ വിവിധ ഘട്ടങ്ങളത്രയും ചിത്രീകരിച്ച് ഒരു വീഡിയോ ഇൻസ്റ്റലേഷനും ബിനാലെയിൽ തയാറാക്കി.
2023 ലെ ബിനാലെയിൽ 'മെക്സിക്കൻ യാത്ര', 'മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങൾ' എന്നീ ഡ്രോയിംഗ് പരമ്പരകളിലുൾപ്പെട്ട ആവിഷ്‌കാരങ്ങൾ ഫോർട്ട്‌കൊച്ചി ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ചിരുന്നു. മെക്‌സിക്കൻ നഗരമായ കാൻകുണിൽനിന്നു തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലേക്കു വിവാൻ സുന്ദരം നടത്തിയ സഞ്ചാരമാണു 'മെക്സിക്കൻ യാത്ര'യുടെ സൃഷ്ടിക്ക് ആധാരം. മായൻ ക്ഷേത്രങ്ങളിലെ വാസ്തു രൂപങ്ങൾ, ചുവർ ശിൽപങ്ങൾ, ഇന്ദ്രിയാനുഭൂതി തരുന്ന ശിൽപ പ്രതലങ്ങൾ, മൊസേക്കുകൾ എന്നിവയിലൂടെ കടന്നുപോയ കലാകാരൻ മെക്സിക്കോയുടെ ഭൂതകാലത്തിനൊപ്പം അതിന്റെ അവശേഷിപ്പുകളും പ്രകൃതിയുടെ കാഴ്ചകളായി അവതരിപ്പിച്ചിരിക്കുന്നു.
25 വരകളുടെ പരമ്പരയിൽനിന്നുള്ള സൃഷ്ടികളാണു 'മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങൾ' അവതരിപ്പിക്കുന്നത്. വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ 1944 ലെ കവിതയുടെ പ്രചോദനത്തിലാണു തന്റെ സൃഷ്ടികൾക്കു വിവാൻ അതേ പേരു നൽകിയത്.
കാലത്തോട് സംവദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കലാകാരന്മാരുടെ എണ്ണം കുറഞ്ഞുവരുന്ന കാലത്ത്, വിവാനെപ്പോലെ, കലയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞവരുടെ പ്രസക്തി വളരെ വലുതാണ്. അതിനാൽ തന്നെ ആസുര രാഷ്ട്രീയത്തിന്റെ കാലത്ത്, വിവാന്റെ അസാന്നിധ്യം കലയുടെ പ്രകാശഗോപുരത്തിൽ ഇരുട്ട് പടർത്തുന്നു. നാടിനെയാകെ ചൂഴുന്ന ഇരുട്ടിൽ ചെറിയ വെട്ടങ്ങൾ നിറയ്ക്കാൻ നമുക്ക് പുതിയ വിവാൻമാരെ ആവശ്യമുണ്ട്. 

Latest News